Wednesday - 22 April, 2026 4-Dhu al-Qadah-1447

മണ്ണിലേക്കു മടങ്ങി (1)

   സുലൈഖ... 

യൂസുഫ് നബി (അ) ന്റെ പ്രിയപത്നി. ഇസ്ഹാഖ്(അ)ന്റെ മരുമകൾ. മരുമകൾ ഇസ്ഹാഖ്(അ) നിന്ന് ആത്മീയ വിജ്ഞാനം നേടി. അല്ലാഹുﷻവിനെക്കുറിച്ചുള്ള വിദ്യനേടി. അല്ലാഹുﷻവിനെ അറിഞ്ഞു. അല്ലാഹുﷻ അവൻ സർവ്വശക്തനാണ്. പരമകാരുണികനാണ്. മനുഷ്യരിൽ സ്നേഹവും വാത്സല്യവും സൃഷ്ടിച്ചവനാണ്.


അല്ലാഹുﷻവിൽ നിന്നാണ് സ്നേഹം വരുന്നത്. അവൻ അടിമകളെ സ്നേഹിക്കുന്നു. സുലൈഖ ചിന്തിച്ചു. ഞാൻ ആരാണ്? അടിമ. അല്ലാഹുﷻവിന്റെ അടിമ. എനിക്കുള്ളതെല്ലാം അവൻ തന്നതാണ്. അല്ലാഹുﷻവിനെയാണ് സ്നേഹിക്കേണ്ടത്. യഥാർത്ഥത്തിലുള്ള സ്നേഹം അതാണ്. അല്ലാഹുﷻവിനെ സ്നേഹിക്കുക... 


 ആരാധനകൾ വർദ്ധിപ്പിച്ചു. മനസ്സ് നിറയെ അല്ലാഹുﷻവിനോടുള്ള സ്നേഹം മാത്രം. ഹഖായ സ്നേഹം. പണ്ട് യൂസുഫ്(അ)നോടായിരുന്നു സ്നേഹം. ഒരിക്കൽ പിന്നാലെ കൂടി വാതിലടച്ചു. യുസുഫിന്റെ പിന്നാലെ ഓടി. പിടികൂടി. ഷർട്ട് കീറിപ്പോയി. ചരിത്രം മാറിവന്നു. സുലൈഖ (റ) ഇന്ന് യൂസുഫ് (അ)ന്റെ ഭാര്യയാണ്. നബിക്ക് ഭാര്യയോട് വല്ലാത്ത സ്നേഹം...


 ഒരിക്കൽ യൂസുഫ്(അ) സുലൈഖയെ പിടക്കാൻ പിന്നാലെ ഓടി. ഓടിച്ചിട്ടുപിടിച്ചു. പിടിവലിയിൽ സുലൈഖയുടെ ഉടുപ്പ് കീറിപ്പോയി. സുലൈഖ പറഞ്ഞു: "ഇത് അന്നത്തേതിന് പകരമാണ്." സുലൈഖ (റ) ഹഖായ സ്നേഹം കണ്ടെത്തിക്കഴിഞ്ഞു. ഈ അവസ്ഥയിൽ എങ്ങനെയെത്തി?


 യഅ്ഖൂബ്(അ)ന്റെ ശിക്ഷണം അതാണ് കാരണം. ശൈഖ് മുരീദിന് തർബിയത്ത് നൽകുംപോലെ യഅ്ഖൂബ്(അ) സുലൈഖക്ക് ശിക്ഷണം നൽകി. അത് ഫലിച്ചു. കൊട്ടാരത്തിന്റെ അലങ്കാരങ്ങളോ ആഡംബരങ്ങളോ തനിക്കുവേണ്ട. അല്ലാഹുﷻവിന്റെ പൊരുത്തം കിട്ടണം അത് മതി. ഈ അവസ്ഥ വരുത്തിയത് യഅ്ഖൂബ്(അ) ആകുന്നു. അത്ഭുതകരമായ മാറ്റം...


 പണ്ട് ഇബ്റാഹീം(അ) ഹിബ്റൂത്തിൽ ഒരു സ്ഥലം വാങ്ങി. സാറാ (റ) വഫാത്തായപ്പോൾ ഖബറടക്കാൻ.  ഒരു ഗുഹ. അതിൽ സാറാ (റ)യെ ഖബറടക്കി. അതിന്നരികിൽ ഇബ്റാഹീം(അ) അന്ത്യവിശ്രമം കൊള്ളുന്നു. 


 ഒരിക്കൽ യഅ്ഖൂബ്(അ) ഹിബ്റൂത്തിൽ ചെന്നു. പിതാവ് ഇസ്ഹാഖ്(അ)നെ കാണാൻ കുറച്ച് ദിവസം അവിടെ തങ്ങി. മറ്റൊരു മകനായ ഐസ്വുവും എത്തി...


 ഇസ്ഹാഖ്(അ)ന്ന് രോഗം വന്നു. ശുശ്രുഷ നൽകിയിട്ടും ഫലമുണ്ടായില്ല. ഇസ്ഹാഖ്(അ) അന്ത്യശ്വാസം വലച്ചു. അദ്ദേഹത്തിന് നൂറ്റി എൺപത് വയസ്സ് പ്രായമുണ്ടായിരുന്നു. ഐസ്വുവും യഅ്ഖൂബ്(അ) ഉം ചേർന്ന് മരണാനന്തര കർമ്മങ്ങൾ നടത്തി. പിതാവിന്ന് സമീപം തന്നെ ഇസ്ഹാഖ്(അ) ഖബറടക്കപ്പെട്ടു. കാലം പിന്നെയും മുന്നോട്ട് നീങ്ങി... 


 യൂസുഫ്(അ) രാജ്യ കാര്യങ്ങളിൽ വ്യാപൃതനായി. നിരവധി യാത്രകൾ. രാജ്യത്തിന്റെ പ്രശ്നങ്ങൾ. അവ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ സ്വന്തം നാട്ടുകാരെയും അയൽക്കാരെയും പട്ടിണിയിൽ നിന്ന് രക്ഷിക്കാനുള്ള കഠിന ശ്രമങ്ങൾ...