ഉഹ്ദ് യുദ്ധത്തിൽ നിന്നും പാഠം പഠിക്കാൻ തയ്യാറാകാത്ത ഖുറൈശികൾ മൂന്നാമതും മദീനയെ അക്രമിച്ച് ഇസ്ലാമിനെ നശിപ്പിക്കാൻ കോപ്പു കൂട്ടി. സഖ്യ കക്ഷികളായ ഗോത്രവർഗ്ഗക്കാരുടെയും ജൂതന്മാരുടെയും പിൻബലത്തോടെ മക്കാ ഖുറൈശികൾ പതിനായിരം ഭടന്മാരടങ്ങിയ സൈന്യത്തെ സജ്ജരാക്കി മദീന ആക്രമിക്കാൻ പുറപ്പെട്ടു. 


 വിവരമറിഞ്ഞു മുസ്ലിംകൾ പ്രതിരോധ നടപടികൾ തുടങ്ങി. പേർഷ്യക്കാരനായ സൽമാനുൽ ഫാരിസ്‌(റ)വിന്റെ നേതൃത്വത്തിൽ തിരുനബി ﷺ മറ്റൊരു യുദ്ധമുറ സ്വീകരിച്ചു. വമ്പിച്ചൊരു കിടങ്ങ് കീറിക്കൊണ്ടായിരുന്നു മുസ്ലിം സൈന്യം പ്രതിരോധം സൃഷ്ടിച്ചത്. പതിനായിരത്തോളം വരുന്ന സൈന്യത്തെ നേരിടാൻ ഇതല്ലാതെ മറ്റു മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.


 മദീനയുടെ മൂന്നു ഭാഗവും പ്രകൃത്യാ തന്നെ പ്രതിരോധത്തിന് പറ്റിയ സ്ഥലങ്ങളായിരുന്നു. നാലാമത്തെ ഭാഗത്തുകൂടിയേ ശത്രുക്കൾക്ക് കടന്നുവരാൻ പറ്റുകയുള്ളൂ. അവിടെയാണ് കിടങ്ങു കുഴിക്കാൻ അവർ തിരഞ്ഞെടുത്തത്. മദീനയിലെ മുതിർന്ന എല്ലാ പുരുഷന്മാരും കിടങ്ങ് കീറാൻ അണിനിരന്നു. ഓരോ നേതാവിന്റെയും കീഴിൽ ബാച്ചുകളായി തിരിച്ചു ഓരോ വിഭാഗവും പത്തു വാര നീളത്തിൽ കിടങ്ങു കീറാൻ തുടങ്ങി. 


 ഒരു ബാച്ചിന്റെ നേതാവ് അലി (റ) വായിരുന്നു. തിരുനബി ﷺ യും അലി(റ)വും മറ്റെല്ലാ സ്വഹാബാക്കളും രാവും പകലും കഠിനാദ്ധ്വാനം ചെയ്തു. ഇരുപതു ദിനരാത്രങ്ങൾ കൊണ്ട് കിടങ്ങിന്റെ പണി പൂർത്തിയാക്കി. 


 സാഹസികമായ ഈ സംരംഭത്തിന് ആക്കം കൂട്ടാൻ അലി (റ) രചിച്ച ആവേശകരമായ കാവ്യം ആലപിച്ചുകൊണ്ടാണ് സ്വഹാബികൾ പണിയെടുത്തത്. അഞ്ച് വാര ആഴവും അഞ്ചുവാര വീതിയുമുണ്ടായിരുന്നു ഈ കിടങ്ങുകൾക്ക്. ഓരോ കിടങ്ങിന്റെയും മേൽഭാഗത്ത് വില്ലാളി വീരന്മാരായ യോദ്ധാക്കൾ ശത്രുക്കളെ തുരത്താൻ അമ്പുംവില്ലുമായി കാവൽ നിന്നിരുന്നു.


 ഹിജ്റ 5ന് ശവ്വാൽ മാസത്തിലാണ് ഖൻദഖ് യുദ്ധം അരങ്ങേറിയത്. അഹ്സാബ് യുദ്ധം എന്നും ഈ പോരാട്ടത്തിന് പേരുണ്ട്. മുസ്ലിംകൾ മുമ്പൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത

പ്രതിസന്ധി സൃഷ്ടിച്ച യുദ്ധമെന്ന നിലയിൽ അഹ്സാബ് വിധി നിർണ്ണായകമായിരുന്നു. 


 വിശുദ്ധ ഖുർആനിൽ അൽ അഹ്സാബ് (ഖൻദഖ് യുദ്ധം) എന്ന അദ്ധ്യായത്തിൽ ഈ യുദ്ധത്തിന്റെ കാഠിന്യത്തിന്റെയും സങ്കീർണ്ണതയുടെയും ശരിയായൊരു ചിത്രം കാണാം. “ശത്രുക്കൾ മീതെ നിന്നും താഴെ നിന്നും നിങ്ങളുടെ നേരെ വന്നപ്പോൾ, ഭീതിയാൽ നിങ്ങളുടെ കണ്ണുകൾ തള്ളുകയും ഹൃദയം തൊണ്ടയോളം കയറുകയും നിങ്ങൾ അല്ലാഹുﷻവിനെക്കുറിച്ച് പലവിധം ഊഹിച്ചു തുടങ്ങുകയും ചെയ്തപ്പോൾ വിശ്വാസികൾ ആ സന്ദർഭത്തിൽ നന്നായി പരീക്ഷിക്കപ്പെടുകയും ശക്തിയായി വിറപ്പിക്കപ്പെടുകയും ചെയ്തു.”

  (വി.ഖു. അൽഅഹ്സാബ് 10-11)


 യുദ്ധശേഷിയിലുള്ള അലി(റ)വിന്റെ ദൈവദത്തമായ ധീരത ശരിക്കും പ്രകടമായത് അഹ്സാബ് യുദ്ധത്തിലാണ്. മദീനയുടെ വടക്കുപടിഞ്ഞാറൻ യാത്രാവഴിയിൽ മുസ്ലിം സൈന്യം തീർത്ത കിടങ്ങ് കണ്ടപ്പോൾ ശത്രുസൈന്യം അമ്പരന്നുപോയി. മദീനയിലേക്ക് കടക്കാനുള്ള തുറസ്സായ വഴിയിലാണല്ലോ ഈ കിടങ്ങ്. അറബികൾക്ക് തീരെ പരിചിതമല്ലാത്ത ഈ യുദ്ധത്രന്തം പതിനായിരക്കണക്കിലുള്ള ശ്രതുഭടന്മാരെ ഇതികർത്തവ്യതാമൂഢരാക്കി. 


 ചെണ്ടമുട്ടിയും പോർവിളി മുഴക്കിയും മുന്നോട്ടുഗമിച്ച ഖുറൈശി-അറബ് ഗോത്ര സൈന്യം കിടങ്ങിന് തെല്ലകലെ തമ്പടിച്ചു. പല വിധത്തിലും മദീനയിലേക്കു കടക്കാൻ ശ്രമിച്ച ശത്രുസൈന്യത്തെ മുസ്ലിം വില്ലാളിവീരന്മാർ അമ്പെയ്തു തടഞ്ഞുനിർത്തി.


 എന്നാൽ ശത്രുസൈന്യം മദീനയിലെ ബനൂഖുറൈളാ ഗോതത്തിൽപ്പെട്ട ജൂതന്മാരെ സമീപിച്ചു. അവർക്ക് വമ്പിച്ച കൈക്കൂലി വാഗ്ദാനം ചെയ്ത് കിടങ്ങ് താണ്ടിക്കടക്കാൻ പോംവഴികളാരാഞ്ഞു. 


 മുസ്ലിം പ്രതിരോധശക്തി കുറവായ ഭാഗം നോക്കി ജൂതന്മാർ ചത്ത മൃഗങ്ങളെ കൊണ്ടിട്ട് കിടങ്ങിന്റെ ഒരു ഭാഗം നികത്തി. അതിലൂടെ ഒരു വിഭാഗം മുശ്രിക്കുകൾ അംറുബ്നു അബ്ദൂദിന്റെ നേതൃത്വത്തിൽ കിടങ്ങ് താണ്ടിക്കടക്കുന്നതിൽ വിജയിച്ചു.


 ആയിരം കുതിരപ്പടയാളികൾക്ക് തുല്യനായി കണക്കാക്കപ്പെടുന്ന അംറുബ്നു അബ്ദൂദ് എന്ന മല്ലൻ വാൾ ചുഴറ്റിക്കൊണ്ട് മുസ്ലിം സൈന്യനിരയിലേക്ക് പാഞ്ഞെടുത്തു. അയാൾ ഗർവ്വോടെ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു. തന്നോടു പോരാടാൻ ആർക്കാണ് ധൈര്യമുള്ളതെന്ന് ആ മല്ലയുദ്ധ വീരൻ വെല്ലുവിളി മുഴക്കിയപ്പോൾ അലി(റ)വാണ് ആദ്യമായി ചാടിയെണീറ്റത്. തത്സമയം നബി തിരുമേനി ﷺ അലി(റ)വിനെ തടഞ്ഞു. 


 അംറ്ബ്നു അബ്ദൂദ് രണ്ടാമത് വെല്ലുവിളി ഉയർത്തിയപ്പോഴും അലി(റ) ചാടിയെണീറ്റു. അപ്പോഴും തിരുമേനി ﷺ അലി(റ)വിനെ തടഞ്ഞു. മൂന്നാം തവണയും വെല്ലുവിളിച്ചപ്പോഴും അലി(റ) സ്വസ്ഥാനത്ത് നിന്നു ചാടിയെണീറ്റു. ഈറ്റപ്പുലിയെപ്പോലെ മുന്നോട്ടു കുതിച്ചു. ഇത്തവണ റസൂൽ ﷺ അലി(റ)വിന്

പോരാട്ടത്തിന് അനുവാദം നൽകി.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

കുട്ടിക്കാലം ...(3) കുട്ടിക്കാലം ...(4) പലായന നാളുകൾ വിവാഹം ...(2) ഹജ്ജ് ഖിലാഫത്ത് ജനനം നാമകരണം വിവാഹം ...(1) ഹുദയ്ബിയാ സന്ധി ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര ലുഖ്മാനുൽ ഹഖീം (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര യുദ്ധം വേണ്ട അലി (റ) വിന്റെ കുടുംബം സ്പെയിൻ യുദ്ധം ചികിത്സ (1) ഉമർ (റ) വരുന്നേ ...(1) ഉമർ (റ) വരുന്നേ ...(2) ഉമർ (റ)വിന്റെ നാവിലൂടെ (1) മുൾക്കിരീട മണിഞ്ഞതെന്തിന് ..? (1)