ഖുറൈശികൾ പരാജയത്തിന്റെ കയ്പ്പുനീർ കുടിക്കുമ്പോൾ അവരുടെ പക്ഷത്തുള്ള നർത്തകിമാരും ഗായകരും യുദ്ധ വീര്യമുണർത്തുന്ന ഗാനങ്ങൾ ആലപിച്ചുകൊണ്ട് അലി(റ)വിനെ വധിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഹസ്റത് ഹംസ(റ)വിനേയും അലി(റ)വിനേയും പരാജയപ്പെടുത്താൻ പ്രത്യേകം പദ്ധതികൾ ഖുറൈശീ നേതാക്കൾ ആവിഷ്കരിച്ചിരുന്നു.


 തക്കം കിട്ടിയപ്പോൾ അവർ ഹംസ(റ)വിനെ വഞ്ചനയിലൂടെ തറപറ്റിച്ചു. വഹ്ശി അദ്ദേഹത്തെ പിന്നിൽ നിന്നു കുന്തമെറിഞ്ഞു കൊലപ്പെടുത്തുകയാണ് ചെയ്തത്. അലി (റ)വിനെ വീഴ്ത്താൻ അവർ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. പരാജയമായിരുന്നു ഫലം.


 അലി(റ)വിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യത്തിന്റെ കടന്നാക്രമണത്തിൽ ശത്രുക്കൾ ചിതറിയോടി. ശത്രുക്കൾ പരാജയപ്പെട്ടു പിന്തിരിഞ്ഞോടുന്നതു കണ്ടപ്പോൾ മലമുകളിൽ നിലയുറപ്പിച്ചിരുന്ന വില്ലാളി വീരന്മാർ തങ്ങൾക്കുകിട്ടിയ നിർദ്ദേശം വിസ്മരിച്ച് ശത്രുക്കളുടെ മേൽ ചാടിവീഴുകയും യുദ്ധമുതൽ വാരിക്കൂട്ടാൻ ഉദ്യമിക്കുകയും ചെയ്തു. 


 അബ്ദുല്ലാഹിബ്നു ജുബൈർ (റ) പ്രവാചക നിർദ്ദേശം വില്ലാളികളെ ഓർമ്മപ്പെടുത്തിയിരുന്നുവെങ്കിലും അതൊന്നും ചെവിക്കൊള്ളുന്ന മാനസികാവസ്ഥയിലായിരുന്നില്ല അവർ. പോർക്കളത്തിൽ മുസ്ലിം ഭടന്മാർ മാത്രമേയുള്ളൂ. യുദ്ധം

കഴിഞ്ഞു. ഇനിയെന്തിന് അവിടെ നിൽക്കണം എന്നു കരുതി അവർ താഴേക്കിറങ്ങി. അബ്ദുല്ലാഹിബ്നു ജുബൈർ(റ)വും ഒമ്പതു പേരും മാത്രം മലമുകളിൽ തങ്ങി. ബാക്കിയുള്ളവർ യുദ്ധമുതലുകൾ ശേഖരിക്കാൻ തുടങ്ങി.


 ചിതറി ഓടിപ്പോയ ഖുറൈശി ഭടന്മാരിൽ ചിലർ മലയിലെ കാവൽ സൈന്യം ഇറങ്ങിപ്പോയത് കണ്ടു. ഖാലിദ്ബ്നു വലീദിന്റെ നേതൃത്വത്തിൽ ആ കുതിരപ്പടയാളികൾ ഒത്തുചേർന്നു. അവർ പിന്നിലൂടെ മലമുകളിലേക്ക് ഇരച്ചുകയറി. അവിടെ നിലയുറപ്പിച്ചിരുന്നവരെ തുരത്തി. 


 അതോടെ യുദ്ധം മുസ്ലിംകൾക്ക് പ്രതികൂലമായി. മലയിടുക്ക് കാലിയാണെന്നു കണ്ടപ്പോൾ മുസ്ലിം സൈന്യത്തെ അവർ പുറകിലൂടെ ആക്രമിച്ചു മുന്നേറി. അവരുടെ ഏറുകൊണ്ട് തിരുനബിﷺയുടെ മുൻപല്ല്പൊട്ടി. തലയിൽ മുറിവേറ്റു. 


 തിരുനബിﷺയോട് ശാരീരിക

സാദൃശ്യമുള്ള സ്വഹാബി മിസ്അബ് ബ്നു ഉമൈർ(റ)വിനെ ശത്രുക്കൾ വധിച്ചു. ഇത് ചൂണ്ടിക്കാട്ടി “മുഹമ്മദ് കൊല്ലപ്പെട്ടു” എന്ന് ശത്രുക്കൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.


 ഇതുകേട്ട് മുസ്ലിം സൈന്യത്തിന്റെ കാലിടറുകയും കയ്യിൽ വന്ന വിജയം പരാജയത്തിൽ കലാശിക്കുകയും ചെയ്തു. അലി(റ) പോലും വാർത്ത കേട്ട് പരിഭ്രമിച്ചുപോയി. അദ്ദേഹം ആ സംഭവം വിവരിക്കുന്നത് ഇപ്രകാരമാണ്: “ഉഹ്ദ് യുദ്ധ ദിവസം രക്തസാക്ഷികളായ യോദ്ധാക്കളുടെ കൂട്ടത്തിൽ ഞാൻ തിരുനബിﷺയെ തെരഞ്ഞു. അവിടുത്തെ (ﷺ) എവിടെയും എനിക്ക് കാണാൻ കഴിഞ്ഞില്ല...


 പരിഭ്രാന്തനായി ഞാൻ പറഞ്ഞു: "സർവ്വശക്തനായ അല്ലാഹുﷻവാണ് സത്യം തിരുമേനി ﷺ തിരിഞ്ഞോടുകയില്ല. നമ്മുടെ കൂടെയുള്ള ചിലർ കാണിച്ച കൃത്യവിലോപം നിമിത്തം അല്ലാഹു ﷻ അവിടുത്തെ (ﷺ) ആകാശത്തേക്കുയർത്തിക്കാണും. ഇനി പോരാട്ടം തുടരുക തന്നെ. ശഹീദാവുകയല്ലാതെ എനിക്കു മറ്റൊരു മാർഗ്ഗവുമില്ല. ഞാൻ ഉറയിൽ നിന്ന് വാളൂരി. ഒന്നും ആലോചിക്കാതെ ഞാൻ വാൾ ചുഴറ്റിക്കൊണ്ട് ശത്രുക്കൾക്കിടയി ലേക്ക് ഇരച്ചുകയറി. അവരെ വെട്ടിവീഴ്ത്തിക്കൊണ്ട് ഞാൻ മുന്നോട്ടു കുതിച്ചു. അപ്പോഴതാ അവർക്കിടയിൽ റസൂൽ (ﷺ). ഞാൻ തിരുനബിﷺയെ കൺകുളിർക്കെ കണ്ടു. അവിടത്തെ (ﷺ) വളഞ്ഞുനിൽക്കുന്ന ശത്രുക്കളുമായി ശക്തമായി പോരാടി. നബിﷺയെ രക്ഷിച്ചു. കൂടെ ത്വൽഹത്തുബ്നു ഉബൈദ(റ)വുമുണ്ടായിരുന്നു.” 


 ശഹീദുകൾക്കിടയിൽ കുഴിയിൽ വീണുകിടക്കുന്ന തിരുനബിﷺയെ അലി(റ)വും ഉബൈദ(റ)വും അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെ സഹായത്തോടെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചു.


 തിരുനബിﷺയുടെ പ്രിയപുത്രി ഫാത്വിമ(റ) അവിടുത്തെ (ﷺ) മുറിവു കഴുകിയതും അലി(റ) വെള്ളം ഒഴിച്ചുകൊടുത്തതും താൻ നന്നായി ഓർക്കുന്നതായി വിവരിക്കുന്ന സഹലു ബ്നു സഅ്ദി (റ) വിന്റെ വാക്കുകൾ ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. 


 അലി(റ) വെള്ളമൊഴിച്ചപ്പോൾ രക്തം നിൽക്കുന്നതിനു പകരം കൂടുതൽ രക്തമൊഴുകുന്നതു കണ്ടു. അപ്പോൾ ബീവി ഫാത്വിമ(റ) ഈത്തപ്പനപ്പായയുടെ ഇതൾ കീറി മിനുസമാക്കി മുറിഞ്ഞ ഭാഗത്ത് പറ്റിച്ചുവെച്ചപ്പോൾ രക്തമൊഴുക്ക് നിന്നു”

  (അൽ ജാമിഉസ്സ്വഹീഹുൽ ബുഖാരി, കിതാബുൽ മഗാസി, ബാബു ഗസ് വതു ഉഹ്ദ്).


 അലി(റ)വിന്റെ കടന്നാക്രമണം മുറിവേറ്റ സിംഹത്തിന്റേതു പോലെയായിരുന്നു. ശക്തമായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ വലംകൈയിലുള്ള വാൾ ഒരു ഘട്ടത്തിൽ മുറിഞ്ഞു വീണു. അലി(റ)വിന്റെ മുന്നേറ്റത്തിൽ പരിഭ്രമിച്ച മക്കാ മുശ്രിക്കുകൾ മുമ്പു നേടിയ വിജയം മറന്നുകൊണ്ട് പിൻവാങ്ങിക്കൊണ്ടിരുന്നു. ഇനി മുസ്ലിംകളെ പരാജയപ്പെടുത്തുക സാധ്യമല്ലെന്ന് അവർ മനസ്സിലാക്കി. 


 അബൂസുഫ്യാൻ സൈന്യത്തോട് മക്കത്തേക്കു മടങ്ങാൻ ആഹ്വാനം ചെയ്തു. എങ്കിലും അബുസുഫ്യാൻ തോറ്റു പിൻവാങ്ങുമ്പോൾ ബദറിലെ പരാജയത്തിന് ഉഹ്ദിൽ പകരം വീട്ടിയതായും അടുത്തുതന്നെ മുസ്ലിംകളെ മുച്ചൂടും നശിപ്പിക്കുന്നതാണെന്നും വീമ്പിളക്കുന്നുണ്ടായിരുന്നു. അങ്ങനെ ഖുറൈശികളെ തുരത്തിയ ശേഷം ഹസ്റത് അലി (റ) മടങ്ങി കേമ്പിലെത്തിയപ്പോൾ പല

മുറിവുകളിൽ നിന്നും രക്തം കുടുകുടാ ഒഴുകുന്നുണ്ടായിരുന്നു. 


 മുസ്ലിം നഴ്സുമാരായ ഉമ്മു സലീം(റ)യും ഉമ്മു അതിയ്യ(റ)യും അലി(റ)വിന്റെ മുറിവുകൾ എങ്ങനെ വെച്ചുകെട്ടണമെന്നറിയാതെ വിഷമിച്ചു. തിരുനബി ﷺ തന്നെ അലി(റ)വിന്റെ മുറിവുകൾ കഴുകുകയും വെച്ചുകെട്ടുകയും ചെയ്തു. 


 “ഈ മുറിവുകളൊക്കെ ഏറ്റിട്ടും പോർക്കളത്തിൽ നിന്നു പിന്തിരിയാതെ പിടിച്ചുനിർത്തിയ സർവ്വശക്തൻ തന്നെ എന്റെ മുറിവുകൾ സുഖപ്പെടുത്തട്ടെ” എന്നായിരുന്നു അലി(റ)വിന്റെ വാക്കുകൾ...


 ഉഹ്ദിലെ പോരാട്ടത്തിന്റെ ധീരോദാത്തത മനസ്സിലാക്കി തിരുനബി ﷺ അലി(റ)വിനു നൽകിയ പേരാണ് അസദുല്ലാഹ് (അല്ലാഹുﷻവിന്റെ സിംഹം) എന്നത്. ബദർ യുദ്ധത്തിൽ അലി(റ)വിന്റെ പോരാട്ടം കണ്ട് ആവേശഭരിതനായ തിരുനബി ﷺ നൽകിയ വിശേഷണമാണ് ഹയ്ദരീ കർറാർ (ആർക്കും പരാജയപ്പെടുത്താനാവാത്ത പോരാളി) എന്നത്.


 ഉഹ്ദ് യുദ്ധം ബദറ് യുദ്ധത്തെപ്പോലെ തന്നെ ഇസ്ലാമിക ചരിത്രത്തിൽ അവിസ്മരണീയമായ ഒരദ്ധ്യായമാണ് എഴുതിച്ചേർത്തത്. ആദ്യം മുസ്ലിം സൈന്യം നേടിയ വിജയം അച്ചടക്കമില്ലാത്തതു കൊണ്ട് പരാജയപ്പെടുകയായിരുന്നു. 


 അലി(റ)വിന്റെ നേതൃത്വത്തിലുള്ള ധീരോദാത്തമായ ചെറുത്തു നിൽപ്പും മുന്നേറ്റവുമാണ് മുസ്ലിംകളെ രക്ഷപ്പെടുത്തിയത്. ഈ യുദ്ധത്തിൽ ഖുറൈശികൾക്ക് ഒന്നും നേടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒരു മുസ്ലിം ഭടനെപ്പോലും തടവുകാരനായി പിടിക്കാനോ യുദ്ധമുതൽ വാരിക്കൂട്ടാനോ സാധിച്ചില്ല.


 ഹംസ(റ)വും മുസ്അബ് ബ്നു ഉമൈർ(റ)വും അടക്കം നിരവധി മുസ്ലിം ഭടന്മാർ രക്തസാക്ഷികളായെങ്കിലും ധാരാളം ശത്രുഭടന്മാരെ വധിക്കാൻ മുസ്ലിം സൈന്യത്തിന് കഴിഞ്ഞു. മുസ്ലിം സൈന്യത്തിന് നേരിട്ട ജീവഹാനിയുടെ ഇരട്ടിയായിരുന്നു മക്കാ ഖുറൈശികൾക്കുണ്ടായ നാശനഷ്ടങ്ങൾ.


 ഉഹ്ദ് യുദ്ധത്തിൽ അലി(റ) വധിച്ച എതിരാളികളുടെ എണ്ണം ഇരുനൂറോളം വരുമെന്നാണ് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയത്. മറ്റു ചിലർ ഇരുപത്തഞ്ചോളം എന്നാണ് അഭിപ്രായപ്പെട്ടത്. ഏതായാലും പരാജയത്തിലേക്ക് കൂപ്പുകുത്തിയ യുദ്ധം വിജയത്തിലെത്തിച്ചത് ഹസ്റത് അലി(റ)വിന്റെ ധീരോദാത്ത പോരാട്ടമാണ്.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

കുട്ടിക്കാലം ...(3) കുട്ടിക്കാലം ...(4) പലായന നാളുകൾ വിവാഹം ...(2) ഹജ്ജ് ഖിലാഫത്ത് ജനനം നാമകരണം വിവാഹം ...(1) ഹുദയ്ബിയാ സന്ധി ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര ലുഖ്മാനുൽ ഹഖീം (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര യുദ്ധം വേണ്ട അലി (റ) വിന്റെ കുടുംബം സ്പെയിൻ യുദ്ധം ലുഖ്മാൻ വളർന്നു (2) യാചകൻ (2) ചികിത്സ (2) നോർദി കൊട്ടാരത്തിൽ (2) ഉമർ (റ) വരുന്നേ ...(1)