Wednesday - 22 April, 2026 4-Dhu al-Qadah-1447

ഹാബീലിന്റെ അന്ത്യം

   സുദീർഘമായൊരു കാലഘട്ടം ജനങ്ങളെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ച മഹാപ്രവാചകനായിരുന്നു നൂഹ് നബി (അ)...


എത്രയാണ് ആ കാലഘട്ടത്തിന്റെ ദൈർഘ്യം..? 

തൊള്ളായിരത്തി അമ്പത് കൊല്ലം. എന്നിട്ട് വിശ്വസിച്ചതോ..? കുറച്ചു പേർ മാത്രം. ക്രൂരന്മാരുടെ സമൂഹം. ദുഷ്ടന്മാർ. അവർ നബിയെ പരിഹസിച്ചു. ചീത്ത വിളിച്ചു. രോഷം കൊണ്ടു കല്ലെറിഞ്ഞു, അടിച്ചു വീഴ്ത്തി. നൂഹ് നബി (അ)ബോധം കെട്ടു വീണുപോയി...


ഇത്രയും ക്രൂരതയുള്ള സമൂഹം ആര്..? അവർ ആരുടെ പിൻഗാമികൾ...?

അവർ ഖാബീലിന്റെ പിൻഗാമികൾ. 

ആരാണ് ഖാബീൽ..? 

ആദം നബി (അ)ന്റെ പുത്രൻ. ലോകത്തെവിടെയെങ്കിലും ഒരാൾ അന്യായമായി കൊല ചെയ്യപ്പെട്ടാൽ ആ കൊലപാതകത്തിന്റെ പാപഭാരത്തിന്റെ ഒരു ഭാഗം ഖാബീലിന് ലഭിക്കും... 

എന്താ കാരണം..?  

ആദ്യത്തെ കൊലപാതകം നടത്തിയത് ഖാബീൽ ആകുന്നു ...


കൊലപാതകം കൊടും പാപമാകുന്നു. ആ പാപം ഇവിടെ സ്ഥാപിച്ചത് ഖാബീൽ...


നൂഹ് നബി (അ)ന്റെ ചരിത്രത്തിലേക്ക് പ്രവേശിക്കും മുമ്പ് ആ കൊലപാതക സംഭവം പറയേണ്ടി വന്നിരിക്കുന്നു... 


ആദം നബി (അ) ന്റെ സന്താനങ്ങൾ ഇരട്ടകളായി പ്രസവിക്കപ്പെട്ടു. ഒരാൺകുഞ്ഞും ഒരു പെൺകുഞ്ഞും. അവർ വളർന്നുവരും, അവർ സഹോദരങ്ങളായി കഴിയും ...


ഒരു പ്രസവത്തിലെ ആൺകുട്ടി, മറ്റൊരു പ്രസവത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യും. അതാണ് അക്കാലത്തെ വിവാഹത്തിന്റെ മതവിധി. ഒരേ പ്രസവത്തിലെ ആണും പെണ്ണും വിവാഹം ചെയ്യാൻ പാടില്ല. അത് തെറ്റാണ്. ഖാബീൽ ഈ തെറ്റ് ചെയ്തു ...


ഖാബീലിന്റെ സഹോദരനാണ് ഹാബീൽ. ഹാബീൽ തെറ്റ് ചെയ്തില്ല ...


ഹവ്വ (റ) ഹാബീലിനെയും ലബൂദയെയും ഒന്നിച്ചു പ്രസവിച്ചു. മറ്റൊരു പ്രസവത്തിൽ ഖാബീലിനെയും ഇക്ലീമയെയും പ്രസവിച്ചു. നാലുപേരും വളർന്നു പ്രായപൂർത്തിയെത്തി വിവാഹ പ്രായമായി. അപ്പോൾ ആദം നബി (അ) ഇങ്ങനെ പ്രഖ്യാപിച്ചു... 

ഹാബീൽ ഇക്ലീമയെ വിവാഹം ചെയ്യട്ടെ... ഖാബീൽ ലബൂദയെ വിവാഹം ചെയ്യട്ടെ... ഖാബീലിന് ഈ നിർദ്ദേശം ഇഷ്ടപ്പെട്ടില്ല. അയാൾ ഇങ്ങനെ പ്രഖ്യാപിച്ചു.

അത് പറ്റില്ല. ഇക്ലിമയെ ഞാൻ കെട്ടും. ലബൂദയെ എനിക്ക് വേണ്ട ...


എന്താ കാര്യം...? 

ഇക്ലീമ അതിസുന്ദരിയാണ്. ലബൂദക്ക് അത്രത്തോളം സൗന്ദര്യമില്ല. ആദം നബി (അ) എതിർത്തു. ഖാബീൽ വകവെച്ചില്ല. ഖാബീലിന്റെ മനസ്സിൽ അസൂയ വളർന്നു. ഹാബീലിനെ എങ്ങനെയെങ്കിലും നശിപ്പിക്കണം... പക്ഷെ എങ്ങനെ...?  

ഒരു മനുഷ്യനെ ഇല്ലാതാക്കുന്നതെങ്ങനെ...? അതറിയില്ല... മനസ്സിൽ പകയും വെറുപ്പും വളർന്നു ...


ശപിക്കപ്പെട്ട ഇബ്ലീസ് സന്തോഷിച്ചു. ഖാബീലിനെക്കൊണ്ട് തെറ്റ് ചെയ്യിക്കാൻ പറ്റിയ സന്ദർഭം. മനുഷ്യ വേഷത്തിൽ ഇബ്ലീസ് പുറപ്പെട്ടു... കൈയ്യിൽ ഒരു പക്ഷി ...


ഖാബീൽ എന്തൊക്കെയോ ചിന്തിച്ചിരിക്കുകയാണ്. ഒരു മനുഷ്യൻ വന്നു മുമ്പിൽ നിന്നു. കൈയ്യിൽ പക്ഷി. അയാൾ പക്ഷിയെ ഒരു കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. ഖാബീൽ നോക്കിക്കണ്ടു. കൊല... കൊല ...തലക്കടിച്ചു കൊല്ലാം. തലക്കടിച്ചാൽ ജീവൻ പോകും. സഹോദരനെ കണ്ടപ്പോൾ ഖാബീൽ കോപത്തോടെ പലതും വിളിച്ചു പറഞ്ഞു : 

നിന്നെ വെറുതെ വിടില്ല. നിന്നെ ഞാൻ കൊല്ലും... 

ഹാബീൽ ശാന്തനായി മറുപടി പറഞ്ഞു : 

സഹോദരാ നീ എന്തിനെന്നോട് ശത്രുത പുലർത്തുന്നു. കുറ്റം ചെയ്താൽ ശിക്ഷ കിട്ടും. എന്നെകൊന്നാൽ ആ പാപം നീ സഹിക്കണം. എന്റെ കണക്കിൽ വല്ല പാപവുമുണ്ടെങ്കിൽ അതും നീ സഹിക്കണം ...


ഹാബീൽ സഹോദരനെ പിന്തിരിപ്പിക്കാൻ നോക്കി. ഉപദേശങ്ങളൊന്നും ഫലം ചെയ്തില്ല... 


ആദം നബി (അ) രണ്ട് മക്കളെയും വിളിച്ചു സംസാരിച്ചു. വിധിയനുസരിച്ച് ഇക്ലീമയെ ഹാബീൽ വിവാഹം ചെയ്യണം. ഹാബീലിന് ഇക്ലീമയെ വളരെ ഇഷ്ടമാണ്. ഖാബീൽ ഇക്ലീമയെ വിട്ടുകൊടുക്കാൻ തയാറായില്ല. ഒടുവിൽ പിതാവ് തന്നെ ഒരു മാർഗം നിർദ്ദേശിച്ചു ...


രണ്ടു പേരും ഖുർബാൻ നടത്തുക. അല്ലാഹുﷻ ആരുടെ ഖുർബാൻ സ്വീകരിക്കുന്നുവോ അവൻ ഇക്ലീമയെ വിവാഹം ചെയ്യട്ടെ ...


ഇത് കേട്ടപ്പോൾ ഹാബീൽ പറഞ്ഞു : 


ഞാൻ അല്ലാഹുﷻവിന്റെ വിധി സ്വീകരിക്കും ഞാൻ ഖുർബാൻ നടത്താൻ തയ്യാറാണ് ...


ഹാബീൽ ആടുകളെ വളർത്തി ജീവിക്കുന്ന ആളാണ്. തന്റെ കൈവശം ധാരാളം ആടുകളുണ്ട്. ഒരാടിനെ ഖുർബാൻ കൊടുക്കാൻ തയ്യാറായി. 

നല്ലൊരാടിനെ കൊണ്ടുവന്നു പർവ്വതത്തിൽ വിട്ടു. ഖാബീൽ കർഷകനാണ്. ഗോതമ്പ് വയലുകളുടെ ഉടമയാണ്. ഒരു പിടി ഗോതമ്പ് വൈക്കോൽ കൊണ്ടുവന്ന് പർവ്വതത്തിൽ വെച്ചു. ആകാശത്ത് നിന്ന് പുകയില്ലാത്ത അഗ്നി ഇറങ്ങിവരണം. ഖുർബാൻ നൽകിയ വസ്തുവിനെ കൊണ്ടുപോവണം. അപ്പോൾ ഖുർബാൻ സ്വീകരിക്കപ്പെട്ടതായി കണക്കാക്കും. ഇതാണ് അക്കാലത്തെ രീതി...


ആളുകൾ നോക്കി നിന്നു. ആകാശത്ത് നിന്ന് അഗ്നിയിറങ്ങി. ആടിനെ കൊണ്ടുപോയി. ഹാബീലിന്റെ ഖുർബാൻ സ്വീകരിക്കപ്പെട്ടു. ഖാബീലിന്റേത് തിരസ്ക്കരിക്കപ്പെട്ടു...


ഹാബീൽ ഇക്ലിമയെ വിവാഹം കഴിക്കട്ടെ ആദം നബി (അ)വിധിച്ചു...

ഖാബീൽ എതിർത്തു. ഖുർബാൻ തിരസ്കരിക്കപ്പെട്ടാലും ഞാൻ ഇക്ലീമയെ വിട്ടുതരില്ല ...


ഒരുദിവസം ഹാബീൽ വനത്തിൽ പോയി. പോയ കാര്യങ്ങൾ നിർവ്വഹിച്ചു തിരിച്ചു വന്നു. ക്ഷീണം തോന്നി ഒരു


മരണത്തണലിൽ വിശ്രമിച്ചു. മെല്ലെ കണ്ണുകൾ അടഞ്ഞു. നേർത്ത മയക്കം, ഉറങ്ങിപ്പോയി. ഖാബീൽ അതുവഴി വന്നു, ഉറങ്ങുന്ന ഹാബീൽ...


പക്ഷിയെ തലക്കടിച്ചു കൊന്ന സംഭവം ഓർമ്മ വന്നു. പിന്നെ താമസിച്ചില്ല. വലിയൊരു കല്ലു ചുമന്നു കൊണ്ടുവന്നു ഹാബീലിന്റെ സമീപത്തെത്തി, കല്ല് ഉയർത്തിപ്പിടിച്ചു പിന്നെ ശക്തിയായി തലയിലേക്കിട്ടു. തല പിളർന്നു രക്തമൊഴുകി. ഹാബീൽ അന്ത്യശ്വാസം വലിച്ചു. ഭൂമിയിൽ ആദ്യത്തെ കൊലപാതകം നടന്നു...