Wednesday - 22 April, 2026 4-Dhu al-Qadah-1447

തബൂക്ക് യുദ്ധം

   ഹിജ്റ ഒമ്പതാം വർഷം നടന്ന തബൂക്ക് യുദ്ധം ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക സംഭവമാണ്. മുഹമ്മദ് ബ്നു മസ്ലമത്തുൽ അൻസ്വാരി(റ)വിനെ മദീനയിലെ ഗവർണറായും അലി(റ)വിനെ തന്റെ സ്ഥാനത്ത് കുടുംബകാര്യങ്ങൾ നോക്കാനും

ചുമതലപ്പെടുത്തിയാണ് നബി ﷺ തബൂക്കിലേക്ക് യാത്രയായത്. 


 കപടവിശ്വാസികളുടെ വ്യാജ പ്രചാരണങ്ങളുടെ കാര്യം അലി(റ) നബി ﷺ യെ ഓർമ്മപ്പെടുത്തുകയുണ്ടായി. തിരുമേനി ﷺ പറഞ്ഞു: “നിന്നിലുള്ള എന്റെ പൂർണ്ണവിശ്വാസവും അവലംബവും ഹസ്റത്ത് മൂസക്ക് (അ) ഹാറൂനിലുള്ളതു (അ) പോലെയാണെന്ന

വസ്തുത നിന്നെ സംതൃപ്തനാക്കുന്നില്ലേ? എനിക്കു ശേഷം മറ്റൊരു പ്രവാചകനില്ലെന്ന കാര്യം തീർച്ചയാണെങ്കിലും.”


 മദീനയിൽ അലി(റ)വിനെ ചുമതലയേൽപിച്ചു കൂടെ കൂട്ടാതെ പോരുമ്പോൾ ഉപേക്ഷിക്കുകയാണോ എന്ന് അലി(റ) തിരുനബി ﷺ യോട് ചോദിച്ചതായും മറ്റൊരു നിവേദനം കാണാം. (സ്വഹീഹുൽ ബുഖാരി-അൽബിദായ വന്നിഹായ) അലി(റ) നേരിട്ടു പങ്കെടുക്കാത്ത ഒരേയൊരു യുദ്ധമാണ് തബൂക്ക്.


 മക്കാ വിജയത്തിനും തബൂക്കിൽ നിന്നുള്ള മടക്കത്തിനും ശേഷം അറേബ്യയുടെ നാനാ ഭാഗത്തുനിന്നും കൂട്ടം കൂട്ടമായി ദൗത്യ സംഘങ്ങൾ നബി ﷺ യുടെ സവിധത്തിൽ എത്തുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. യമനിൽ നിന്നുള്ള ഒരു സംഘവും അക്കൂട്ടത്തിലുണ്ടായിരുന്നു. 


 “നാളെ ഞങ്ങൾ സുഹൃത്തുക്കളുമായി സന്ധിക്കും. മുഹമ്മദുമായും (ﷺ) തങ്ങളുടെ (ﷺ) കക്ഷിയുമായി സന്ധിക്കും” എന്ന കവിത ചൊല്ലിക്കൊണ്ടാണ് അവർ മദീനയിൽ പ്രവേശിച്ചത്. തുടർന്ന്

ഖാലിദ്ബ്നു വലീദ് (റ)വിന്റെ നേതൃത്വത്തിൽ ഒരു പ്രബോധന സംഘത്തെ തിരുനബി ﷺ യമനിലേക്ക് അയക്കുകയും ചെയ്തു.


 ആറു മാസത്തോളം ഖാലിദ്ബ്നു വലീദ് (റ) അവിടെ പ്രബോധനം നടത്തിയെങ്കിലും ഒരാൾ പോലും പുതുതായി ഇസ്ലാം പുൽകിയില്ല. അതിനെത്തുടർന്നാണ് നബിതിരുമേനി ﷺ അലി(റ)വിനെ യമനിലേക്കയച്ചത്.


 അലി(റ) അവിടെ ചെന്ന് പ്രവാചക കൽപന വായിച്ചു കേൾപ്പിച്ചപ്പോൾ ഹമദാൻ ഗോത്രം ഒന്നടങ്കം ഇസ്ലാം ആശ്ലേഷിച്ചു. 


 ഈ വിവരമറിയിച്ചുകൊണ്ടുള്ള അലി(റ)വിന്റെ കത്ത് കിട്ടിയപ്പോൾ തിരുമേനി ﷺ സാഷ്ടാംഗം പ്രണമിക്കുകയും പിന്നീട് തലയുയർത്തി “ഹമദാനികൾക്കു ശാന്തി” എന്നു രണ്ടുവട്ടം ഉരുവിടുകയും ചെയ്തു.

  (സാദുൽ മആദ് 2/33)