താരീഖ് ത്വബരി(2/313)യെയും ദാഇറതുൽ ആരിഫിനെയും ഉദ്ധരിച്ചുകൊണ്ട് മൗലാനാ അബുൽ ഹസൻ അലിനദവി അലി(റ) എന്ന ജീവചരിത്രഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയത് കാണാം.
“അല്ലാഹു ﷻ തന്റെ പ്രത്യേകമായ അനുഗ്രഹവും സൗഭാഗ്യവും അലിക്കുവേണ്ടി (റ) സജ്ജമാക്കിയിട്ടുണ്ടായിരുന്നു. ആ അനുഗ്രഹത്തിന്റെ മടിത്തട്ടിലേക്ക് അദ്ദേഹത്തെ നയിച്ച പ്രത്യക്ഷകാരണം ഖുറൈശികളെ പിടിച്ചുകുലുക്കിയ വറുതിയുടെ രൂപത്തിലാണ് പ്രത്യക്ഷമായത്. ഒരു വലിയ കുടുംബത്തിന്റെ ചെലവ് വഹിച്ചുകൊണ്ടിരുന്ന അബൂത്വാലിബിനെ സംബന്ധിച്ചിടത്തോളം ഈ വറുതി താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
അതുകണ്ടറിഞ്ഞ പ്രവാചകനും ﷺ പിതൃവ്യൻ അബ്ബാസും അദ്ദേഹത്തിന്റെ മക്കളുടെ പരിപാലനം വീതിച്ചെടുത്തപ്പോൾ അലി(റ)വിനെ പ്രവാചകനും (ﷺ) ജഅ്ഫറി(റ)വിനെ അബ്ബാസ്(റ)വിനുമാണ് ലഭിച്ചത്. അവിടം മുതൽ ഹസ്റത് അലി(റ) പ്രവാചകന്റെ (ﷺ) വിട്ടുപിരിയാത്ത കൂട്ടുകാരനായി മാറി. അതുകൊണ്ട് തന്നെ പ്രവാചകനായി നിയോഗിക്കപ്പെട്ട മാത്രയിൽ അതംഗീകരിച്ചുകൊണ്ട് ഇസ്ലാം സ്വീകരിക്കാൻ അലി(റ)വിന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല."
(അലി(റ) മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി)
അബൂത്വാലിബ് ഖുറൈശീ നേതാവും അറബികളുടെ മുടിചൂടാമന്നനുമായിരിക്കെ അലിയെന്ന (റ) കൊച്ചുബാലനെ പോറ്റുക ഒരു ബാധ്യതയായിരുന്നുവെന്നും അതാണ് അനുവാദം നൽകാൻ കാരണമെന്നുമുള്ള വാദം ബാലിശമാണ്. ഖുറൈശികളുടെ വ്യാപാര വൃത്തിക്കു ചുക്കാൻ പിടിക്കുന്ന അബൂത്വാലിബിനെ നിർധനനാക്കുന്ന ചരിത്രകാരന്മാരുടെ ലക്ഷ്യം എന്തുതന്നെയായാലും അംഗീകരിക്കാവുന്നതല്ല.
ഇനി സാമ്പത്തിക ബുദ്ധിമുട്ടുകൾ വല്ലതും അബൂത്വാലിബിനെ അലട്ടിയിരുന്നുവെങ്കിൽ തന്നെ അറബികളിൽ നിരവധി പ്രമുഖർ അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു. അലിയോട് (റ) കുഞ്ഞായിരിക്കുമ്പോൾ മുതൽ ഉണ്ടായിരുന്ന പ്രത്യേക മമതയും താൽപര്യവുമാണ് കുട്ടിയെ കൂടെ നിർത്തുവാൻ നബിﷺയെ പ്രേരിപ്പിച്ചതെന്നു വ്യക്തം.
നബിﷺയുടെ കൂടെയാണ് അലി(റ) ദിനരാത്രങ്ങൾ കഴിച്ചു കൂട്ടിയതെങ്കിലും ആ ബാലൻ നിത്യേന പിതാവിനെയും മാതാവിനെയും മറ്റു കുടുംബാംഗങ്ങളെയും സന്ദർശിച്ചുകൊണ്ടിരുന്നു. അഞ്ചാം വയസ്സിൽ തന്നെ അലി(റ) പ്രവാചകന്റെകൂടെ (ﷺ) താമസമാക്കിയിട്ടുണ്ട് എന്നാണ് മിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നത്...
ക്രി. 604-ൽ. അപ്പോഴേക്ക് തിരുമേനിﷺയും ഖദീജബീവി(റ)യും തമ്മിലുള്ള വിവാഹം നടന്നിട്ട് എട്ടു സംവത്സരങ്ങൾ പൂർത്തിയായിരുന്നു. തിരുമേനിﷺക്ക് അപ്പോൾ
മുപ്പത്തിമൂന്ന് വയസ്സും ഖദീജാബീവിക്ക് നാൽപത്തിയെട്ടു വയസ്സുമായിരുന്നു.
ഖദീജാബീവി(റ)യുടെ കച്ചവടക്കാര്യസ്ഥത ഏറ്റെടുക്കാൻ വന്ന മുഹമ്മദ് (ﷺ) പിന്നീട് അവരെ വിവാഹം ചെയ്യുകയായിരുന്നു. അൽഅമീന്റെ സ്വഭാവമാഹാത്മ്യം കണ്ടറിഞ്ഞ ഖദീജ(റ)യുടെ അഭ്യർത്ഥനമാനിച്ച് മൈസറയുടെ മദ്ധ്യസ്ഥതയിൽ അബൂത്വാലിബിന്റെ നേതൃത്വത്തിലാണ് വിവാഹം നടന്നത്.
ഖദീജാ ബീവി(റ)യുടെ സമ്പത്തും തിരുമേനിﷺയുടെ കാര്യശേഷിയും ഒത്തുചേർന്നപ്പോൾ ആ വീട്
ഐശ്വര്യസമൃദ്ധമായി. ഈ ഘട്ടത്തിലാണ് അലി(റ) പ്രവാചകന്റെ (ﷺ) വീട്ടിൽ താമസമാക്കുന്നത്.
അലി(റ)വിന്റെ വിദ്യാഭ്യാസ കാര്യത്തിൽ വളരെ തൽപരനായിരുന്ന പ്രവാചകൻ ﷺ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാനഗുരു. കച്ചവട യാത്രയിൽ അദ്ദേഹം അലി(റ)വിനെ കൂടെകൂട്ടി. ഇതുവഴി ലോകപരിചയം സിദ്ധിക്കാനും യാത്രയിലെ അനുഭവങ്ങൾ പങ്കിടാനും അലി(റ)വിന് അവസരം ലഭിച്ചു...
പിൽക്കാലത്ത് അറേബ്യയിലെ ഏറ്റവും വിദ്യാസമ്പന്നൻ എന്ന ഖ്യാതി അലി(റ)വിന്ന് നേടിക്കൊടുത്തതും പ്രവാചക തിരുമേനിﷺയുടെ ദീർഘവീക്ഷണമുള്ള വിദ്യാപരിശീലനമാണ്. വളരെ ചെറുപ്പത്തിൽ മുതിർന്ന പലർക്കും ലഭിക്കാത്ത അറിവുകൾ അലി(റ)വിന്ന് ലഭിച്ചതും പ്രവാചകനിൽ (ﷺ) നിന്നാണ്.
“ഞാൻ വിജ്ഞാനത്തിന്റെ നഗരമാണെങ്കിൽ അലി (റ) അതിന്റെ വാതിലാണ്” എന്ന പ്രവാചകവചനം ഓർക്കുക...
താൻ കഅബക്കുള്ളിൽ ജനിച്ച ശിശുവായിരുന്നുവെന്ന് അലി(റ)വിന്നറിയാമായിരുന്നു. അതുകൊണ്ട് തന്നെ കഅ്ബയുമായി അലി(റ)വിന്ന് എന്തെന്നില്ലാത്ത ആത്മബന്ധമായിരുന്നു.
ക്രിസ്താബ്ദം 605-ൽ ഖുറൈശികൾ കഅ്ബ പുനർനിർമ്മിക്കുകയുണ്ടായി. ഹജറുൽ അസ് വദ് പുനഃപ്രതിഷ്ഠിക്കുന്നത് സംബന്ധിച്ച് ഖുറൈശികൾക്കിടയിൽ തർക്കമുണ്ടായി. അത് പരിഹരിക്കാൻ അവസരം ലഭിച്ചത് അൽഅമീനായിരുന്നല്ലോ. തദവസരത്തിൽ ബാലനായ അലി(റ) അടുത്തുണ്ടായിരുന്നു. വളരെയധികം താൽപര്യത്തോടെയാണ് അലി(റ) അതു
നോക്കിക്കണ്ടത്.
കഅ്ബ തീർച്ചയായും അല്ലാഹുﷻവിന്റെ ആരാധനക്കായി നിർമ്മിക്കപ്പെട്ട മന്ദിരമാണെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. എന്നാൽ മുന്നൂറ്ററുപതിൽ പരം വിഗ്രഹങ്ങൾ എന്തിനാണവിടെ സ്ഥാപിച്ചതെന്ന് അദ്ദേഹം അത്ഭുതപ്പെടുകയായിരുന്നു. ജനങ്ങൾ ഈ വിഗ്രഹങ്ങളെ ആരാധിക്കുകയും അവയ്ക്ക് മൃഗങ്ങളെ ബലിയർപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹം കാണാറുണ്ട്.
കാണാനും കേൾക്കാനും കഴിയാത്ത, യാതൊരാൾക്കും ഉപകാരമോ ഉപ്രദവമോ ചെയ്യാൻ കഴിയാത്ത ഈ ശിലാവിഗ്രങ്ങളെ ജനങ്ങൾ എന്തിനാണ് ആരാധിക്കുന്നതെന്ന് അലി(റ) ആശ്ചര്യപ്പെട്ടു. ഈ മിണ്ടാകല്ലുകളെ വിളിച്ച് പ്രാർത്ഥിക്കുന്നതിലും അലി(റ)വിന്ന് നീരസമുണ്ടായിരുന്നു.
അക്കാലത്ത് പ്രവാചക തിരുമേനിﷺയുടെ വ്യക്തിത്വവും സ്വഭാവവും അലി(റ)വിനെ ഹഠാദാകർഷിച്ചു. അതുല്യമാതൃകയായിരുന്നു നബി തിരുമേനി ﷺ. എല്ലാ നന്മകളുടെയും ചൈതന്യത്തിന്റെയും ആൾരൂപമായിരുന്നു അവിടുന്ന് (ﷺ)...
അബൂബക്കറും (റ) മറ്റു ചില സുഹൃത്തുക്കളും തിരുമേനിﷺയെ കാണാൻ പ്രവാചകവസതിയിൽ അടിക്കടി വരുമായിരുന്നു. അവർ തമ്മിലുള്ള സംഭാഷണങ്ങൾ ബാലനായ അലി(റ) ശ്രദ്ധിച്ചു കേൾക്കാറുണ്ടായിരുന്നു. ഈ സംഭാഷണങ്ങളിൽ നിന്ന് പ്രവാചകതിരുമേനി ﷺ പുതിയ ചില കാര്യങ്ങളെക്കുറിച്ചാണ് ചിന്തിച്ചിരുന്നതെന്ന് അലി(റ) മനസ്സിലാക്കി.
അദ്ദേഹം അന്വേഷിക്കുന്നത് യഥാർത്ഥവും മനുഷ്യ പുരോഗതിക്കാവശ്യവുമായ കാര്യങ്ങളാണെന്നുമുള്ള ചിന്ത ആ കൊച്ചുമനസ്സിൽ നാമ്പെടുത്തു. തന്മൂലം സദാ തന്റെ രക്ഷകന്റെ ആശയങ്ങളോട് കൂറു പുലർത്താൻ ആ കൊച്ചു മനസ്സ് വെമ്പി.
സിറിയയിൽ വച്ച് ഒരു ക്രൈസ്തവ സന്യാസി വർഷങ്ങൾക്കു മുമ്പ് അബൂത്വാലിബിനോട് പറഞ്ഞ സംഭവം പിതാവിൽ നിന്ന് കേട്ടത് കൊച്ചു അലി(റ) ഓർത്തു. “മുഹമ്മദ്
ദൈവനിയുക്തനായ ഒരു പ്രവാചകനാണെന്നായിരുന്നു ക്രൈസ്തവ പാതിരി അന്ന് മുഹമ്മദിന്റെ (ﷺ) മുഖലക്ഷണം നോക്കി പറഞ്ഞത്..."
മുഴുവൻ മനുഷ്യ സമുദായത്തിന്റെയും വിമോചകനായി വരുന്ന സ്വന്തം ഭർത്താവിനെക്കുറിച്ച് അഭിമാനപുരസ്സരം ഖദീജാബീവി (റ) പറഞ്ഞ കാര്യങ്ങളും അലി(റ) ഓർത്തു.
ആ സ്വപ്നം എന്നാണ് സാക്ഷാത്കൃതമാവുക എന്നോർത്ത് അലി(റ) വികാരം കൊള്ളുമായിരുന്നു.