യഹ്‌യാ(അ) ന്റെ വധത്തിന്റെ കാരണക്കാരായ രാജാവും രാജ്ഞിയും മകളും ജീവിച്ചിരുന്നത് ദമസ്കസിലായിരുന്നു. എന്നും അഭിപ്രായമുണ്ട്. അവിടെ വധത്തിന്റെ കാരണമായി പറയുന്നത് മറ്റൊരു സംഭവമാണ്.
രാജാവിന്റെ പുത്രിയെ മറ്റൊരു രാജാവിന്റെ മകൻ വിവാഹം ചെയ്തു. ആ വിവാഹ ബന്ധം ഏറെനാൾ നീണ്ടു നിന്നില്ല. വിവാഹ മോചനം നടന്നു.
വധുവിന്റെ മാതാവായ രാജ്ഞിക്ക് ഇതിൽ കടുത്ത നിരാശയുണ്ടായി. തകർന്ന ബന്ധം വീണ്ടും ഇണക്കിച്ചേർക്കണമെന്ന് രാജ്ഞി കൊതിച്ചു. അതിനുള്ള ശ്രമം നടത്തി. വരൻ അതിനു തയ്യാറായി. വധുവിനെ തിരിച്ചെടുത്തു കൊള്ളാം. രാജ്ഞിക്ക് ആശ്വാസമായി.
അപ്പോൾ ഒരു പ്രശ്നം? മൊഴി മൂന്നും ചൊല്ലിയിട്ടുണ്ട്. നിലവിലുള്ള മതവിധിയനുസരിച്ച് തിരിച്ചെടുക്കാൻ പറ്റില്ല. രാജാകുമാരന് രാജകുമാരിയെ ഭാര്യയാക്കണമെങ്കിൽ ഇനിയെന്ത് വേണം..?
രാജകുമാരിയെ ഒരാൾ വിവാഹം ചെയ്യണം. അവർ ഭാര്യഭർത്താക്കന്മാരായി ജീവിക്കണം. എന്നിട്ടയാൾ രാജകുമാരിയെ വിവാഹമോചനം നടത്തണം. എന്നാൽ രാജാകുമാരിയെ ഭാര്യയായി വീണ്ടും സ്വീകരിക്കാം.
രാജ്ഞി രാജാവിനെ ഇങ്ങനെ ഉപദേശിച്ചു: "അതൊക്കെ വലിയ പൊല്ലാപ്പാണ് മതവിധിയൊന്നു മാറ്റിയാൽ മതി. രാജകുമാരന് രാജകുമാരിയെ ഭാര്യയായി സ്വീകരിക്കാൻ പറ്റും. എന്ന ഒരു ഫത് വ (മതവിധി) യഹ്‌യാ നബിയിൽ നിന്ന് വാങ്ങിയാൽ മതി."
അത് നല്ല ഒരാശയം തന്നെ. രാജാവ് ആവശ്യപ്പെട്ടാൽ ആരാണ് മതവിധി മാറ്റാത്തത്? മാറ്റിക്കിട്ടും. വേദഗ്രന്ഥത്തിൽ സൗകര്യം പോലെ മാറ്റിത്തിരുത്തലുകൾ വരുത്തുന്ന കാലമാണിത്. യഹ്‌യാ(അ) മാറ്റം വരുത്തിയാൽ ആരും ഒന്നും പറയുകയില്ല.
പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. നിലവിലുള്ള മതവിധി അങ്ങനെ തന്നെ നിലനിർത്തണം. അതാണ് യഹ്‌യ (അ)ന്റെ വിധി. രാജകുമാരിയോട് യഹ്‌യ (അ) ഇങ്ങനെ പറഞ്ഞു: "നിന്നെ വേറെ ഒരാൾ വിവാഹം ചെയ്യണം. എന്നിട്ട് അയാൾ നിന്നെ ഒഴിവാക്കണം. എന്നാൽ മാത്രമേ നിനക്ക് രാജകുമാരന്റെ ഭാര്യയായിരിക്കാൻ പറ്റുകയുള്ളൂ."
ഈ വിധി കേട്ട് രാജകുമാരി ക്ഷോഭിച്ചു. രാജകുമാരിയുടെ മാതാവിനാണ് കൂടുതൽ കോപം. ഈ വിധി പ്രഖ്യാപിച്ച യഹ്‌യ ഇനി ജീവിച്ചിരിക്കരുത്. കൊന്നുകളയണം. ഭാര്യയും മകളും രാജാവിനെ നിർബന്ധിച്ചു.
രാജാവ് വഴങ്ങി. രാജ കൽപ്പന വന്നു.
"യഹ്‌യായെ കൊന്ന് ശിരസ്സും രക്തവും കൊണ്ടുവരിക..!"
യഹൂദിപ്പോരാളികൾ ആയുധങ്ങളുമായി കുതിച്ചുചെന്നു. ജീറൂൻ മസ്ജിദിൽ നിസ്കരിക്കുകയായിരുന്നു യഹ്‌യ (അ). അദ്ദേഹത്തെ വധിച്ചു ശിരസ്സും രക്തവുമായി വന്നു. ശിരസ്സ് ദമസ്കസ് കൊട്ടാരത്തിലെത്തി.
രാജകുമാരിയാണ് ശിരസ്സ് വെച്ച പാത്രം സ്വീകരിച്ചത്. അപ്പോൾ ശിരസ്സ് വിളിച്ചു പറഞ്ഞു. നിനക്ക് അവനെ വിവാഹം ചെയ്യാൻ കഴിയില്ല. പാടില്ല. മറ്റൊരാൾ നിന്നെ വിവാഹം ചെയ്തു മൊഴി ചെല്ലാതെ..!!
രാജകുമാരി ഭയന്നുവിറച്ചു. പിന്നെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദമസ്കസ് മുതൽ ബൈത്തുൽ മുഖദ്ദസ് വരെ രക്തമൊഴുകി. എഴുപത്തയ്യായിരം പേർ വധിക്കപ്പെട്ട യുദ്ധം.
എത്രയോ നൂറ്റാണ്ടുകൾക്കു ശേഷം നടന്ന ഒരു സംഭവം ചരിത്രകാരനായ വാഖിദി പറഞ്ഞതായി ചില ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ദമസ്കസിലെ മസ്ജിദിന്റെ നിർമ്മാണം നടന്നുവരുന്നു. തൂണുകൾ നിർമ്മിക്കാൻ വേണ്ടി കുഴിയെടുക്കുന്നു. അപ്പോൾ ഒരു ഗുഹ കണ്ടു. ഗുഹയിൽ ഇരുട്ട്.
ഖലീഫയെ വിവരമറിയിച്ചു. ഖലീഫയും പ്രമുഖന്മാരും വന്നു. വെളിച്ചവുമായി ഗുഹയിൽ പ്രവേശിച്ചു. സമ ചതുരാകൃതിയിൽ ഒരു പെട്ടി. നൂറ്റാണ്ടുകൾ പഴക്കമുള്ള പെട്ടി. വളരെ സൂക്ഷ്മതയോടെ അത് തുറന്നു. പെട്ടിയിൽ യഹ്‌യാ(അ)ന്റെ ശിരസ്സ്...
തൊലിക്കോ മുടിക്കോ ഒരു കേടുമില്ല. അപ്പോൾ മുറിച്ചെടുത്ത ശിരസ്സ് പോലെയുണ്ട്. വളരെ ബഹുമാനപൂർവ്വം അത് ഖബറടക്കി. അതിന്റെ സ്മാരകം പോലെ മസ്ജിദ് പണിതുയർത്തി...