സമൂദ് ഗോത്രത്തിലെ കുബുദ്ധികൾ ഉണർന്നു ചിന്തിച്ചു. സ്വാലിഹിനെ എങ്ങനെ മുട്ടുകുത്തിക്കും? എന്ത് ദൃഷ്ടാന്തമാണ് ആവശ്യപ്പെടേണ്ടത്? ധിക്കാരികൾ കൂട്ടംകൂടി ആലോചന നടത്തി. എന്നിട്ട് സ്വാലിഹ് (അ) നോട് സംസാരിച്ചു...
ഞങ്ങളുടെ വിശേഷ ദിവസം വരികയാണ്. അന്ന് ഞങ്ങൾ പട്ടണത്തിന് പുറത്തുള്ള മൈതാനിയിൽ സമ്മേളിക്കും. ഞങ്ങളുടെ വിഗ്രഹങ്ങളെ അലങ്കരിച്ചു കൊണ്ടുവരും. ഒരു വർഷത്തേക്കുള്ള ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങൾ അവയുടെ മുമ്പിൽ സമർപ്പിക്കും. നീ അന്നവിടെ വരണം. ഞങ്ങളപ്പോൾ ദൃഷ്ടാന്തം കാണിക്കാൻ ആവശ്യപ്പെടും. വളരെ ഗൗരവത്തിലാണവരുടെ സംസാരം...
സ്വാലിഹ് (അ) ശാന്ത സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: "നിങ്ങളാവശ്യപ്പെടുന്ന ദൃഷ്ടാന്തം കാണിച്ചുതരാൻ അല്ലാഹുﷻവിന് ഒരു പ്രയാസവുമില്ല. ദൃഷ്ടാന്തം കണ്ടതിന് ശേഷം നിങ്ങൾ പിന്തിരിഞ്ഞു കളയരുത്. അല്ലാഹുﷻവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കണം. നിങ്ങൾ അഹങ്കാരം കാണിച്ചു പിന്തിരിഞ്ഞുകളഞ്ഞാൽ അല്ലാഹുﷻ നിങ്ങളെ കഠിനമായി ശിക്ഷിക്കും..."
അവർ ഇങ്ങനെ ഉത്തരം നൽകി: "ഞങ്ങളാവശ്യപ്പെടുന്ന ദൃഷ്ടാന്തം കാണിച്ചാൽ ഞങ്ങൾ വിശ്വസിക്കാം."
എല്ലാവരും പിരിഞ്ഞു പോയി. സ്വാലിഹ് (അ)പരാജയപ്പെടുന്നത് കാണാൻ സമൂദുകാർക്ക് തിടുക്കമായി. നിശ്ചിത ദിവസമായി. എല്ലാവരും വന്നുചേർന്നു. ആകാംക്ഷ മുറ്റിയ നിമിഷങ്ങൾ...
ഒരു നേതാവ് മുമ്പോട്ടു വന്നു. ഇങ്ങനെ ആവശ്യപ്പെട്ടു. "മലമുകളിലെ പാറ കണ്ടില്ലേ? ആ വലിയ പാറ പിളർന്ന് അതിൽ നിന്ന് വലിയ ഒരൊട്ടകം പുറത്തു വരണം. വെള്ള നിറം, നെറ്റിയിൽ കറുപ്പ്, ശരീരത്തിൽ നീണ്ട രോമങ്ങൾ അങ്ങനെയുള്ള ഒരൊട്ടകത്തെ പുറപ്പെടുവിക്കണം. മലപോലെ ഉയരം വേണം. പൂർണ ഗർഭിണിയായിരിക്കണം. ഉടനെ പ്രസവിക്കണം. കുട്ടിയും തള്ളയെപ്പോലെയാവണം." നേതാവ് പറഞ്ഞു നിർത്തി...
സ്വാലിഹ് (അ)നെ നോക്കി. തങ്ങളുടെ ആവശ്യം കേട്ട് സ്വാലിഹ് പരിഭ്രാന്തനായിട്ടുണ്ടാകുമെന്ന് അയാൾ കരുതിയത്. സ്വാലിഹ് (അ) ശാന്തനായിരുന്നു. പ്രവാചകനും എണ്ണത്തിൽ കുറഞ്ഞ അനുയായികളും മലകയറി മുകളിലെത്തി. രണ്ട് റക്അത്ത് നിസ്കരിച്ചു. അല്ലാഹുﷻവിനോടു ദുആ ഇരന്നു...
സമൂദുകാർക്ക് ഉറപ്പുണ്ടായിരുന്നു. സ്വാലിഹ് പരാജയപ്പെടും. കാരണം ഒരിക്കലും സാധ്യമാവാത്ത കാര്യമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാറയിൽ നിന്നെങ്ങനെ ഒട്ടകം വരാൻ? അതും ഗർഭിണിയായ ഒട്ടകം. അത് ഉടനെ പ്രസവിക്കണം. കുട്ടി തള്ളയെപ്പോലെ വളർന്നിരിക്കണം. ഇതൊന്നും നടക്കാൻ പോവുന്നില്ല. സ്വാലിഹ് എന്താ ഒന്നും പറയാത്തത്? ഇനിയും പരാജയം സമ്മതിച്ചുകൂടേ? പെട്ടെന്നൊരു ഭരങ്കര ശബ്ദം എല്ലാവരും ഞെട്ടിപ്പോയി എന്താണ് സംഭവിച്ചത്..?