Wednesday - 22 April, 2026 4-Dhu al-Qadah-1447

നീമവ ഒരു പ്രാചീന നഗരം (1)

   പ്രാചീന ചരിത്ര സ്മരണകൾ അയവിറക്കി നിറഞ്ഞൊഴുകുന്ന ടൈഗ്രീസ് നദി.

അതിന്റെ കരയിലെ ഫലപുഷ്ടി നിറഞ്ഞ മനോഹരമായ പ്രദേശം. പൗരാണിക കാലത്ത് പല നാടുകളിലായി സഞ്ചരിക്കുന്ന ജനത ആ പ്രദേശത്തെത്തി. അവർക്ക് അവിടം വിട്ടു പോവാൻ മനസ്സ് വന്നില്ല. വന്നു ചേർന്നവരിൽ ഏറെപ്പേരും അവിടെ താമസമാക്കി...


 ജലസേചനം കൃഷിഭൂമിയെ സമ്പന്നമാക്കി. 

ധാന്യക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന വിശാലമായ കൃഷിയിടങ്ങൾ. പല തരം പഴങ്ങൾ പഴുത്തു പാകമായി നിൽക്കുന്ന മനോഹരമായ തോട്ടങ്ങൾ. അന്തിയുറങ്ങാൻ അനേകം വീടുകൾ. ഐശ്വര്യം അവർക്കിടയിൽ ഒഴുകി നടന്നു...


 ജനവാസം കൂടിക്കൂടി വന്നു. അങ്ങനെ അതൊരു പട്ടണമായി മാറി. ആ പുരാതന പട്ടണം ചരിത്രത്തിൽ നീനവ എന്നറിയപ്പെട്ടു. ഇറാഖിൽ മൗസിലിന്നടുത്താണ് ഈ പട്ടണം. നീനവ ജനനിബിഢമായ പട്ടണമായി മാറി. അവിടത്തെ ജനസംഖ്യ ഒരു ലക്ഷമായിരുന്നു. ഈസാ (അ) ജനിക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്ന ഒരു പട്ടണത്തിൽ ഒരു ലക്ഷം ജനസംഖ്യയുണ്ടായിരുന്നുവെങ്കിൽ, ആ കാലഘട്ടത്തിൽ ആ പട്ടണത്തിന്റെ പ്രാധാന്യമെന്തായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ...


 അശ്ശൂർ രാജാക്കന്മാർ നീനവ ഭരിച്ചുവെന്ന് ചരിത്രത്തിൽ കാണാം. അസീറിയന്മാർക്കാണ് അശ്ശൂർ എന്ന് പറയുന്നത്‌. അശ്ശൂർ എന്ന പേരിൽ ഒരു പട്ടണം നില നിന്നിരുന്നു.

അശ്ശൂർ രാജാക്കന്മാരുടെ കൊട്ടാരങ്ങൾ നീനവയിൽ ഉയർന്നു വന്നു. രാജാക്കന്മാർ ആഢംബര പൂർണ്ണമായ ജീവിതം നയിച്ചു. നാട്ടിലെ പ്രമുഖന്മാർ ഉയർന്ന വീടുകളിൽ താമസിക്കുകയും സുഖ-സൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്തുപോന്നു. ധാരാളം തൊഴിലവസരങ്ങളുമുണ്ട്.


 ജനങ്ങൾക്കാവശ്യമായ സാധനങ്ങൾ നിർമ്മിക്കാൻ നിപുണരായ തൊഴിലാളികൾ വേണം. കൈത്തൊഴിലുകൾ വളർന്നു വന്നു. തൊഴിലറിയുന്നവർക്ക് നല്ല വരുമാനം കിട്ടി. കൊത്തുവേലക്കാർക്കും കലാകാരന്മാർക്കും നല്ല അവസരങ്ങളുണ്ട്. അതൊന്നുമറിയാത്തവർക്ക് കൃഷിയിടങ്ങളിൽ ഇഷ്ടം പോലെ ജോലിയുണ്ട്. എല്ലാവർക്കും ജോലി. എല്ലാവർക്കും വരുമാനം. എല്ലാ വീടുകളിലും ഐശ്വര്യം കളിയാടി നിന്നു...


 സമ്പത്തും സമൃദ്ധിയും വന്നപ്പോൾ നീനവക്കാരുടെ മനസ്സിൽ പല തരം ദുർമോഹങ്ങൾ വളർന്നു വരാൻ തുടങ്ങി. ഫലസ്തീനിനെ അക്രമിക്കുക. കൊള്ളയടിക്കുക. അവിടെയുള്ള ഇസ്രയേല്യരെ തടവുകാരാക്കുക. അവരെ നീനവായിൽ കൊണ്ടു വന്നു പണിയെടുപ്പിക്കുക.

രാജാവും കൂട്ടരും അതിനുള്ള പദ്ധതി തയ്യാറാക്കി...


 ആയിരക്കണക്കായ തടവുകാരെ കിട്ടിയാൽ അവരെക്കൊണ്ട് എന്തെല്ലാം പണികൾ ചെയ്യിക്കാം. കാലികളെ മേയ്ക്കാൻ ധാരാളം പേരെ വേണം. വീടുകളിലെ ശുചീകരണത്തിനും അടുക്കളപ്പണിക്കും ആളുകളെ വേണം. കൃഷിപ്പണിക്കും ആളെ  വേണം. കൊട്ടാര കാര്യങ്ങൾ നോക്കാൻ തന്നെ എത്ര പേർ വേണം. ഇസ്രയേല്യരെ അടിമകളാക്കുക. എങ്കിൽ ഇതൊക്കെ നടക്കും. മനസ്സിൽ മോഹം വളർന്നു. 


സൈനിക സജ്ജീകരണങ്ങൾ ഒരുങ്ങുകയായി. എല്ലാ കുടുംബക്കാരും അതിൽ പങ്കാളികളായി. വമ്പിച്ച സൈന്യം പുറപ്പെട്ടു. അവർ ഫലസ്തീനിലെത്തി. ക്രൂരമായ അക്രമണങ്ങൾ അഴിച്ചു വിട്ടു...