മാനവ ചരിത്രത്തിൽ ഉയർന്നുനിൽക്കുന്ന മഹാപുരുഷനാണ് നൂഹ് നബി (അ)...
ശൈഖുൽ അമ്പിയാ...
അങ്ങനെയാണ് നൂഹ് നബി (അ)നെ കാലം വിളിച്ചത് ...
നജിയുല്ലാഹ്...
കാലം നൂഹ് നബി (അ)ന് നൽകിയ മറ്റൊരു സ്ഥാനപ്പേര്. മഹാപ്രളയത്തിൽ എല്ലാം നശിച്ചു. സകല ജീവികൾക്കും മരണം സംഭവിച്ചു. കപ്പലിൽ പ്രവാചകന്റെ മൂന്നു മക്കളുണ്ടായിരുന്നു, അവരിൽ നിന്നാണ് പിന്നെ മനുഷ്യ വർഗം വളർന്നു വന്നത്. ആ മനുഷ്യ വർഗ്ഗത്തിന്റെ പിതാവാണ് നൂഹ് നബി (അ)...
ആദ്യപിതാവായ ആദം നബി (അ) കാലയവനികക്കുള്ളിൽ മറഞ്ഞു വഫാത്തായി മണ്ണിലേക്കു മടങ്ങി.
ഭാര്യ ഹവ്വാബീവിയും അങ്ങേ ലോകത്തേക്കു പോയി. ഹവ്വ ഉമ്മ ബീവി (റ) ആദ്യത്തെ ഉമ്മൂമ്മ. അറബിയിൽ പറഞ്ഞാൽ ജദ്ദത്ത്. അറേബ്യാ പുണ്യഭൂമിയിൽ ഖബറടക്കപ്പെട്ടു. ജദ്ദത്തിന്റെ ഖബറുള്ള പ്രദേശം ജദ്ദത്ത് എന്നറിയപ്പെട്ടു. പിന്നെയത് ലോകപ്രസിദ്ധമായ മഹാനഗരമായി വളർന്നു. മിനിറ്റുകൾവെച്ച് വിമാനങ്ങൾ പറന്നിറങ്ങുകയും പറന്നുയരുകയും ചെയ്യുന്ന വിശാലമായ എയർപോർട്ട് വന്നു ...
വർഷം തോറും അനേകലക്ഷം ഹാജിമാർ വന്നിറങ്ങുന്ന ജിദ്ദാനഗരം. വർഷം മുഴുവൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറക്കു വേണ്ടി സത്യവിശ്വാസികൾ ഒഴുകിയെത്തുന്ന മഹാനഗരം. ഉമ്മൂമ്മയുടെ ഓർമ്മ നിലനിർത്തുന്ന വിസ്മയ ലോകം...
ആദം നബി (അ)വഫാത്തായ ശേഷം പത്ത് തലമുറകൾ കടന്നുപോയി. അപ്പോഴാണ് നൂഹ് നബി (അ)ന്റെ ജനനം. നൂഹ് നബി (അ) നെ ആദം നബി (അ)ന്റെ പത്താമത്തെ പൗത്രനായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് പിതൃപരമ്പര ഇങ്ങനെ വരും ...
1 നൂഹ് (അ). 2 ലാമക്. 3 മുതവശ് ലിഹ്. 4 നൂഹ് (ഇദ്രീസ് (അ). 5 യറൂദ്ദ്. 6 മഹ്ലായിൽ. 7 ഖയ്നൽ. 8 ൺനൂഷ്. 9 ശീസ് (അ). 10 ആദം (അ) ...
ഇനി നമുക്ക് നൂഹ് നബി (അ)ന്റെ കുടുംബത്തിലേക്ക് പോവാം...
കൃഷിയും കാലി വളർത്തലും നന്നായി നടക്കുന്ന ഗ്രാമം. അധ്വാന ശീലരായ ജനത. സ്നേഹിച്ചും സഹകരിച്ചും ജീവിച്ചു പോവുന്നു. അവർക്കിടയിലെ ഒരുന്നത വ്യക്തിയാണ് ലാമക് ...
നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. മുതവശ് ലിഹിന്റെ ഓമന പുത്രൻ. മകൻ വളർന്നു വലുതായിരിക്കുന്നു. അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം.
മാതാപിതാക്കൾ മകന്റെ വിവാഹക്കാര്യം ചർച്ച ചെയ്തു. കുടുംബത്തിലെ മുതിർന്നവർ വധുവിനെ അന്വേഷിച്ചു. ലാമകിന് പറ്റിയ വധുവിനെ കണ്ടെത്തി. പൗരപ്രമുഖനായ ആനൂഷിന്റെ പ്രിയ പുത്രി ശംഹാ...
ഗോത്രക്കാർക്കെല്ലാം സന്തോഷമായി. പറ്റിയ വധുവിനെ കണ്ടെത്തിയ സന്തോഷം. ഗോത്രത്തിലുള്ളവരെല്ലാം മുസ്ലിംകളാണ്. മതവിധികൾ പാലിക്കുന്നവർ. ഇദ്രീസ് (അ) പഠിപ്പിച്ചതനുസരിച്ചാണവർ ജീവിക്കുന്നത്. അല്ലാഹുﷻ കൽപിച്ചതെല്ലാം അനുഷ്ഠിക്കുന്നു. വിരോധിച്ചതെല്ലാം ഒഴിവാക്കുന്നു. വിവാഹം അല്ലാഹുﷻ കൽപിച്ച കാര്യമാണ്. അതിന് ചില വിധികളും ചിട്ടകളുമുണ്ട്. പണ്ഡിതന്മാർ അതെല്ലാം ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കും. ജനങ്ങൾ അനുസരിക്കും ...
വിധികളും ചിട്ടകളും സൂക്ഷ്മതയോടെ പാലിച്ചുകൊണ്ടുള്ള വിവാഹമാണ് ഗോത്രത്തിൽ നടക്കാൻ പോവുന്നത്. വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. കേമമായിത്തന്നെ സദ്യയൊരുക്കി. ലാമക് പുതിയാപ്പിളയായി ഒരുങ്ങി. കുലീന വ്യക്തികൾ പങ്കെടുത്ത സദസ്സ്. പണ്ഡിതന്മാരുടെ കാർമികത്വം, വിധിപോലെ കർമ്മങ്ങൾ നടന്നു ...
ആനൂഷ് തന്റെ മകൾ ശംഹായെ ലാമകിന്റെ ഇണയാക്കിക്കൊടുത്തു.
രുചികരമായ ആഹാര സാധനങ്ങളും മധുര പാനീയങ്ങളും പഴ വർഗ്ഗങ്ങളും വിളമ്പി. ഇഷ്ടപ്പെട്ട സദ്യ...
ലാമക്കും ശംഹായും ജീവിത പങ്കാളികളായി. ഉല്ലാസം നിറഞ്ഞ യൗവ്വനം. വിശാലമായ മരുഭൂമിയും അതിലെ മണൽക്കുന്നുകളും അവരെ വരവേറ്റു. പാറക്കൂട്ടങ്ങൾ നിറഞ്ഞ മലകളും അവയിലെ മുൾച്ചെടികളും കാട്ടുപൂക്കളും നവദമ്പതികൾക്ക് ആശംസകൾ നേർന്നു. മഞ്ഞുതുള്ളികൾ ഇറ്റ് വീഴുന്ന പ്രഭാതങ്ങൾ അവരെ ആഹ്ലാദം കൊള്ളിച്ചു ...
കൂട്ടുകാരോടൊപ്പം നായാട്ടിന് പുറപ്പെടുന്ന ലാമകിനെ, പ്രിയ പത്നി നിറപുഞ്ചിരിയോടെ യാത്രയാക്കി. കളിയും ചിരിയും നിറഞ്ഞ രാപ്പകലുകൾ കടന്നുപോയ്ക്കൊണ്ടിരുന്നു. മാസങ്ങൾ കൊഴിഞ്ഞുവീണപ്പോൾ ശംഹാക്ക് ഒരു കാര്യം ബോധ്യമായി. താൻ ഗർഭിണിയാണ്. ദാമ്പത്യം ഐശ്വര്യപൂർണമായിരുന്നു. സമയമെത്തിയപ്പോൾ കുഞ്ഞ് പിറന്നു...
കാലം അവർക്ക് പല സന്താനങ്ങളെ നൽകി. ലാമക് ശംഹാ ദമ്പതികൾക്ക് പിറന്ന ഓമന മകനാണ് നൂഹ് നബി (അ)...
നൂഹ് നബി (അ)ന്റെ മാതാവിനെ ചിലർ സാഖാ യെന്ന് വിളിക്കുന്നു. നൂഹ് നബി (അ) ന്റെ മാതാവ് കാമിലിന്റെ മകൾ ഫനിയൂസയാണെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മായുടെ പേര് മിൻജൽ ആയിരുന്നുവെന്ന് രേഖപ്പെടുത്തിയവരുമുണ്ട്. ചരിത്രകാരനായ കൽബിയുടെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം ആദം നബി (അ) - നൂഹ് നബി (അ) ഇവർക്കിടയിൽ പത്ത് പിതാക്കന്മാരുണ്ടായിരുന്നു. പരമ്പരയായി വരുന്ന പത്ത് പേരും സത്യവിശ്വാസികൾ (മുഹ്മിൻ) ആയിരുന്നു...
നൂഹ് എന്നത് പിന്നീട് കിട്ടിയ പേരാണ്. ആദ്യത്തെ പേര് യശ്ക്കൂർ ആയിരുന്നുവെന്നാണ് ഒരഭിപ്രായം ...
നൂഹ് നബി (അ)ന്റെ പേര് ലാമക് എന്നും ലമക് എന്നും എഴുതിക്കാണുന്നു. ലാം എന്ന അക്ഷരത്തിന് ശേഷം അലിഫ് ചേർത്തിയും ചേർത്താതെയും എഴുതിക്കാണുന്നു...
മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ ലാളിച്ചു വളർത്തി. വീട്ടിലെ സംശുദ്ധമായ ചുറ്റുപാട് കുട്ടിയിൽ വിശുദ്ധ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായകമായി...
സത്യം പറയാൻ ശീലിച്ചു. ഏതവസ്ഥയിലും സത്യം മുറുകെപ്പിടിക്കാനുള്ള ആത്മധൈര്യം കൈവന്നു. അധ്വാനശീലം, വിശ്വസ്ഥത സഹാനുഭൂതി, സ്നേഹം എന്നീ ഗുണങ്ങൾ കുട്ടിക്കാലത്ത് തന്നെ ശക്തി പ്രാപിച്ചു ...
നീലാകാശവും, അവിടെ ഉദിച്ചുയരുകയും സമയമെത്തുമ്പോൾ അസ്തമിച്ചു പോവുകയും ചെയ്യുന്ന സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും കുട്ടിയെ ആകർഷിച്ചു. അതിനു പിന്നാലെ അതിസൂക്ഷ്മമായ ആസൂത്രണം, അതേക്കുറിച്ചോർത്ത് കുട്ടി അതിശയപ്പെട്ടു ...