Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇബ്റാഹീം (അ) ന്റെ മകൻ (1)

   വിശുദ്ധ ഖുർആനിൽ വിവരിക്കപ്പെട്ട മഹാനായ പ്രവാചകനാണ് ശുഐബ് (അ). അദ്ദേഹത്തിന്റെ പരമ്പര ഇബ്രാഹിം (അ)മിൽ ചെന്നെത്തുന്നു. ഇബ്രാഹിം (അ) പുത്രൻ മദ് യൻ. പുത്രൻ ഈഫാ. പുത്രൻ നുവൈബ്. പുത്രൻ ശുഐബ് (അ)...


 മറ്റൊരു രീതിയീലും പരമ്പര പറയപ്പെട്ടിരിക്കുന്നു. അതിപ്രകാരമായിരുന്നു. ഇബ്രാഹിം (അ), പുത്രൻ മദ് യൻ, പുത്രൻ സാബിത്, പുത്രൻ ഈഫാ, പുത്രൻ ളൈഫൂർ, പുത്രൻ ശുഐബ് (അ). വേറെയും റിപ്പോർട്ടുകൾ കാണുന്നുണ്ട്...


 ഇബ്രാഹിം (അ)ന്റെ രണ്ട് ഭാര്യമാരുടെ പേരുകൾ സർവ്വത്ര പ്രചാരത്തിലുണ്ട്. 

1. സാറാ (റ) 

2. ഹാജറ (റ) 


 ഹാജറ (റ)യുടെ പുത്രനാണ് ഇസ്മാഈൽ ( അ). സാറാ(റ)യുടെ പുത്രനാണ് ഇസ്ഹാഖ് (അ)...


 പൗരപ്രമുഖനായ യഖ്ത്വൻ എന്നിവരുടെ പുത്രിയാണ് ഖൻത്വൂറ. ഇവരെ ഇബ്രാഹിം (അ) വിവാഹം ചെയ്തു. ഇവർക്ക് ആറ് മക്കൾ ജനിച്ചു.  1.മദ് യൻ, 2.സംറാൻ, 3.സറജ്, 4.യഖ്ശാൻ, 5.നശ്ഖ്, ആറാമത്തെ കുട്ടിക്ക് പേര് നൽകപ്പെട്ടിട്ടില്ല...


 ഇബ്രാഹിം നബി (അ)ന്റെ മറ്റൊരു ഭാര്യയാണ് ഹജൂൻ. ഇവർക്ക് അഞ്ച് മക്കളുണ്ടായിരുന്നു. 1.കൈസാൻ, 2.സൂരജ്, 3.ഉമയ്മ്, 4.ലൂത്വാൻ, 5.നാഫിസ്... 


 ഇബ്രാഹിം (അ)ന്റെ മൂത്ത പുത്രൻ ഇസ്മാഈൽ (അ) മാതാവിനോടൊപ്പം മക്കയിൽ താമസിച്ചു. രണ്ടാമത്തെ പുത്രൻ ഇസ്ഹാഖ് (അ) മാതാവിനോടും പിതാവിനോടുമൊപ്പം ഫലസ്തീനിൽ താമസിച്ചു...


 മറ്റൊരു പുത്രനായ മദ് യൻ താമസിച്ചത് ഹിജാസിന്റെ വടക്ക് ഭാഗത്ത്. സിറിയയോട് തൊട്ടുകിടക്കുന്ന ഒരു പ്രദേശത്തായിരുന്നു.  മദ് യൻ താമസിച്ച നാട്ടിന്ന് പിൽക്കാലത്ത് അദ്ദേഹത്തിന്റെ തന്നെ പേര് കിട്ടി. മദ് യൻ ഒരു പട്ടണമായി വളർന്നു. പ്രസിദ്ധമായ മആൻ പട്ടണത്തിന്റെ സമീപത്താണിത്...


 അൽ-അഖബ ഉൾക്കടലിന്റെയും ചാവുകടലിന്റെയും ഇടയിലാണ് മദ് യൻ പ്രദേശം. കിഴക്ക് മആൻ പട്ടണവും പടിഞ്ഞാറ് ഭാഗത്ത് സീനാ മരുഭൂമിയും സ്ഥിതിചെയ്യുന്നു.  മദ് യൻ എന്നിവരുടെ സന്താന പരമ്പര മദ് യൻ ഗോത്രം എന്നറിയപ്പെട്ടു. നാട്ടിന്റെ പേരും മദ് യൻ തന്നെ...


 ആദ്യ ഘട്ടത്തിൽ അവരെല്ലാം ഇബ്രാഹിം (അ) ന്റെ ശിക്ഷണമനുസരിച്ചു ജീവിച്ചു പോന്നു. അവർ നല്ല കായികശേഷിയുള്ളവരും അധ്വാനശീലരുമായിരുന്നു. കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു തൊഴിൽ. ഇതിൽ നിന്ന് നല്ല വരുമാനമുണ്ടായി... 


 ശാം ലോക പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ്. മദ് യൻകാർ ശാമിലേക്കു പോവും. ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ട് പോരും. പലനാടുകളിൽ നിന്നുള്ള കച്ചവട സംഘങ്ങൾ മദ് യനിലൂടെ കടന്നു പോവും. അവരുടെ പോക്കുവരവും മദ് യൻകാർ ശ്രദ്ധിക്കും... 


 ഏതൊക്കെ നാട്ടാകാരാണവർ? എന്തൊക്കെ വസ്തുക്കൾ കൊണ്ട് പോവുന്നു? എത്ര ഒട്ടകങ്ങൾക്ക് ചുമക്കാനുള്ള ചരക്കുണ്ട്? എത്ര യോദ്ധാക്കൾ അകമ്പടി സേവിക്കുന്നുണ്ട്?  എല്ലാം മദ് യൻകാർ കണ്ട് പഠിച്ചു. ചോദിച്ചറിഞ്ഞു. അതൊരു വിജ്ഞാന ശാഖയായിരുന്നു. കച്ചവടത്തിന്റെയും കച്ചവടയാത്രയുടെയും വിശദാംശങ്ങൾ. പിൽക്കാലത്ത് മദ് യൻകാർ മികച്ച കച്ചവടക്കാരായിത്തീർന്നു. കച്ചവടത്തിലൂടെ സമ്പന്നന്മാരായിത്തീർന്നു...


 പ്രവാചക പുത്രൻ മദ് യൻ ദിവംഗതനായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. അദ്ദേഹവും സന്താനങ്ങളും ഏകനായ അല്ലാഹുﷻവിനെ ആരാധിച്ചു. ഏകദൈവ വിശ്വാസം ഏറെക്കാലം നിലനിന്നു. തലമുറകൾ പലത് കടന്നുപോയി.  മദ് യൻ പ്രസിദ്ധ പട്ടണമായി മാറി. പട്ടണങ്ങളിലെ ധനികന്മാർ ധിക്കാരികളായിത്തീർന്നു...