Wednesday - 22 April, 2026 4-Dhu al-Qadah-1447

കൻആനിലെ സന്തോഷം (2)

   അവരുടെ മുഖം തെളിഞ്ഞു. മനസ്സ് നിറയെ ആഹ്ലാദം തങ്ങളുടെ കഷ്ടപ്പാടുകൾ തീരാൻ പോവുകയാണ്. ഇനി നൈൽ നദിയുടെ നാട്ടിൽ താമസിക്കാം. അസീസിന്റെ സഹോദരന്മാരായി തന്നെ കഴിയാം. തങ്ങൾ ആദരിക്കപ്പെടുകയാണ്... 


 ആട്ടിടയന്മാരുടെ വേഷം മാറ്റാം. ആട് മേയ്ക്കുന്ന തൊഴിൽ നിർത്താം. ഉന്നതമായ ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാം. പെതുകാര്യ പ്രസക്തരായി ഇനിയുള്ള കാലം കഴിയാം... പെട്ടെന്ന് നാട്ടിലെത്തണം. ഉപ്പയെ വിവരം അറിയിക്കണം. ഉപ്പയുടെ കരച്ചിൽ തീരട്ടെ. ആ ദുഃഖത്തിന് ശമനമുണ്ടാവട്ടെ...


 ബന്ധുക്കളെയെല്ലാം കൊണ്ട് വരാം. അങ്ങെത്തട്ടെ...  യൂസുഫ്(അ) ന്റെ ഉടുപ്പ് പൊതിഞ്ഞെടുത്ത് സൂക്ഷിച്ചു. വിലപിടിപ്പുള്ള സാധനം പോലെ. യഅ്ഖൂബ്(അ)ന്റെ മുഖം തെളിഞ്ഞു. വല്ലാത്തൊരു പ്രസന്നത. ബന്ധുക്കൾ അത് കണ്ടു. അവർ ചുറ്റും കൂടി... 


 "മക്കളേ! യൂസുഫിന്റെ സുഗന്ധം..! കാറ്റിലൂടെ സുഗന്ധം വരുന്നു..."


 ബന്ധുക്കൾ നെറ്റി ചുളിച്ചു. അവരുടെ മുഖം മങ്ങി. യൂസുഫിനെക്കുറിച്ചോർത്ത് ദീർഘകാലം കരഞ്ഞ് ഇപ്പോൾ പിച്ചും പേയും പറയാൻ തുടങ്ങിയിരിക്കുന്നു...


 "പഴയ ദുഃഖം ഇനിയും നിർത്താനായില്ലേ..?യൂസുഫിനെക്കുറിച്ചല്ലാതെ മറ്റൊന്നും ഓർക്കനില്ലേ?" ബന്ധുക്കളുടെ പ്രതികരണം അതായിരുന്നു...


 "ഇല്ല മക്കളെ എനിക്കൊന്നും പറ്റിയിട്ടില്ല. ഞാൻ നല്ല ബോധത്തോടെയാണ് സംസാരിക്കുന്നത്. എനിക്ക് യൂസുഫിന്റെ വാസന അറിയാം." 


 യഅ്ഖൂബ് നബി (അ)ന്റെ മുഖം കൂടുതൽ പ്രസന്നമായി. സന്തോഷം അല തല്ലാൻ തുടങ്ങി. "എനിക്കിപ്പോൾ യൂസുഫിന്റെ സുഗന്ധം നന്നായി ലഭിക്കുന്നു. പൊന്നുമോനെ..... യൂസുഫ്..!"


 "നിങ്ങളിപ്പോഴും ആ വഴിപിഴച്ച ധാരണയിൽ തന്നെയാണ്." ബന്ധുക്കൾക്ക് അതേ പറയാനുള്ളൂ...


 വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "യാത്രാസംഘം (ഈജിപ്തില്‍ നിന്ന്‌) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് (അടുത്തുള്ളവരോട്‌) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്‍റെ വാസന അനുഭവപ്പെടുന്നുണ്ട്‌. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്‌.)" (12:94)


 വാർദ്ധക്യം മൂത്ത് ബുദ്ധി നഷ്ട്ടപ്പെട്ട് എന്നു തന്നെയാണവർ കരുതിയത്. പിതാവ് പറഞ്ഞത് അവർ വിശ്വസിച്ചില്ല. അക്കാര്യവും ഖുർആൻ പറയുന്നു. "അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ്, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്‌." (12:95)


 യഅ്ഖൂബ്(അ)ന്റെ വാക്കുകൾ ബന്ധുക്കൾ നിഷേധിച്ചു കളഞ്ഞു. വെറുതെ നിഷേധിക്കുകയല്ല. അല്ലാഹുﷻവിന്റെ പേരിൽ സത്യം ചെയ്തുകൊണ്ടാണ് നിഷേധിച്ചത്. വീട്ടിൽ ഈ സംഭാഷണം നടക്കുമ്പോൾ യാത്രാ സംഘം മുന്നേറി വരികയാണ്. അവർ ആവേശഭരിതരാണ്. അവർ മുന്നേറിവരും തോറും യഅ്ഖൂബ്(അ)ന്റെ ആവേശവും വർദ്ധിക്കുകയാണ്...


 ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. യൂസുഫ് (അ) തന്റെ ഉടുപ്പ് സഹോദരന്മാരുടെ മുമ്പിൽ വെച്ചു. എന്നിട്ടു ചോദിച്ചു: "ആരാണ് ഈ ഉടുപ്പു കൊണ്ട് പോവുന്നത്?"


 യഹൂദ പറഞ്ഞു: "ഞാൻ കൊണ്ട് പോവാം. ഞാനാണ് വ്യാജ രക്തം പുരണ്ട ഉടുപ്പു കാണിച്ചു പിതാവിനെ ദുഃഖിതനാക്കിയത്. അത്കൊണ്ട് ഞാൻ തന്നെ ഇത് കൊണ്ട് പോവാം."


 മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാണ്. ബിൻയാമിനെ പ്രസവിച്ചതോടെ റാഹീൽ (റ) മരണപ്പെട്ടു. കുഞ്ഞിനെ മുലകൊടുത്തു വളർത്താൻ ഒരു സ്ത്രീവേണം. ഒരടിമസ്ത്രീയെ വിലക്കുവാങ്ങി. അവൾക്ക് ശൈശവ ദശയിലുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. ആ കുഞ്ഞിന്റെ പേര് ബശീർ എന്നായിരുന്നു...


 അടിമസ്ത്രീ ബശീറിനും ബിൻയാമിനും മുലകൊടുക്കും. കാലം ചെന്നപ്പോൾ ബശീറും, ബിൻയാമിനും അകന്നുപോയി. ഇരുവരും വളർന്നു വലുതായി. ബശീർ മിസ്വറിലെത്തി. കൊട്ടാരത്തിൽ ജോലിയിൽ പ്രവേശിച്ചു. ബശീർ സമർത്ഥനായിരുന്നു. ജോലിയിൽ ഉയർച്ചയുണ്ടായി. യൂസുഫ്(അ)ന്റെ സേവകനായിത്തീർന്നു...


 യൂസുഫ്(അ) ബശീർവശമാണ് തന്റെ ഉടുപ്പ് പിതാവിന് കൊടുത്തയച്ചത്. സഹേദരന്മാർ എത്തുംമുമ്പെ ബശീർ കൻആനിൽ എത്തി. വീട് അന്വേഷിച്ച് കണ്ടു പിടിച്ചു. യഅ്ഖൂബ്(അ)നെ കണ്ടെത്തി. ഉടുപ്പ് മുഖത്തിട്ടു. കാഴ്ച തിരിച്ചു കിട്ടി. പഴയത് പോലെയായി. അവർ തമ്മിൽ സംഭാഷണം നടന്നു. ബശീറിനെ യഅ്ഖൂബ്(അ) തിരിച്ചറിഞ്ഞു...


 പൗത്രന്മാർ ആഹ്ലാദഭരിതരായിത്തീർന്നു. ഉപ്പൂപ്പായോടുള്ള സ്നേഹം വർദ്ധിച്ചു. ഇതിനിടയിൽ പുത്രന്മാരും എത്തിചേർന്നു. യൂസുഫ് മിസ്വിറിൽ വലിയ അധികാരം വഹിക്കുകയാണെന്ന വാർത്ത നാട്ടിൽ പരന്നു...


 യഅ്ഖൂബ്(അ)നെയും ബന്ധുക്കളെയുമെല്ലാം അദ്ദേഹം അങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു. അവർ യാത്രക്ക് ഒരുങ്ങുകയാണ്. കൻആനിൽ ഇപ്പോൾ എല്ലാർക്കും അതേ പറയാനുള്ളു. കുട്ടികൾക്കാണ് ഏറെ ആഹ്ലാദം യാത്രയെക്കുറിച്ച് തന്നെയാണ് കുട്ടികൾ സംഭാഷണം നടത്തുന്നത്. അവിടുത്തെ കൊട്ടാരം. കൊട്ടാരത്തിലെ അതിശയങ്ങൾ. നല്ല ഭക്ഷണം, പിന്നെന്തെല്ലാം കാഴ്ചകൾ അവയെല്ലാം കാണാൻ അവർക്ക് കൊതിയായി...