Wednesday - 22 April, 2026 4-Dhu al-Qadah-1447

കൻആനിലെ സന്തോഷം (1)

   അവർ മിസ്വിറിലെത്തി. കൊട്ടാരത്തിൽ പ്രവേശിച്ചു. അസീസിനെ കണ്ടു. അവർക്ക് ധാന്യത്തെക്കുറിച്ചാണ് പറയാനുള്ളത്. കൻആനിലെ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞു. കുറഞ്ഞ സംഖ്യ മാത്രമേ കൊണ്ട് വന്നിട്ടുള്ളൂ. വില പരിഗണിക്കാതെ അളവ് തികച്ച് തരണം. ദാനമായും ധാന്യം നൽകണം. പട്ടിണിയാണെന്ന് കേട്ടപ്പോൾ യൂസുഫ്(അ)ന്റെ മനസ്സലിഞ്ഞു...


 വിശുദ്ധ ഖുർആൻ പറയുന്നു: "അങ്ങനെ യൂസുഫിന്‍റെ അടുക്കല്‍ കടന്ന് ചെന്നിട്ട് അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തേയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അളവ് തികച്ചുതരികയും, ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്‌."


 എന്തൊക്കെ സംസാരിച്ചിട്ടും അവർ യൂസുഫിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കുടുംബവും ദാരിദ്ര്യവുമൊക്കെ പറഞ്ഞു. ധാന്യം കിട്ടണം, അത് കിട്ടാൻ വേണ്ട കാര്യങ്ങൾ പറയുന്നുണ്ട്. ഒടുവിൽ അസീസ് ചോദിച്ചു: "യൂസുഫിനോടും അവന്റെ സഹോദരനോടും നിങ്ങൾ എത്ര ക്രൂരമായിട്ടാണ് പെരുമാറിയത്. നിങ്ങൾക്ക് ഓർമ്മയുണ്ടോ യൂസുഫിനെ?" ഓർക്കാപ്പുറത്ത് അടി കിട്ടിയത് പോലെയായി... 


  യൂസുഫ് എന്ന വാക്കിനെ അവർ ഭയന്നു. എന്താ ഇങ്ങനെ ഒരു ചോദ്യം വരാൻ കാരണം? ഈ നിൽക്കുന്ന അസീസ് ആരാണ്? എന്തൊരു സൗന്ദര്യമാണദ്ദേഹത്തിന്? യൂസുഫിനെപ്പോലെ. ഇദ്ദേഹം യൂസുഫ് തന്നെയാകുമോ? അവർ ഞെട്ടി.  ഇത് യൂസുഫ് ആണെങ്കിൽ? എന്തായിരിക്കും സംഭവിക്കുക..? 


 "നിങ്ങൾ തന്നെയാണോ യൂസുഫ്? " അവർ ആശങ്കയോടെ ചോദിച്ചു.


 "അതെ ഞാൻ തന്നെയാണ് യൂസുഫ്. ഇത് എന്റെ സഹോദരൻ. അല്ലാഹുﷻ ഞങ്ങളെ അനുഗ്രഹിച്ചു."


 സഹോദരങ്ങൾ ഭയന്നു പോയി. മനസ്സിടറി. കണ്ണിൽ ഇരുട്ട് കയറിയത് പോലെയായി. തങ്ങൾ ചെയ്ത കൊടും ക്രൂരത! കിണറ്റിലെറിയപ്പെട്ട യൂസുഫ് ഈ നിലയിലെത്തിയോ? യൂസുഫ് ഇന്ന് അസീസാണ്. ഈ കൊട്ടാരം അസീസിനുള്ളതാണ്. ഈ ജനത മുഴുവൻ യൂസുഫിനെ സ്നേഹിക്കുന്നു. ആദരിക്കുന്നു. കല്പന സ്വീകരിക്കാൻ എത സേവകന്മാർ, മികച്ച പട്ടാള ശക്തി...


 ക്ഷാമം പിടിപെട്ട കാലത്ത് രാജ്യം രക്ഷപ്പെട്ടത് യൂസുഫിന്റെ കഴിവു കൊണ്ടാണ്. യൂസുഫിന് അല്ലാഹുﷻ നൽകിയ പദവികൾ അതിശയകരം തന്നെ. ഞങ്ങളുടെ അവസ്ഥയോ? ധാനം ചോദിച്ചു വന്നു നിൽക്കുകയാണ്. പട്ടിണിയാണെന്ന പരാതിയുമായി കൈ നീട്ടി. നിൽക്കുകയാണ്. യാചകരെപോലെ...


 അല്ലാഹുﷻ തങ്ങളെ ഈ അവസ്ഥയിലാക്കി. തങ്ങൾ ചെയ്ത തെറ്റുകൾക്ക്. ഇന്ന് പ്രതികാരം ചെയ്യപ്പെടുമോ? മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്. എന്ത് പ്രതികാര നടപടിയാണുണ്ടാവുക? വധശിക്ഷയോ? ഭയം അവരെ ആവരണം ചെയ്തു...


 അവരുടെ മാനസികാവസ്ഥ യൂസുഫ്(അ) മനസ്സിലാക്കി. പേടിച്ചു നിൽക്കുന്ന സഹോദരങ്ങളെ കരണയോടെ നോക്കികൊണ്ട് യൂസുഫ്(അ) പറഞ്ഞു: "ഇന്ന് നിങ്ങൾക്കെതിരെ യാതൊരു പ്രതികാര നടപടിയുമില്ല. അല്ലാഹുﷻ നിങ്ങൾക്കു പൊറുത്തുതരട്ടെ...


 അത് കേട്ടപ്പോഴാണ് അവർക്ക് ജീവൻ നേരെവീണത്. നിങ്ങൾ നാട്ടിലേക്ക് മടങ്ങുക. എന്റെ ഉടുപ്പ് കൊണ്ട് പോവണം. അത് ഉപ്പായുടെ മുഖത്തിടുക. അപ്പേൾ ഉപ്പയുടെ കാഴ്ചശക്തി തിരിച്ചു കിട്ടും. എല്ലാ കുടുംബാംഗങ്ങളേയും കൂട്ടി എന്റെ അടുത്തേക്ക് വരിക...


 വിശുദ്ധ ഖുർആൻ പറയുന്നു: 

"നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്‍റെ പിതാവിന്‍റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരുകയും ചെയ്യുക." (12:93)