കപ്പലിൽ നിന്ന് എല്ലാവരും പുറത്ത് വന്നു. ജൂദി പർവ്വതത്തിൽ നിന്ന് ചുറ്റും നോക്കി. അല്ലാഹുﷻവിന്റെ ഭൂമി, മീതെ അല്ലാഹുﷻവിന്റെ ആകാശം. മെല്ലെ താഴേക്കിറങ്ങാൻ തുടങ്ങി. താഴ് വാരത്തിലേക്ക് പക്ഷികൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്നു. മൃഗങ്ങൾ ജൂദി പർവ്വതത്തിൽ ഓടിക്കളിച്ചു. മനുഷ്യർ താഴ് വരയിലെത്തി. അല്ലാഹുﷻവിനെ വാഴ്ത്തി. അവിടെ അവർ ഒരു ഗ്രാമം പണിതു. അതിന് സമാനൂർ (എൺപത്) എന്ന് പേരിട്ടു. കപ്പലിൽ എൺപത് പേരാണല്ലോ ഉണ്ടായിരുന്നത്...
ഖത്താദ (റ)വിന്റെ റിപ്പോർട്ട് പലരും ഉദ്ധരിച്ചിട്ടുണ്ട് അതിപ്രകാരമാകുന്നു ...
റജബ് മാസം പത്തിന് അവർ കപ്പൽ കയറി. നൂറ്റി അമ്പത് ദിവസം കപ്പലിൽ കഴിഞ്ഞു. ജൂദി പർവ്വതത്തിൽ കഴിഞ്ഞത് ഒരു മാസം. ആശൂറാ ദിവസമാണ് അവർ കപ്പലിൽ നിന്ന് പുറത്തു വന്നത്. മുഹർറം പത്തിന്. അന്ന് എല്ലാവരും നോമ്പ് നോറ്റിരുന്നതായി ഇബ്നു ജരീറിന്റെയും മറ്റും വിവരണത്തിൽ കാണാം ...
ഇമാം അഹ്മദ് (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം ...
നബി (സ)തങ്ങൾ യഹൂദികൾക്ക് സമീപത്തുകൂടി നടന്നുപോവുകയായിരുന്നു. അന്ന് ആശൂറാ ദിവസമായിരുന്നു. യഹൂദികൾ നോമ്പു എടുത്തിരുന്നു. ഇന്നെന്താ വിശേഷം ? നോമ്പ് നോൽക്കാൻ ? യഹൂദികൾ ഇങ്ങനെ മറുപടി നൽകി...
ഇന്നത്തെ ദിവസമാണ് മൂസാ (അ)നെയും ഇസ്രാഈലി സന്തതികളെയും അല്ലാഹുﷻ രക്ഷപ്പെടുത്തിയത്. ശത്രുക്കളായ ഫറോവയെയും സൈന്യത്തെയും കടലിൽ മുക്കി നശിപ്പിച്ചതും ഈ ദിവസമാണ്. നൂഹ് നബി (അ)ന്റെ കപ്പൽ ജൂദി പർവ്വതത്തിൽ നിലയുറപ്പിച്ചതും ഇതേ ദിവസമാണ്. നൂഹ് (അ) മൂസാ (അ) എന്നിവർ നന്ദി സൂചികമായി ഈ ദിവസം നോമ്പെടുത്തിരുന്നു...
ഇത് കേട്ടപ്പോൾ നബി (സ)തങ്ങൾ പറഞ്ഞു :
മൂസാനബിയോട് കൂടുതൽ ബന്ധപ്പെട്ടവർ ഞാനാകുന്നു. ഇന്നത്തെ ദിവസം നോമ്പെടുക്കാൻ കൂടുതൽ അർഹതപ്പെട്ടവനും ഞാനാകുന്നു. സ്വഹാബികളോട് നോമ്പെടുക്കാൻ നബി (സ) കൽപിക്കുകയും ചെയ്തു. ഇന്ന് നോമ്പെടുത്തവർ അവരുടെ നോമ്പ് പൂർത്തിയാക്കുക. നോമ്പില്ലാത്തവർ ഈ ദിവസത്തിന്റെ ബാക്കി ഭാഗം നോമ്പായി പൂർത്തിയാക്കുക. സ്വഹാബികൾ അതുപോലെ ചെയ്തു. എല്ലാവരും ആശൂറാ നോമ്പ് നോറ്റു. നൂഹ് (അ)ന്റെ കപ്പലിനെക്കുറിച്ചോർത്ത്. നൂഹ് (അ) മൂസാ (അ) എന്നിവർ സജീവ ചർച്ചയായി...
മുഹമ്മദ്ബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു : മഹാപ്രളയം അവസാനിച്ച ഉടനെ അല്ലാഹുﷻ കാറ്റിനെ അയച്ചു. കാറ്റ് ഭൂമിയിൽ ശുദ്ധീകരണം നടത്തി. കപ്പലിൽ കയറി ഏഴ് മാസവും പതിനേഴ് ദിവസവും കഴിഞ്ഞാണ് അത് ജൂദി പർവ്വതത്തിൽ വന്നു നിന്നത്. അതിനു മുമ്പ് അത് മക്കയിലായിരുന്നു. നാൽപ്പത് ദിവസം അത് കഅബയെ ചുറ്റിക്കൊണ്ടിരുന്നു. പത്താം മസത്തിന്റെ ആദ്യ ദിവസത്തിലാണ് പർവ്വതങ്ങളുടെ കൊടുമുടികൾ കണ്ട് തുടങ്ങിയത്. പിന്നെയും നാൽപ്പത് ദിവസങ്ങൾ കടന്നുപോയി...
അതിനുശേഷം കപ്പലിന്റെ കിളിവാതിലുകൾ തുറന്നു. ഭൂമിയിൽ എന്ത് സംഭവിച്ചു എന്നറിഞ്ഞുവരാൻ വേണ്ടി കാക്കയെ പുറത്തേക്കു വിട്ടു. വെള്ളത്തിന്റെ അവസ്ഥ നോക്കി മനസ്സിലാക്കിവരാനാണ് കാക്കയെ വിട്ടത്. പക്ഷെ കാക്ക തിരിച്ചുവന്നില്ല. പിന്നെ പ്രാവിനെ വിട്ടു. പ്രാവിന് കാൽ കുത്താൻ ഇടം കിട്ടിയില്ല. അത് തിരിച്ചു പറന്നുവന്നു. കിളിവാതിലിന് പുറത്തേക്ക് കൈ നീട്ടി നൂഹ് (അ) പ്രാവിനെ സ്വീകരിച്ചു. കപ്പലിൽ തന്നെ പ്രവേശിപ്പിച്ചു. പിന്നെ ഏഴ് ദിവസങ്ങൾ കൂടി കടന്നുപോയി. വീണ്ടും പ്രാവിനെ വിട്ടു. അത് സൈത്തൂൻ ഇലയുമായി തിരിച്ചെത്തി. വെള്ളം വളരെ താഴ്ന്നിരിക്കുന്നുവെന്ന് മനസ്സിലായി. ഏഴ് ദിവസങ്ങൾ പിന്നെയും കടന്നുപോയി. പ്രാവിനെ വീണ്ടും അയച്ചു. ഇത്തവണ അത് മടങ്ങിവന്നില്ല വെള്ളം വറ്റിയിരിക്കുന്നുവെന്ന് മനസ്സിലായി...
കപ്പലിൽ ഒരുവർഷം പൂർത്തിയായി...
രണ്ടാം വർഷത്തിലെ ഒന്നാം മാസത്തിലെ ഒന്നാം ദിവസം അവർ ഭൂമിയുടെ ഉപരിതലം കണ്ടു. കര കണ്ടു. നൂഹ് (അ) കപ്പലിന്റെ മേൽക്കൂര മാറ്റി. രണ്ടാം വർഷം രണ്ടാം മാസം ഇരുപത്തി ഏഴാം ദിവസം അല്ലാഹുﷻവിന്റെ കൽപന പ്രകാരം നൂഹ് (അ) തന്റെ അനുയായികളോടൊപ്പം പുറത്ത് വന്നു. നന്ദി സൂചകമായി ബലി നടത്തിയതായും റിപ്പോർട്ടുണ്ട്. ജൂദി പർവ്വതത്തിൽ നിന്നിറങ്ങി വന്ന എൺപത് പേർ ചേർന്ന് സാമാനൂൻ എന്ന ഗ്രാമം സ്ഥാപിച്ചു. കൈവശമുള്ള ധാന്യം കൃഷി ചെയ്തു. കപ്പലിലുള്ള കാലികൾ പെറ്റു പെരുകി. പക്ഷികൾക്കും വംശവർദ്ധനവുണ്ടായി. ജീവിതം പച്ച പിടിക്കുകയായി. അവരുടെ ജീവിതം ആ ഗ്രാമത്തിൽ ഒതുങ്ങിനിന്നില്ല...
പല പ്രദേശങ്ങൾ സഞ്ചരിച്ചു കപ്പലിൽ വന്നവരിൽ നൂഹ് (അ)ന്റെ മൂന്ന് പുത്രന്മാർ പിൽക്കാലത്ത് ചരിത്രത്തിന് മറക്കാൻ പറ്റാത്തത്ര പ്രസിദ്ധരായിത്തീർന്നു. മൂന്നു പുത്രന്മാർ ഒഴികെയുള്ളവർ ഏറെക്കാലം ജീവിച്ചില്ല അടുത്തടുത്ത കാലങ്ങളിലായി മരണപ്പെട്ടു. നൂഹ് (അ)കുറെ കാലം കൂടി ജീവിച്ചു. മൂന്നു പുത്രന്മാരിൽ നിന്നാണ് പിൽക്കാല മനുഷ്യ സമൂഹം വളർന്നു വരുന്നത്...
സാം, ഹാം, യാഫിസ്, ഇവരാണ് പുത്രന്മാർ. ഇവരെക്കുറിച്ച് ചരിത്രം ഇങ്ങനെ രേഖപ്പെടുത്തി. സാം അറബികളുടെ പിതാവാകുന്നു. ഹാം ഹബ്ശികളുടെ പിതാവ്. യാഫിസ് റൂമിന്റെ പിതാവ്.
ഇതിന് പല വിശദീകരണങ്ങൾ വന്നിട്ടുണ്ട്. റൂം എന്നത് അർറൂമുൽ അവ്വൽ (ഒന്നാം റൂം) ആകുന്നു. അത് യൂനാൻ (ഗ്രീക്ക്) ആകുന്നു. യാഫിസിൽ നിന്നുള്ള പരമ്പരയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ...
നൂഹ് (അ)മകൻ യാഫിസ് മകൻ യുനാൻ. മകൻ ലുബ്ത്വാ മകൻ റൂമി. സാമിന് മൂന്നു പുത്രന്മാരുണ്ടായി. അൽ - അറബ്, ഫാരിസ്, റൂം എന്നിവർ. ഫാമിന്റെ പുത്രന്മാർ : ഖിബ്ത്വ്, സൂഡാൻ, ബർബർ ...
യാഫിസിന്റെ മക്കൾ : തുർക്ക്, സഖാലബത്, യഹ്ജൂജ്, മഹ്ജൂജ് ...