വിടവാങ്ങൽ ഹജ്ജ് കഴിഞ്ഞ് തിരുനബി ﷺ യും സഹാബാക്കളും മദീനയിൽ തിരിച്ചെത്തി. അവസാന കാലത്ത് പനി ബാധിച്ച് അസ്വസ്ഥനായ ഒരു രാത്രി തിരുനബി ﷺ അലി(റ)വിന്റെ കൂടെ ഖബറിസ്ഥാനിലെത്തി ഉഹ്ദ് യുദ്ധത്തിൽ ശഹീദായ സ്വഹാബാക്കൾക്കു വേണ്ടി പ്രാർത്ഥന നടത്തി.


 നിസ്കാരം കൃത്യമായി അനുഷ്ഠിക്കണമെന്നും സകാത്ത് കൊടുക്കണമെന്നും അടിമകളുടെയും അനാഥരുടെയും

അവകാശങ്ങളിൽ വീഴ്ച വരുത്തരുതെന്നും മരണത്തിന് തൊട്ടുമുമ്പ് പ്രവാചകൻ ﷺ തന്നോട് വസ്വിയ്യത്ത് ചെയ്തതായി അലി(റ) അനുസ്മരിക്കുന്നു.


 തിരുമേനി ﷺ യുടെ മയ്യിത്ത് കുളിപ്പിച്ചതും കഫൻ ചെയ്തതും അലി(റ)വും അബ്ബാസ്(റ)വും ചേർന്നാണ്. ആഇശാ ബീവി(റ)യുടെ മുറിയിൽ തന്നെയാണ് തിരുമേനിﷺയെ ഖബറടക്കിയത്. 


 തിരുമേനി ﷺ യുടെ വേർപാട് പ്രത്യേകിച്ച് അലി(റ)വിനും ഫാത്വിമ(റ)ക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു. തിരുനബി ﷺ യുടെ വിയോഗത്തിൽ വിലപിച്ച് കൊണ്ട് അലി(റ) രചിച്ച വിലാപകാവ്യം ഏറ്റവും ഹൃദയദ്രവീകരണ ശക്തിയുള്ളതാണ്.


 പ്രവാചക തിരുമേനി ﷺ മരണപ്പെട്ട് ആറു മാസം തികയുന്നതിന് മുമ്പ് ക്രി. 633ൽ പുത്രി ഫാത്വിമത്തുസ്സുഹ്റാ (റ) അന്തരിച്ചു. അപ്പോൾ അവർക്ക് 29 വയസ്സായിരുന്നു പ്രായം. അലി(റ)വും ഫാത്വിമ(റ)യും വിവാഹിതരായിട്ട് എട്ടോ ഒമ്പതോ വർഷമേ ആയിട്ടുള്ളൂ. ഈ കാലയളവിൽ അവർക്ക് അഞ്ചു മക്കൾ പിറന്നു. 


 മൂന്ന് ആണും രണ്ട് പെണ്ണും. ഹസൻ, ഹുസൈൻ, മുഹ്സിൻ(റ) എന്നിവരാണ് ആൺമക്കൾ. ഇവരിൽ മുഹ്സിൻ

ചെറുപ്പത്തിലേ മരിച്ചു. മാതാവിന്റെ മരണസമയത്ത് ഹസന്(റ) ഏഴു വയസ്സും, ഹുസൈന്(റ) ആറ് വയസ്സുമായിരുന്നു പ്രായം. സൈനബ, ഉമ്മുകുൽസൂം(റ) എന്നിവരായിരുന്നു പെൺമക്കൾ.


 ഫാത്വിമ(റ)യുടെ മരണം അലി(റ)വിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അവരുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട്

അലി(റ) ഹൃദയസ്പർശിയായ ഒരു വിലാപകാവ്യം രചിക്കുകയുണ്ടായി.


 അലി(റ) പതിവായി ഫാത്വിമ ബീവി(റ)യുടെ ഖബർ സന്ദർശിച്ചു പ്രാർത്ഥന നടത്താറുണ്ടായിരുന്നു. ആ സന്ദർഭങ്ങളിൽ ഹൃദയസ്പർശിയായ വിലാപഗാനങ്ങൾ അദ്ദേഹം ആലപിക്കാറുണ്ടായിരുന്നു.


 ഒമ്പതു വർഷമേ അവരുടെ വൈവാഹിക ജീവിതം നില നിന്നുള്ളൂവെങ്കിലും അതൊരു മാതൃകാ ദാമ്പത്യമായിരുന്നു. ഇടക്കിടെ അവർ തമ്മിൽ അസ്വാരസ്യങ്ങളുണ്ടാവുമായിരുന്നുവെങ്കിലും അതൊക്കെ സാധാരണയുള്ള പിണക്കങ്ങൾ മാത്രമായിരുന്നു. 


 ഒരിക്കൽ തിരുമേനി ﷺ തന്നെ അവർ തമ്മിലുള്ള പിണക്കം ഇണക്കിത്തീർക്കുകയുണ്ടായി. മറ്റൊരിക്കൽ അലി(റ) അബൂജഹലിന്റെ പുത്രിയെ വിവാഹം ചെയ്യാൻ ആലോചിക്കുകയുണ്ടായി. ഇതറിഞ്ഞപ്പോൾ ഫാത്വിമ(റ)

പിതാവിനോട് പരാതിപ്പെട്ടു. 


 തിരുനബി ﷺ പള്ളിയിൽ വെച്ച് സ്വഹാബാക്കളോട് ചെയ്ത ഒരു പ്രസംഗത്തിൽ ഈ സംഭവം സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് ഫാത്വിമ (റ) തന്റെ കരളിന്റെ കഷ്ണമാണെന്നും അലിക്ക് (റ) അബുജഹലിന്റെ മകളെ കല്യാണം കഴിക്കണമെന്നുണ്ടെങ്കിൽ അതിന്ന് സ്വാതന്ത്യമുണ്ടെന്നും, എന്നാൽ ആദ്യം ഫാത്വിമയെ (റ) വിവാഹമോചനം ചെയ്തിട്ടാവാം അതെന്നും, പ്രവാചകന്റെ പുത്രിയും അബൂജഹലിന്റെ പുത്രിയും ഒരേ മച്ചിനുകീഴിൽ പറ്റില്ലെന്നുമായിരുന്നു അവിടുന്ന് (ﷺ) ചെയ്ത ഉപദേശം. അതോടെ അലി(റ) അബൂജഹലിന്റെ

പുത്രിയെ വിവാഹം ചെയ്യാനുള്ള ആലോചന ഒഴിവാക്കി.


 ഉസ്മാൻ(റ)വിന്റെ വധത്തെത്തുടർന്ന് സ്വഹാബാക്കൾ അലി(റ)വിനോട് ഖലീഫാ സ്ഥാനം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു. അലി(റ) നാലാം ഖലീഫയായി അധികാരമേറ്റെടുക്കാൻ വിസമ്മതിച്ചുവെങ്കിലും പ്രമുഖ സ്വഹാബികളായ സുബൈർ(റ)വും ത്വൽഹ(റ)വും അദ്ദേഹത്തോടു സ്ഥാനമേറ്റെടുക്കാൻ അഭ്യർത്ഥിച്ചു. ധീരനും കരുത്തനുമായ അലി(റ) ഖലീഫാ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനാണെന്നു മനസ്സിലാക്കി ഭൂരിപക്ഷം ജനങ്ങളും അദ്ദേഹത്തെ ഖലീഫയായി അംഗീകരിച്ചു ബൈഅത്ത് ചെയ്തു. 


 ഹിജ്റ വർഷം 35 ക്രിസ്താബ്ദം 656 ജൂൺ 24നാണ് അലി(റ) ഖലീഫയായി സ്ഥാനാരോഹണം ചെയ്തത്. ഉസ്മാൻ(റ)വിന്റെ വധത്തെ തുടർന്നുള്ള പ്രശ്നങ്ങൾ രൂക്ഷമായ കാലമായിരുന്നു അത്. ഇതിന്റെ പേരിൽ അലി(റ)വിനെയും പ്രമുഖ സ്വഹാബികളെയും തമ്മിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകവരെ ചെയ്തു. 


 അതിന്റെ ഭാഗമായി അവർ അലി(റ), മുആവിയ(റ), അംറുബ്നുൽ ആസ്(റ) എന്നീ മൂന്ന് പേരെയും വധിക്കുവാനുള്ള ഗൂഢാലോചന നടത്തി. പൈശാചികമായ ഈ ഗൂഢാലോചന നടപ്പാക്കാൻ അബ്ദുർറഹ്മാൻ ബിൻ മുൽജിം എന്ന ദുഷ്ടൻ രംഗത്തിറങ്ങി. മുമ്പ് ഇയാൾ അലി(റ)വിനെ സ്നേഹിക്കുന്ന വ്യക്തിയായിരുന്നുവത്രെ...


 അയാൾ പതിവായി അലി(റ) നിസ്കരിക്കുന്ന പള്ളിയിൽ ഒരു മൂലയിൽ ഒളിച്ചിരുന്നു. അലി(റ)വിന്റെ വരവിനായി കാത്തിരുന്നു. പതിവായി ഫജ്ർ നിസ്കാരത്തിനായി അലി(റ) ആ പള്ളിയിലാണ് എത്താറുള്ളത്. അന്നും പതിവുപോലെ അലി(റ) പള്ളിയിൽ വന്ന് നിസ്കാരത്തിനായി കൈകെട്ടി. ഉടനെ മുൽജിം പാഞ്ഞുവന്ന് മൂർച്ചയുള്ള കത്തികൊണ്ട് തലക്ക് തുടർച്ചയായി കുത്തിപ്പരിക്കേൽപ്പിച്ചു. രക്തം ചീറ്റി ഒഴുകി. 


 തത്സമയം പ്രാർത്ഥനക്കായി പള്ളിയിൽ ഒത്തുകൂടിയ ആളുകൾ മുൽജിമിനെ പിടികൂടി. അവർ അലി(റ)വിനെ വീട്ടിലേക്കെടുത്തു. പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു ദിവസത്തിനു ശേഷം. ഹി. 40-ാം വർഷം റമളാൻ 20ന് വെള്ളിയാഴ്ച ആ ധീരകേസരി അന്ത്യശ്വാസം വലിച്ചു... ഇന്നാലില്ലാഹ്...


 വിടവാങ്ങുമ്പോൾ അലി(റ)വിന് 63 വയസ്സായിരുന്നു പ്രായം. ജനാസ സംസ്കരണത്തിന് നേത്യത്വം നൽകിയത് മക്കളായ ഹസനും ഹുസൈനുമായിരുന്നു(റ). കൂഫയിലെ പള്ളി മുറ്റത്താണ് അലി(റ)വിന്റെ ഖബർ.


 ‌‌‌‌‌‌‌‌‎അലി(റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


 അലി (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...


 ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 അലി (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ഖൻദഖ് യുദ്ധം (1) ഖയ്ബർ യുദ്ധം (1) ഹജ്ജ് ജനനം നാമകരണം വിവാഹം ...(1) ഖൻദഖ് യുദ്ധം (2) ഹുദയ്ബിയാ സന്ധി ഖയ്ബർ യുദ്ധം (2) തബൂക്ക് യുദ്ധം ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര ലുഖ്മാനുൽ ഹഖീം (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര അലി (റ) വിന്റെ കുടുംബം ഉമർ (റ) വരുന്നേ ...(1) ഉമർ (റ) വരുന്നേ ...(2) റുഖിയ്യ ബീവി (റ) ...(2) റുഖിയ്യ ബീവി (റ) ...(3) ഫാത്വിമ (റ) യുടെ മക്കൾ നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ അതിശയിപ്പിക്കുന്ന കുട്ടി