യഅ്ഖൂബ്(അ)ന്റെ മറ്റൊരു പേരാണ് ഇസ്രാഈൽ. ഈ പേര് കിട്ടാൻ പലരും പലകാരണങ്ങൾ പറഞ്ഞിട്ടുണ്ട്. ഇസ്രാഈൽ എന്ന പദത്തിന്റെ അർത്ഥം അല്ലാഹുﷻവിന്റെ ദാസൻ എന്നാകുന്നു. കഠിനമായ പരീക്ഷണങ്ങൾ സഹിച്ച പ്രവാചകൻ അല്ലാഹുﷻവിന്റെ ഇഷ്ട ദാസനായി മാറി.
ഇസ്രാ എന്ന പദത്തിന് സ്വീകരിക്കപ്പെട്ടവൻ എന്നാണ് അർത്ഥമെന്ന് പറയപ്പെട്ടിരിക്കുന്നു. ഈൽ എന്നാൽ അല്ലാഹു. അല്ലാഹുവിനാൽ സ്വീകരിക്കപ്പെട്ടവൻ എന്നാണ് ഇസ്റാഈൽ എന്ന പദത്തിന്റെ അർത്ഥമെന്ന് കാണുന്നു...
പിന്നീടുള്ള തലമുറ ഇസ്രാഈല്യർ അല്ലെങ്കിൽ ബനൂ ഇസ്രാഈൽ (ഇസ്രാഈൽ സന്തതികൾ) എന്ന പേരിൽ അറിയപ്പെടുന്നു. അനേക ഗോത്രങ്ങളായി ഇസ്രാഈല്യർ വളർന്നു വികസിച്ചു. ഇവരിൽ നിന്ന് എത്രയോ നബിമാർ ഉണ്ടായിട്ടുണ്ട്. അവർ ലോകമെങ്ങും തൗഹീദിന്റെ സന്ദേശം പ്രചരിപ്പിച്ചു...
ഇസ്രാഈലി പ്രവാചകന്മാർ തങ്ങളുടെ വംശത്തിന്റെ തലവനായ യഅ്ഖൂബ്(അ) നെ ആദരവോടെ അനുസ്മരിച്ചു പോന്നു. ഇസ്രാഈലി പ്രവാചകനായ മൂസാ(അ)ന്ന് തൗറാത്ത് അവതരിക്കപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ഭാവിയിൽ നടക്കുമെന്ന് യഅ്ഖൂബ് (അ)ന്ന് അറിയാമായിരുന്നു. ഇസ്രാഈലി വംശത്തിൽ ധാരാളം രാജാക്കന്മാരുണ്ടാവുമെന്നും യഅ്ഖൂബ്(അ)ന്ന് അറിയാമായിരുന്നു...
യഅ്ഖൂബ്(അ) ഒരിക്കൽ യൂസുഫ്(അ)നോടിങ്ങനെ പറഞ്ഞു: "ഞാൻ മരണപ്പെട്ടാൽ എന്റെ ഉപ്പയുടെയും ഉപ്പൂപ്പയുടേയും സമീപത്ത് ഖബറടക്കണം. നിന്റെ സഹോദരങ്ങളോട് ഒരിക്കലും വെറുപ്പ് തോന്നരുത്." യൂസുഫ്(അ) സമ്മതിച്ചു.
സഹോദരങ്ങളോട് വെറുപ്പ് തോന്നില്ല. അവരെല്ലാം പശ്ചാതപിച്ചു മടങ്ങിയവരാണ്. സംശുദ്ധമായ ജീവിതം. നയിക്കുന്നവരാണ്. അവരിൽ നിന്നെല്ലാം പരിശുദ്ധമായ പരമ്പര ഉണ്ടായിത്തീരും നബിമാർ വരുന്ന പരമ്പരയാണത്. നിരവധി ഔലിയാക്കന്മാരും അവരിൽ നിന്ന് വരാനുണ്ട്...
മിസ്വിറിലെ ജനങ്ങൾ യഅ്ഖൂബ്(അ) നെ സ്വന്തം പിതാവായി തന്നെയാണ് കണ്ടത്. അവർ പിതാവിനെ വളരെയേറെ ആദരിച്ചിരുന്നു. യഅ്ഖൂബ്(അ)ന്ന് വയസ്സ് നൂറ്റി നാല്പത്തി ഏഴ്. ഒരു പുരുഷായുസ്സ് അവസാനിക്കുകയാണ്...
മിസ്വറിൽ പ്രവേശിക്കുമ്പോൾ യഅഖൂബ്(അ)ന് വയസ്സ് നൂറ്റിമുപ്പത് ആയിരുന്നു. പതിനെട്ട് വർഷം യൂസുഫിനൊപ്പം ജീവിച്ചു. ഒടുവിൽ മിസ്റുകാർ ആ ദുഃഖ വാർത്ത കേട്ടു . യഅ്ഖൂബ്(അ) വഫാത്തായി. സ്വന്തം പിതാവ് മരിച്ചത് പോലുള്ള ദുഃഖം. മിസ്റ് ശോകമൂകമായി ജനം കുലംകുത്തി ഒഴുകുകയാണ്. എല്ലാ മനസ്സിലും ദുഃഖം മാത്രം...
മയ്യിത്ത് കുളിപ്പിച്ചു. കഫൻ ചെയ്തു. കർമ്മങ്ങൾ പൂർത്തിയായി. ഇനി യാത്രയാണ്. അന്ത്യയാത്ര. ദീർഘയാത്ര പുറപ്പെട്ടു. ഹിബ്റൂത്തിലേക്ക്. പ്രമുഖരെല്ലാം കൂടെപ്പോവുന്നു. ഒരുപാട് നേതാക്കൾ. മരുഭൂമിയിലൂടെ ആ യാത്ര നീങ്ങി...
ഐസ്വുവും യഅ്ഖൂബ്(അ)മും ഇരട്ടപെറ്റ മക്കളാണ്. ഐസ്വു നൂറ്റിമുപ്പത്തഞ്ചാം വയസ്സിൽ മരണപ്പെട്ടു. പിതാവിനു സമീപം ഖബറടക്കി. സഹോദരങ്ങൾ പഴയ കഥ ഓർത്തു...
യൂസുഫ്(അ)നെ സഹോദരങ്ങൾ കിണറ്റിലെറിഞ്ഞു. മിസ്റിലേക്കു വരുന്ന കച്ചവട സംഘം രക്ഷപ്പെടുത്തി. മിസ്വിറിലെത്തിച്ചു. അക്കാലത്തെ അസീസിന്നു വിറ്റു. പിൽക്കാലത്ത് ജയിലിൽ കഴിയേണ്ടിവന്നു. രാജാവിന്റെ സ്വപ്നത്തിന് വ്യാഖ്യാനം നൽകിയതിനാൽ ജയിലിൽ നിന്ന് പുറത്ത് വന്നു. അസീസായി നിയോഗിക്കപ്പെട്ടു. വളരെ മികച്ച നിലയിൽ റേഷൻ സമ്പ്രദായം നടപ്പിലാക്കി. സംഭവങ്ങൾ മുഴുവൻ സഹോദരങ്ങളുടെ മനസ്സിൽ തെളിഞ്ഞു വന്നു...
ഉപ്പയുടെ ജനാസ നീങ്ങുകയാണ്...