Wednesday - 22 April, 2026 4-Dhu al-Qadah-1447

ഹജ്ജ്

   ഹിജ്റ ഒമ്പതാം വർഷമാണ് ഹജ്ജ് നിർബന്ധമാക്കപ്പെട്ടത്. തിരുമേനി ﷺ യുടെ നിർദ്ദേശപ്രകാരം പ്രസ്തുത വർഷം ഹസ്റത്ത് അബൂബക്കർ(റ)വിന്റെ നേതൃത്വത്തിൽ മദീനക്കാരായ മുന്നൂറ് പേരടങ്ങുന്ന ഒരു സംഘം മുസ്ലിംകൾ ഹജ്ജിനായി മക്കത്തേക്ക് പുറപ്പെട്ടു. 


 അവർ യാത്രയായതിന് ശേഷമാണ്

തിരുമേനി ﷺ ക്ക് ബറാഅത് സൂറത് അവതരിച്ചത്. അതിലെ ആദ്യ സൂക്തങ്ങൾ മക്കക്കാരിൽ വിളംബരം ചെയ്യാനായി അലി(റ)വിനെ പ്രവാചകർ ﷺ പറഞ്ഞയച്ചു. നബിﷺയുടെ അദ്ബാത്ത് ഒട്ടകപ്പുറത്ത് യാത്രയായ അലി(റ) മാർഗ മധ്യേ അബൂബക്കർ (റ) വുമായി സന്ധിച്ചു. നയിക്കുന്നവനായിട്ടാണോ

അതോ നയിക്കപ്പെടുന്നവനായിട്ടാണോ യാത്ര തുടരുന്നത് എന്ന സിദ്ദീഖിന്റെ (റ) ചോദ്യത്തിന് നയിക്കപ്പെടുന്നവൻ എന്ന വിനയാന്വിതമായ മറുപടിയാണ് അലി(റ) നൽകിയത്. തുടർന്ന് അവർ യാത്ര തുടർന്നു മക്കത്തെത്തി. 


 അബൂബക്കർ(റ)വിന്റെ നേതൃത്വത്തിൽ അവർ ഹജ്ജ് നിർവ്വഹിക്കുകയും നബി ﷺ നിർദ്ദേശിച്ച ഖുർആൻ സൂക്തങ്ങൾ അലി(റ) ജനങ്ങൾക്ക്

ഓതിക്കേൾപ്പിക്കുകയും ചെയ്തു. അനന്തരം അവർ മദീനയിൽ മടങ്ങിയെത്തി.


 ക്രി. 632 ആദ്യത്തിൽ നബി തിരുമേനി ﷺ ഹജ്ജിന് മക്കത്തക്കു പുറപ്പെടാൻ തീരുമാനിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പു തന്നെ അറേബ്യയുടെ നാനാഭാഗത്തേക്കും തിരുമേനി ﷺ ദൂതന്മാരെ അയച്ചു. ഹജ്ജിനു പുറപ്പെടാൻ ജനങ്ങളോട് മദീനയിലെത്താൻ വിളംബരം ചെയ്തു. 


 ഒരു ലക്ഷത്തിലധികം ആളുകൾ മദീനയിൽ ഒത്തുചേർന്നു. തിരുമേനി ﷺ യുടെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സാർത്ഥവാഹക സംഘങ്ങളായി ഹജ്ജിന് പുറപ്പെട്ടു. എല്ലാ പ്രവാചക

പത്നിമാരും കൂടെയുണ്ടായിരുന്നു. ഹസ്റത്ത് അലി(റ)വും ഫാത്വിമ(റ)യും തിരുമേനിﷺയുടെ അടുത്തുതന്നെ യാത്ര ചെയ്തു.


 വിടവാങ്ങൽ ഹജ്ജിൽ അവസാനം വരെ അലി(റ) നബി ﷺ യോടൊപ്പമുണ്ടായിരുന്നു.


 മദീനയിലേക്കുള്ള മടക്കയാത്രയിൽ മക്കക്കും മദീനക്കും ഇടയിലുള്ള ഖുംഗദീർ താഴ് വരയിലെത്തിയപ്പോൾ നബിതിരുമേനി ﷺ ക്ക് വഹ്യ് ഇറങ്ങി. ജനങ്ങളെ അഭിസംബോധന ചെയ്യാനായിരുന്നു കൽപന. അതനുസരിച്ച് തിരുമേനി ﷺ

ഖും താഴ് വരയിലെ ഗദീർ തടാകത്തിന് സമീപം തീർത്ഥാടകരെ വിളിച്ചുകൂട്ടി ഒരു പ്രസംഗം ചെയ്തു. 


 മുസ്ലിംകൾ ഭിന്നിക്കാതെ അല്ലാഹു ﷻ വിന്റെ മാർഗ്ഗത്തിലേ യുദ്ധം ചെയ്യാവൂ

എന്നും താൻ അന്ത്യപ്രവാചകനാണെന്നും തനിക്കു ശേഷം ഇനിയൊരു പ്രവാചകൻ വരാനില്ലെന്നും ഖുർആനും തന്റെ ചര്യയുമനുസരിച്ച് എല്ലാവരും ജീവിക്കണമെന്നും മറ്റുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. 


 എന്നാൽ ഖുംഗദീറിൽ നബി ﷺ ചെയ്ത പ്രസംഗത്തിൽ അലി(റ)വിന്റെ സവിശേഷതകളും മഹത്വങ്ങളും വിവരിച്ചതിന് ശേഷം ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. “അലിയെ പിന്തുണക്കുന്നവരെ അല്ലാഹു ﷻ സംരക്ഷിക്കുന്നതും അദ്ദേഹത്തോട് ശത്രുത പുലർത്തുന്നവരോട് അല്ലാഹു ﷻ ശത്രുത പുലർത്തുന്നതുമാണ്...”

 നബി തിരുമേനി ﷺ ഇങ്ങനെ പറയാൻ ഒരു പ്രത്യേക പശ്ചാത്തലമുണ്ടായിരുന്നു എന്നാണ് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. 


 ചില ആളുകൾ അലി(റ)വിനെതിരെ

അടിസ്ഥാനരഹിതമായ പരാതികൾ ഉന്നയിക്കുകയും അദ്ദേഹത്തെ അകാരണമായി വിമർശിക്കുകയും ചെയ്തതായിരുന്നുവത്രെ ആ പ്രത്യേക പശ്ചാത്തലം. അലി(റ) യമനിലായിരുന്നപ്പോൾ ചില പ്രശ്നങ്ങളിൽ നീതിനിഷ്ഠമായ നിലപാട് സ്വീകരിച്ചതാണ് ഈ പരാതിക്കടിസ്ഥാനം. 


 അലി(റ)വിന്റെ സങ്കുചിതത്വവും ലുബ്ധമായി ചിലർ പ്രസ്തുത നിലപാടിനെ വിമർശിച്ചിരുന്നുവത്രെ. അവരുടെ ഈ ധാരണ തിരുത്തുകയാണ് തിരുനബി ﷺ ചെയ്തതെന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടത്...

  (ഇബ്നുകസീർ)