Wednesday - 22 April, 2026 4-Dhu al-Qadah-1447

ഉഹ്ദ് യുദ്ധം ...(1)

   ഹിജ്റയുടെ മൂന്നാം വർഷം ശവ്വാൽ മാസത്തിലാണ് ഉഹ്ദ് യുദ്ധം നടന്നത്. ബദറിലെ പരാജയം മക്കാ മുശ്രിക്കുകളെ പ്രതികാരദാഹികളാക്കി. ദുർബ്ബല സൈന്യത്തിനു മുമ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ മക്കാ മുശ്രിക്കുകൾ മറ്റൊരു യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബദറിൽ വധിക്കപ്പെട്ടവരുടെ ബന്ധുക്കൾ വിശിഷ്യ ഖുറൈശി പ്രമുഖർ പ്രതികാര പ്രതിജ്ഞയെടുത്തു. 


 “യുദ്ധം ചെയ്ത മുഹമ്മദിനെയും (ﷺ) മുസ്ലിം സൈന്യത്തെയും തറപറ്റിക്കുന്നതുവരെ

ഞാൻ ഭാര്യയുമായി ബന്ധപ്പെടുകയില്ല.” ഖുറൈശി നേതാവായ അബൂസുഫ്യാന്റെ പ്രതിജ്ഞ അങ്ങനെയായിരുന്നു. മദീനയിൽ നിന്ന് ഏതാനും മൈലുകൾ അകലെയുള്ള ഉഹ്ദ് മലയുടെ താഴ് വരയിൽ മുസ്ലിം സൈന്യം തമ്പടിച്ചു.


 മരുഭൂമിയിൽ ഉയർന്നുനിൽക്കുന്ന മലമ്പ്രദേശമാണ് ഉഹ്ദ്. പാറക്കൂട്ടങ്ങൾ തിങ്ങിനിറഞ്ഞതും സസ്യലതാദികളോ മരങ്ങളോ ഇല്ലാത്ത മരുപ്രദേശം. ഉഹ്ദിന്റെ താഴ് വരയിൽ മുസ്ലിം സൈന്യം തമ്പടിച്ചു. മദീനക്കടുത്ത ദുൽഖലയ്ഫയിലാണ് ശത്രുസൈന്യം തമ്പടിച്ചിട്ടുള്ളത്. 


 അവർ മദീനയിൽ വന്ന് നേരിട്ട് ആക്രമണം നടത്തട്ടെ. പ്രതിരോധ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് ശത്രുക്കൾക്കെതിരെ ആഞ്ഞടിക്കാം എന്നായിരുന്നു തിരുമേനി ﷺ ആദ്യം നിർദ്ദേശിച്ച യുദ്ധതന്ത്രം. എന്നാൽ യുവാക്കളായ സ്വഹാബാക്കൾ അതുപോരാ എന്ന അഭിപ്രായക്കാരായിരുന്നു. ശത്രുക്കൾക്കെതിരെ മദീനക്കു പുറത്തുവെച്ചുതന്നെ നേരിടണം. മുശ്രിക്കുകൾക്ക് മദീനയുടെ അതിർത്തി കടന്നുവന്ന് അക്രമിക്കാൻ അവസരം കൊടുക്കരുത് എന്നായിരുന്നു വാശി. 


 തിരുമേനി ﷺ അവരുടെ നിർദ്ദേശം സ്വീകരിച്ച് ഉഹ്ദിലേക്ക് മാർച്ച് ചെയ്യാൻ തന്നെ തീരുമാനിച്ചു.

അങ്ങനെ ഹിജ്റയുടെ മൂന്നാം വർഷം ശവ്വാൽ മാസത്തിൽ ഇരു സൈന്യവും ഉഹ്ദിൽ വച്ച് മുഖാമുഖം കണ്ടു.


 യുദ്ധതന്ത്രത്തിന്റെ ഭാഗമായി അബ്ദുല്ലാഹിബ്നു ജുബൈറിന്റെ (റ) നേതൃത്വത്തിൽ അൻപത് വില്ലാളി വീരന്മാരടങ്ങുന്ന ഒരു സൈന്യ സംഘത്തെ നബി ﷺ തന്ത്രപ്രധാനമായ ഒരു കുന്നിൻ പ്രദേശത്ത് വിന്യസിച്ചിരുന്നു. പിറകിലൂടെയുള്ള ആക്രമണസാധ്യത അടയ്ക്കുകയായിരുന്നു അതിലൂടെ പ്രവാചകൻ ﷺ. 


 സ്വന്തം സ്ഥാനത്ത് ഉറച്ചു നിന്നുകൊണ്ട് ശത്രുക്കളുടെ അസ്ത്രങ്ങളെ നേരിടുകയെന്നതായിരുന്നു അവർക്ക് നൽകിയ ചുമതല. ജയിക്കുന്നത് മുസ്ലിംകളോ ശത്രുക്കളായ മുശ്രിക്കുകളോ ആവട്ടെ, പറവക്കൂട്ടങ്ങൾ മുസ്ലിം സൈന്യത്തെ ഒന്നടങ്കം റാഞ്ചിക്കൊണ്ടുപോകുന്നത് കാണട്ടെ, എന്നാലും നിൽക്കുന്ന സ്ഥാനത്തുനിന്നു അനങ്ങിപ്പോകരുതെന്ന കർശന നിർദ്ദേശം തിരുനബി ﷺ അവർക്ക് നൽകിയിരുന്നു.


 യുദ്ധം ആരംഭിച്ചു. പതിവുപോലെ ദ്വന്ദയുദ്ധത്തിലാണ് തുടക്കം. ഖുറൈശികളുടെ കൊടിവാഹകൻ ത്വൽഹബിനു അബൂത്വൽഹ മുന്നോട്ടുവന്നു. ദ്വന്ദയുദ്ധത്തിന് മുസ്ലിം പോരാളിയെ വെല്ലുവിളിച്ചു. മുസ്ലിം സൈന്യത്തിന്റെ പതാകവാഹകനായ അലി(റ) പോർക്കളത്തിലിറങ്ങി. 


 ഖുറൈശികളിൽ ഏറ്റവും കരുത്തനായ അബൂത്വൽഹയെ പരാജയപ്പെടുത്താൻ കഴിവുള്ളവരാരും അറബികളിലില്ലെന്നായിരുന്നു വിശ്വാസം. ത്വൽഹ ഉടൻ ആഞ്ഞുവെട്ടി. ഹസ്റത് അലി (റ) തന്റെ പരിചകൊണ്ടത് തടുത്തു. പോർചട്ട അണിഞ്ഞ ത്വൽഹയുടെ കാലിനെ ലക്ഷ്യമാക്കി അലി (റ) തന്റെ വാളുകൊണ്ട് ആഞ്ഞുവെട്ടി. ത്വൽഹ തൽക്ഷണം വെട്ടേറ്റ് കാൽ മുറിഞ്ഞു പോർക്കളത്തിൽ വീണ് അന്ത്യശ്വാസം വലിച്ചു. 


 തുടർന്ന് ത്വൽഹയുടെ മറ്റൊരു സഹോദരനായ അബൂശയ്ബ ദ്വന്ദ

യുദ്ധത്തിന്നിറങ്ങി. ഹംസ(റ)യുടെ വെട്ടേറ്റ് അബൂശയ്ബ പോർക്കളത്തിൽ വീണുമരിച്ചു. ത്വൽഹയുടെ മൂന്നാമത്തെ സഹോദരനായ സയ്ദ്ബ്നു അബൂത്വൽഹ വാളും ചുഴറ്റി രണ്ടു സഹോദരൻമാർക്കു വേണ്ടി പകരം ചോദിക്കാൻ യുദ്ധക്കളത്തിലിറങ്ങി. സഅദ്ബ്നു അബീവഖാസ് (റ) തൽക്ഷണം അയാളെ വെട്ടിവീഴ്ത്തി. അങ്ങനെ മൂന്നു സഹോദരന്മാരും വഴിക്കുവഴി വധിക്കപ്പെട്ടപ്പോൾ ഖുറൈശി സൈന്യം ക്രൂദ്ധരായി. 


 അടുത്തതായി അവരുടെ പതാകയേന്തിയത് ഇർതാസ് ബ്നു ശർജീൽ എന്ന കരുത്തനായ പോരാളിയാണ്. അയാൾ മുസ്ലിംകളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു വരുമ്പോൾ തന്നെ ഹസ്റത് അലി(റ) അവനെ വെട്ടിക്കൊന്നു. 


 തുടർന്ന് അസാമബിൻ സയദ് അലി (റ) വിന്റെ നേർക്കു പാഞ്ഞെടുത്തു.

ഉടൻ തന്നെ അലി (റ) ഇടത്തോട്ടും വലത്തോടും വാൾ ചുഴറ്റിക്കൊണ്ട് അസാമക്ക് വെട്ടാൻ അവസരം കൊടുക്കാതെ ആഞ്ഞുവെട്ടി താഴെയിട്ട് അവനെയും വധിച്ചു. അങ്ങനെ വഴിക്കുവഴി നൂറു ശക്തരായ ഭടന്മാരെ കൊന്നൊടുക്കിയതോടെ ഖുറൈശീ സൈന്യം പരിഭ്രാന്തരായി. ദ്വന്ദയുദ്ധം അവസാനിപ്പിച്ചു.


 പിന്നീട് ഉഹ്ദിൽ തുറന്ന യുദ്ധമാണ് നടന്നത്. ഖുറൈശീ ഭടന്മാരുടെ ആക്രമണത്തെ കൂടുതൽ ആത്മവീര്യത്തോടെ നേരിട്ട മുസ്ലിം സൈന്യം അവിശ്വാസികൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് കൂട്ടായ ആക്രമണത്തിലൂടെ തിരിച്ചടി നൽകി അവരെ തുരത്തി. 


 സംഭ്രാന്തരായ ഖുറൈശി സൈന്യത്തിന്റെ മുന്നണികളിൽ വിള്ളലുകൾ സൃഷ്ടിച്ചുകൊണ്ട് മുസ്ലിം സൈന്യം ഇരച്ചുകയറി. ശത്രുക്കളുടെ അണിയിലേക്ക് ഇറച്ചുകയറി മുന്


നേറിക്കൊണ്ടിരിക്കവൈ ഹസ്റത് അലി(റ) പൂർണ്ണമായും ശത്രുക്കളുടെ മധ്യത്തിലായി.


 “വെട്ടവനെ.” ഖുറൈശികൾ ആക്രോശിച്ചു. ധീരധീരം പോരാടിക്കൊണ്ടിരിക്കുമ്പോൾ അലി(റ) വെട്ടേറ്റ് നിലത്തുവീണു. എന്നാൽ ഖുറൈശികൾക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താനോ വധിക്കാനോ കഴിഞ്ഞില്ല. അത്ഭുതകരമായി അദ്ദേഹം ചാടിയെണീറ്റു. വീണ്ടും വെട്ടേറ്റ് നിലത്ത് വീണു. എന്നാൽ ശത്രുക്കൾ സമീപിക്കുന്നതിന് മുമ്പേ പിടഞ്ഞെണീറ്റു. ഇങ്ങനെ അലി(റ) പത്തു തവണ വെട്ടേറ്റു വീഴുകയും പിടഞ്ഞെണീക്കുകയും ചെയ്തുവെന്ന് ചരിത്രം...