യഅ്ഖൂബ്(അ) യാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു. വാർദ്ധക്യകാലത്ത് ആഹ്ലാദപൂർവ്വം ഒരു യാത്ര. ആ യാത്രാ സ്ഥലത്തിൽ എത്ര പേരുണ്ടായിരുന്നു? വ്യത്യസ്ഥ അഭിപ്രായങ്ങൾ കാണുന്നു...
ഇബ്നു അബ്ബാസ് (റ) പറയുന്നു: ആ സംഘത്തിൽ അറുപത്തി മൂന്ന് പേരുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ശദ്ദാദിന്റെ റിപ്പോർട്ട് പ്രകാരം എൺപത്തിമൂന്ന് പേരാണ്.
എല്ലാവരും അണിഞ്ഞൊരുങ്ങി ആഹ്ലാദപൂർവ്വം പുറപ്പെട്ടു. മിസ്വറിൽ വാർത്ത പരന്നു. തങ്ങൾ ജീവനെപ്പോലെ സ്നേഹിക്കുന്ന അസീസിന്റെ ബന്ധുക്കൾ എത്തുകയാണ്. അവർക്ക് രാജാേചിതമായ സ്വീകരണം തന്നെ നൽകണം...
മിസ്വ്ർ ഭരിക്കുന്ന രാജാവ് തന്നെ സ്വീകരണത്തിന്റെ ചുമതല ഏറ്റെടുത്തു. തന്റെ വിശ്വസ്ഥ സേവകനായ അസീസിന്റെ ബന്ധുക്കളെ താൻ തന്നെ സ്വീകരിക്കണം. പട്ടാളക്കാരുടെ അകമ്പടി വേണം. കൊട്ടാരവും പരിസരവും അലങ്കരിക്കണം...
ജനങ്ങളെല്ലാം ആഹ്ലാദം കൊള്ളുകയാണ്. ബിൻയാമീൻ എല്ലാം കാണുന്നു. ജനങ്ങൾക്കെന്തൊരു സന്തോഷം. അവർ തന്റെ ഇക്കാക്കയെ എന്ത് മാത്രം സ്നേഹിക്കുന്നു. അത്ഭുതകരമായ സ്നേഹം തന്നെ...
ഇത്രയും കാലം കഠിനമായ വേദന തിന്നുകഴിഞ്ഞ തന്റെ പിതാവിനെ ഇതാ ഒരു രാജ്യം ആഹ്ലാദപൂർവ്വം സ്വീകരിക്കാനൊരുങ്ങുന്നു. അല്ലാഹുﷻവിന്റെ അനുഗ്രഹം തന്നെ.
ഘോഷയാത്ര നീങ്ങുകയാണ്. രാജ്യത്തിന്റെ അതിർത്തിയിലേക്ക് യഅ്ഖൂബ്(അ) പരിവാര സമേതം എത്തിക്കഴിഞ്ഞു. മിസ്വ്റിലേക്ക് സ്വാഗതം! പന്ത്യ പിതാവിനെ എതിരേറ്റു. അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ആനയിക്കണം കൊട്ടാരപരിസരം ജനനിബിഢമായിക്കഴിഞ്ഞു...
രാജാവും, അസീസും, ബിൻയാമിനും മറ്റ് പ്രമുഖന്മാരും അണിനിരന്നു കഴിഞ്ഞു. പിതാവും പുത്രനും കണ്ടു. സലാം ചൊല്ലി. ആലിംഗനം ചെയ്തു. ആനന്ദത്തിന്റെ കണ്ണീരൊഴുക്കി. വിശുദ്ധ ഖുർആനിൽ ഈ രംഗം വിവരിക്കുന്നത് ഇങ്ങനെയാണ്.
"അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക." (12:99)
"അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്. എന്‍റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍ നിങ്ങളെയെല്ലാവരെയും (എന്‍റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു." (12:100)
യൂസുഫ് നബി (അ) ന്റെ മാതാവ് റാഹീൽ ആകുന്നു. അവർ നേരത്തെ മരിച്ചു പോയിട്ടുണ്ട്. ബിൻയാമീന്റെ പ്രസവത്തെ തുടർന്നായിരുന്നു മരണം...