Wednesday - 22 April, 2026 4-Dhu al-Qadah-1447

സമാഗമം (2)

   യൂസുഫ് നബി (അ) ന്റെ മാതാവ് റാഹീൽ ആകുന്നു. അവർ നേരത്തെ മരിച്ചു പോയിട്ടുണ്ട്. ബിൻയാമീന്റെ പ്രസവത്തെ തുടർന്നായിരുന്നു മരണം. മാതാപിതാക്കളെ സിംഹാസനത്തിലിരുത്തി എന്ന് പറഞ്ഞതോ? അതിന്ന് രണ്ട് വിധത്തിൽ മറുപടി കാണുന്നു.


 യൂസുഫ് നബി (അ)ന്റെ ഉമ്മയെ അല്ലാഹുﷻ ജീവിപ്പിച്ചു. അതാണ് ഒരാഭിപ്രായം. സ്വപ്നം സാക്ഷാൽകരിക്കപ്പെടാൻ ഉമ്മ ജീവിതത്തിലേക്ക് മടങ്ങി വരേണ്ടതുണ്ട്.


 രണ്ടാമത്തെ അഭിപ്രായം: ഉമ്മയുടെ സഹോദരി ലൈല ആയിരുന്നു. ഉമ്മയുടെ സ്ഥാനത്ത് നിൽക്കുന്നവരാണല്ലോ അവരുടെ സഹോദരിമാരും. ചിലർ രേഖപ്പെടുത്തിയതിങ്ങനെയാണ്. യൂസുഫ്(അ) സിംഹാസനത്തിൽ ഇരുത്തിയത് എളേമ (ഉമ്മായുടെ അനിയത്തി) യെ ആയിരുന്നു. എളേമ (ഇളയുമ്മ ) ഉമ്മയുടെ സ്ഥാനത്താണ്...


 പിതാവിന്റെയും സംഘത്തിന്റെയും വരവിനെ കുറിച്ചു മുൻ കൂട്ടി വിവരം നൽകാൻ വേണ്ടി യഹൂദ നേരത്തെ തന്നെ പുറപ്പെട്ടിരുന്നു. പിതാവിന് ആയിരങ്ങൾ സ്വീകരണം നൽകിയപ്പോൾ അവർക്കൊപ്പം യഹൂദയും ഉണ്ടായിരുന്നു...


 യഅഖൂബ് (അ) വാഹനപ്പുറത്ത് നിന്നിറങ്ങി യഹൂദയുടെ ചുമലിൽ കൈയിട്ടുകൊണ്ട് നടക്കാൻ തുടങ്ങി. ഇത് കണ്ട് യൂസുഫ് (അ) വാഹനപ്പുറത്ത് നിന്നിറങ്ങി പിതാവിന്റെ അടുത്തെത്തി സലാം പറഞ്ഞു. സലാം മടക്കിക്കൊണ്ട് ആലിംഗനം ചെയ്തു. ഇരുവരും പൊട്ടിക്കരഞ്ഞുപോയി. വല്ലാത്തൊരു സമാഗമരംഗം...


 അത് കണ്ട് എല്ലാവരും സ്തബ്ധരായി നിന്ന് പോയി. പെട്ടെന്ന് ജിബ് രീൽ (അ) പ്രത്യക്ഷപ്പെട്ടു. ഇപ്രകാരം പറഞ്ഞു: "ആകശത്തേക്കു നോക്കൂ..." എന്തുമാത്രം മലക്കുകളാണ് അവിടെ അണിനിരന്ന് നിൽക്കുന്നത്! ഈ സമാഗമവേളയിൽ  പിതാവിനെയും പുത്രനെയും ആശംസിക്കുകയാണവർ.  മനുഷ്യരുടെ ആശംസകൾ..! മലക്കുകളുടെ ആശംസകൾ..!  


 സ്വീകരണ ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്ന ഒരു ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിക്കുന്നു. അഫ്റാഈം. യൂസുഫ് നബി (അ)ന്റെ പുത്രൻ. അഫ്റാഈമും ബിൻയാമീനും തമ്മിലാണ് വലിയ കൂട്ട്. അവർ കൂട്ടുകാരെപ്പോലെയായി.  പരസ്പ്പരം കണ്ടിട്ടും സംസാരിച്ചിട്ടും മതിവരുന്നില്ല. അഫ്റാഈം വല്യപ്പുമയുടെ കൂടെ തന്നെയുണ്ട്. സ്വീകരണത്തിന്റെ ആരവമൊഴിഞ്ഞു.  സൽക്കാരം കഴിഞ്ഞ് എല്ലാവരും കൊട്ടാരത്തിൽ വിശ്രമിച്ചു...


 ദിവസങ്ങൾ കൊഴിഞ്ഞു വീഴാൻ തുടങ്ങി. യഅ്ഖൂബ്(അ) യൂസുഫ് (അ) നോട് പറഞ്ഞു: "മോനെ! എനിക്ക് കൊട്ടാര ജീവിതം മതിയായി. ഒരു ചെറിയ വീട് മതി. എന്റെ ആരാധനകളുമായി അതിൽ കഴിയാം." ഒരു ചെറിയ വീട്ടിലേക്ക് യഅഖൂബ്(അ) താമസം മാറ്റി. ആരാധനകളിൽ മുഴുകിയ ജീവിതം നയിച്ചു...


 സഹോദരങ്ങൾക്കെല്ലാം ഓരോ വീടുകൾ നൽകി. ഓരോരുത്തരും കുടുംബസമേതം താമസമാക്കി. ഭാര്യമാരും മക്കളുമെല്ലാം ചേർന്നുള്ള ശാന്തമായ ജീവിതം. അവരുടെ സന്താനപരമ്പരകൾ പിൽകാലത്ത് ഗോത്രങ്ങളായിത്തീർന്നു...


 അഫ്റാഈം വിവാഹിതനാവുകയാണ്. മിസ്വറിൽ അതൊരു വലിയ സംഭവമായി. ആചാരവിധിപ്രകാരം വിവാഹം നടന്നു. അഫ്റാഈം ഭാര്യയോടൊപ്പം മാതൃകാ ജീവിതം നയിച്ചു. ഈ ദമ്പതികൾക്ക് ഒരാൺകുഞ്ഞ് പിറന്നു. ആ കുട്ടിക്ക് നൂൻ എന്നു പേരിട്ടു...


 വർഷങ്ങൾ പലതു കടന്നു പോയി. നൂൻ വളർന്നു വലുതായി. വിവാഹിതനായി. അതിൽ ഒരാൺകുട്ടി ജനിച്ചു. ആ കുട്ടിയാണ് നബിയുല്ലാഹി യൂശഅ് (അ)...


 യഅ്ഖൂബ്(അ)ന്റെ കുടുംബം പ്രവാചകന്മാരുടെ കുടുംബമാണ്. ഉപ്പ, ഇസ്ഹാഖ്(അ) , ഉപ്പൂപ്പ ഇബ്റാഹീം(അ) മകൻ യൂസുഫ്(അ) മക്കളിൽ വേറെയും നബിമാർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്...