മഹാനായ പ്രവാചകൻ യൂനുസ് നബി (അ)ന്റെ പേരു കേൾക്കുമ്പോൾ തന്നെ മത്സ്യത്തിന്റെ കഥയാണ് ഓർമ വരിക. സത്യത്തിൽ ആ പുണ്യ പ്രവാചകന്റെ ചരിത്രത്തിൽ ഓരോ വിശ്വാസിക്കും എമ്പാടും പഠിക്കാനും പകർത്താനുമുണ്ട്. നിസാര പ്രശ്നങ്ങൾക്കു മുമ്പിൽ ഉദ്ദിഷ്ഠ ലക്ഷ്യം നേടാനാവാതെ നിരാശപ്പെടുന്ന മനുഷ്യൻ. ജീവിതം തന്നെ അവസാനിപ്പിക്കുന്ന കഥകളെത്ര...
പക്ഷെ എന്തൊക്കെ പരീക്ഷണങ്ങളും പ്രയാസങ്ങളുമുണ്ടായിടും നാവിലും മനസ്സിലും ഇലാഹീ ചിന്തയുമായി മുന്നേറിയതിനാൽ യൂനുസ് നബി (അ)നെ അല്ലാഹു ﷻ രക്ഷപ്പെടുത്തിയ കഥ വായിക്കുമ്പോൾ ഓരോ വിശ്വാസിയെയും ദൈവ സ്മരണയിലൂടെ ഏതു പ്രയാസവും സഹിക്കാനും ക്ഷമിക്കാനും പ്രാപ്തമാക്കുമെന്നതിൽ സന്ദേഹമില്ല.
ഒരു ലക്ഷത്തിൽപരം ജനസംഖ്യയുള്ള നീനവ പട്ടണം. അവിടേക്കു നിയുക്തനായ പ്രവാചകൻ യൂനുസ് (അ). അത്ഭുതങ്ങൾ നിറഞ്ഞ ജീവിതം. ആ ജനത ചരിത്രത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. പ്രവാചകൻ എത്രയൊക്കെ ശ്രമിച്ചിട്ടും നേർവഴിയിലെത്താത്ത ജനത. ഒടുവിൽ പിണങ്ങി പിരിഞ്ഞുപോയി.
പ്രവാചകരുടെ അഭാവത്തിൽ സന്മാർഗ്ഗം തേടിപ്പോയ ജനത. വെളിച്ചം ലഭിച്ചപ്പോൾ പ്രവാചകരുടെ തിരിച്ചുവരവിന് ആകാംക്ഷയോടെ കാത്തിരുന്ന ആ ജനതയുടെ കഥയാണ് ഈ ചരിത്രം. നമുക്ക് ഏറെ പാഠങ്ങൾ പഠിക്കാനും പകർത്താനുമുണ്ടിവിടെ.
പ്രവാചകന്മാരെ ധിക്കരിച്ച ജനതയെ നശിപ്പിച്ച ചരിത്രമാണ് നാം ഇത് വരെ വയിച്ചിട്ടുള്ളത്. നാശത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതാണ് നീനവാക്കാർ. അവരുടെ ചരിത്രം അത്ഭുതത്തോടു കൂടി മാത്രമേ വായിക്കാൻ കഴിയുകയുള്ളു...
യൂനുസ് നബി (അ) ഒരതിശയമായി ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന മഹാ വ്യക്തിത്വം. ഒരേ സമൂഹത്തിലേക്ക് രണ്ട് തവണ പ്രബോധനത്തിനെത്തിയ മഹാപ്രവാചകൻ. മത്സ്യത്തിന്റെ വയറ്റിൽ വെച്ച് യൂനുസ് (അ) ചൊല്ലിയ തസ്ബീഹ്. അന്ത്യപ്രവാചകരുടെ അനുയായികളാകാനും ആ തസ്ബീഹ് ഏറ്റ് ചൊല്ലി നന്മ നേടേണ്ടതുണ്ട്. അത്ഭുതം നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോന്ന യൂനുസ് നബി (അ)നെ അടുത്തറിയാൻ ഈ ചരിത്രം വായിക്കുക. നാഥൻ തുണക്കട്ടെ..!
ആമീൻ യാ റബ്ബൽ ആലമീൻ...