Wednesday - 22 April, 2026 4-Dhu al-Qadah-1447

ഞങ്ങളെപ്പോലെ ഒരാൾ (2)

   ഈ ചോദ്യം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "ഇവിടെയുള്ള ഭൗതിക സുഖങ്ങളിൽ നിങ്ങൾ നിർഭയരായിക്കൊണ്ട് വിട്ടേക്കപ്പെടുമോ?" (26:146)

നിങ്ങൾക്ക് ധാരാളം തോട്ടങ്ങളുണ്ട് അവ നിങ്ങൾക്ക് ആനന്ദം തരുന്നു. ഈ തോട്ടങ്ങൾ നൽകുന്ന ആനന്ദത്തിൽ ലയിച്ചു കാലാകാലം ഇവിടെക്കഴിയാമെന്ന വിചാരം നിങ്ങൾക്കുണ്ടോ..?


നിങ്ങളുടെ വയലുകൾ, കൃഷിയിടങ്ങൾ, പഴവർഗ്ഗങ്ങൾ വിളയുന്ന തോപ്പുകൾ, ജലസേചനത്തിന്റെ അരുവികൾ, പഴങ്ങളുടെ ഭാരത്താൽ കുലകൾ തൂങ്ങിനിൽക്കുന്ന ഈത്തപ്പനകൾ ഇവയൊക്കെ നിങ്ങളെ ആഹ്ലാദം കൊള്ളിക്കുന്നു. ഇതൊന്നും വിട്ടേച്ചു പോവാൻ മനസ്സില്ല. ഈ ആഹ്ലാദത്തിൽ എക്കാലവും ജീവിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ..? 


വിശുദ്ധ ഖുർആൻ ചോദിക്കുന്നു:  

"അതായത് തോട്ടങ്ങളിലും നീരുറവകളിലും നിങ്ങളെ നിൽഭയരായി വിട്ടേക്കുമോ?" (26:147)

കൃഷിസ്ഥലങ്ങളിലും പഴങ്ങളുടെ ഭാരത്താൽ കുല തൂങ്ങിനിൽക്കുന്ന ഈത്തപ്പനത്തോട്ടങ്ങളിലും." (26:148)

"അമിതമായ ആഹ്ലാദത്തോടെ മലകൾ തുരന്ന് നിങ്ങൾ വീടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു."  (26:149)

"ആകയാൽ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക." (26:150)

"അതിക്രമികളുടെ കൽപന നിങ്ങൾ അനുസരിക്കരുത്." (26:151)

"അതായത് നാട്ടിൽ കുഴപ്പമുണ്ടാക്കുകയും നാട് നന്നാക്കാതിരിക്കുകയും ചെയ്യുന്നവരുടെ കൽപ്പന."  (26:152)


സ്വാലിഹ് നബി (അ) നിർവ്വഹിച്ച ദൗത്യം ഈ വചനങ്ങളിൽ നിന്ന് നമുക്ക് നന്നായി മനസ്സിലാക്കാം.  ആ സമുദായം പരലോക ജീവിതം മറന്നു.  സ്വാലിഹ് (അ)അത് ഓർമ്മപ്പെടുത്തി.  അവർ ഭൗതിക സുഖങ്ങളിൽ ലയിച്ചു. മനസ്സിൽ അത് മാത്രം. ഭൗതിക സുഖങ്ങൾ വിട്ടേച്ച് പോവേണ്ടിവരുമെന്ന് ഓർമ്മപ്പെടുത്തി. 


അവരുടെ നേതാക്കൾ അക്രമകാരികളാണ്. നാട്ടിൽ നാശം വിതയ്ക്കുന്നവർ. നാട് നന്നാക്കുന്നവരല്ല. അവരുടെ കൽപനകൾ അനുസരിക്കരുത്.  അവരുടെ ചിന്താമണ്ഡലത്തെ തട്ടിയുണർത്തേണ്ട വചനങ്ങളാണ് സ്വാലിഹ് (അ)ൽ നിന്ന് അവർ കേട്ടത്...

 

പക്ഷെ അവർ ചിന്തിക്കാൻ സന്നദ്ധരല്ല. ധിക്കാരം തന്നെയാണവരെ തടഞ്ഞത്. ധിക്കാരികളായ ജനത പറയാറുള്ള അതേ വാക്കുകൾ തന്നെ അവരിൽ നിന്നുണ്ടായി. 

നിനക്ക് മാരണം ബാധിച്ചിരിക്കുന്നു. ഇന്നലെവരെ ബുദ്ധിമാൻ എന്നു സമ്മതിച്ചവരാണ്. സത്യത്തിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിച്ചപ്പോൾ അവർക്ക് ഉത്തരം മുട്ടിപ്പോയി. ഉത്തരം മുട്ടുമ്പോൾ പലരും പറയാറുള്ളത് ഇതുതന്നെയാണ്. മാരണം ബാധിക്കുക...


മറ്റൊരു വാചകം ചേർത്തു പറയാറുണ്ട്.  നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. ഞങ്ങളെപ്പോലെ ഭക്ഷണം കഴിക്കുന്നു. വെള്ളം കുടിക്കുന്നു. സഞ്ചരിക്കുന്നു. ഉറങ്ങുന്നു. പിന്നെങ്ങിനെ നീ നബിയാകും..? 

പല സമുദായങ്ങളും അവരുടെ പ്രവാചകന്മാരോടു ഈ ചോദ്യം ചോദിച്ചിട്ടുണ്ട്...  


മൂന്നാമതൊരു കാര്യം കൂടിയുണ്ട്.  നബിയാണ് എന്നതിന് തെളിവ് കൊണ്ടുവരൂ.  

അമാനുഷിക കർമ്മങ്ങൾ കാണിക്കാൻ നിർബന്ധം പിടിക്കും. അമാനുഷിക കർമ്മങ്ങൾ  (മുഹ്ജിസത്ത് )കാണിച്ചാലോ? ഉടനെ വരും പ്രതികരണം മാരണം.  മാരണം 

ഇതൊക്കെ സ്വാലിഹ് (അ)ന്റെ ചരിത്രത്തിലും നാം കാണുന്നു... 


വിശുദ്ധ ഖുർആൻ പറയുന്നു: 

അവർ പറഞ്ഞു  : "നീ മാരണബാധിതരിൽ പെട്ടവൻ തന്നെയാകുന്നു." (26:153)

"നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ തന്നെയാണ്. അതുകൊണ്ട് സത്യവാദികളിൽ പെട്ടവനാണെങ്കിൽ ഒരു ദൃഷ്ടാന്തം നീ കൊണ്ടുവരണം." (26:154)


അവർക്ക് തെളിവ് വേണം  

അതിനുവേണ്ടി നിർബന്ധം തുടങ്ങി.  സ്വാലിഹിന് ഒരിക്കലും ചെയ്യാൻ കഴിയാത്ത ഒരു കാര്യമാണവർ ചോദിക്കാൻ പോവുന്നത്.  ദൃഷ്ടാന്തം കണ്ട് വിശ്വസിക്കാനല്ല. ദൃഷ്ടാന്തം കൊണ്ടുവരാൻ കഴിയാതെ സ്വാലിഹ് തങ്ങളുടെ മുമ്പിൽ പരാജയപ്പെടണം

 അതിനു പറ്റിയ ദൃഷ്ടാന്തം എന്ത്..? അവർ തലപുകഞ്ഞ് ആലോചന തുടങ്ങി...