നൂഹ് നബി (അ) ന്റെ കൂടെ കപ്പലിൽ കയറിയവർ എത്രയായിരുന്നു..?
ഇബ്നു അബ്ബാസ് (റ)വിന്റെ റിപ്പോർട്ടിൽ എൺപത് പേരാണ്. സ്ത്രീകൾ ഉൾപ്പെടെ എൺപത് പേർ ...
കഅബുൽ അഹ്ബാറിന്റെ കണക്ക് എഴുപത്തി രണ്ട് പേരായിരുന്നുവെന്ന് പറഞ്ഞവരുണ്ട്. വെള്ളത്തിൽ മുങ്ങി നശിച്ച പുത്രന്റെ പേര് യാം എന്നായിരുന്നു വെന്ന് റിപ്പോർട്ടുകളിൽ കാണുന്നു...
ഹാം, സാം, യാഫീസ്, യാം, ആബിർ, ഇവരെല്ലാം നൂഹ് (അ) ന്റെ മക്കളാകുന്നു. ആബിർ വെള്ളപ്പൊക്കത്തിന് മുമ്പെ മരണപ്പെട്ടു. യാം മുങ്ങി നശിച്ചു. മറ്റുള്ളവർ കപ്പലിൽ കയറി. നൂഹ് നബി (അ)ന്റെ ഒരു ഭാര്യ മുങ്ങി നശിച്ചു. മൃഗങ്ങളെല്ലാം കപ്പലിൽ കയറിയപ്പോൾ പലർക്കും ആശങ്കയായി.
സിംഹം നമ്മുടെ കൂടെയുണ്ട് അക്രമിക്കുമോ..? എലിക്ക് പൂച്ചയെ പേടി. വിരുദ്ധ സ്വഭാവമുള്ള ജീവികൾ എല്ലാം ഒരുമയോടെ ജീവിച്ചു. യാം എന്ന മകനെ അഹ്ലു കിതാബുകാർ കൻആൻ എന്നു വിളിക്കുന്നു...
ഇബ്നു ജരീറും മറ്റ് ചിലരും പ്രളയത്തിന്റെ കാലം പതിമൂന്ന് മാസമാണെന്ന് പറഞ്ഞിട്ടുണ്ട്. മലമുകളിൽ നിന്ന് പതിനഞ്ച് മുഴം ഉയരത്തിൽ വെള്ളമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. എൺപത് മുഴം എന്നും പറയപ്പെട്ടിട്ടുണ്ട്. ഭൂമി മുഴുവനായും വെള്ളത്തിലായിരുന്നു. സമതലങ്ങളും താഴ് വാരങ്ങളും പർവ്വതങ്ങളും വെള്ളത്തിലായിരുന്നു. ഒരിടവും ഒഴിവില്ല. ചെറുതും വലുതുമായ ഒരു ജീവിയും അവശേഷിച്ചില്ല...
നൂഹ് (അ)ന് രണ്ട് ഭാര്യമാരുണ്ടായിരുന്നുവെന്നും അവരിൽ ഒരാൾ കപ്പലിൽ കയറിയെന്നും രേഖകൾ പറയുന്നുണ്ട്. മൂന്നു മക്കൾ കപ്പലിൽ കയറുകയും, ഒരു മകൻ യാം ദൂരെ മാറി നിൽക്കുകയും ചെയ്തപ്പോൾ നൂഹ് (അ) അവനേയും കപ്പലിലേക്ക് ക്ഷണിച്ചു, വന്നില്ല കയറിയില്ല മുങ്ങി നശിച്ചു. ആ മകന്റെ ഭാര്യ കപ്പലിൽ കയറി രക്ഷപ്പെട്ടു. മുങ്ങി നശിച്ച മകൻ വളർത്തു പുത്രനാണെന്ന് പറഞ്ഞവരുണ്ട്. ഭാര്യയുടെ പുത്രനാണെന്ന് പറഞ്ഞവരുണ്ട്...
ആകാശത്ത് നിന്ന് മഴവെള്ളം കുത്തിയൊലിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭൂമിയിൽ നിന്ന് ശക്തമായ ഉറവകളും പൊട്ടിയൊലിച്ചു കൊണ്ടിരുന്നു. അവ രണ്ടിന്റേയും സൃഷ്ടാവായ റബ്ബ് അവയോടിങ്ങനെ കൽപ്പിച്ചു. ആകാശമേ നിർത്തുക. ഭൂമിയേ നിന്റെ വെള്ളം നീ വിഴുങ്ങുക. ആകാശം അനുസരിച്ചു മഴനിലച്ചു. ഭൂമിയും അനുസരിച്ചു വെള്ളം വറ്റിത്തുടങ്ങി. ആദ്യം കണ്ടു തുടങ്ങിയത് പർവ്വതത്തലപ്പുകളാണ്. കപ്പൽ ജൂദി പർവ്വതത്തിലേക്ക് നീങ്ങുകയാണ് വിശുദ്ധ ഖുർആൻ പറയുന്നു:
പറയപ്പെട്ടു... ഭൂമിയേ നിന്റെ വെള്ളം നീ വിഴുങ്ങുക. ആകാശമേ നീ വിരമിക്കുക. വെള്ളം വറ്റുകയും കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തു. അത് (കപ്പൽ) ജൂദി മലയുടെ മേൽ ചെന്നു ഉറച്ചു നിൽക്കുകയും ചെയ്തു. അക്രമികളായ ജനങ്ങൾക്ക് വിദൂരം (കാരുണ്യത്തിൽ നിന്നും അവർ എത്രയോ അകന്നുപോയി) എന്ന് പറയപ്പെട്ടു (11:44)...
ജൂദി മല അൽജസീറയിലാണെന്ന് പറയപ്പെട്ടിട്ടുണ്ട്. മൗസിലിലാണെന്നും അഭിപ്രായമുണ്ട്. ഇവർക്കു സമീപമാണ് അറാറത്ത് പർവ്വതം. ജൂദി തന്നെയാണ് അറാറത്ത് എന്നറിയപ്പെടുന്നു. ഇങ്ങനെയല്ലാം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്...
ഖത്താദ (റ)വിന്റെ വാക്കുകൾ പലരും ഉദ്ധരിച്ചിട്ടുണ്ട്. അൽ ജസീറയിൽ പെട്ട ജൂദി മലയിൽ ഒരു ദൃഷ്ടാന്തമായിക്കൊണ്ട് നൂഹ് നബി (അ)ന്റെ കപ്പലിനെ അല്ലാഹുﷻ അവശേഷിപ്പിച്ചിരിക്കുന്നു. ഈ സമുദായത്തിലെ ആദ്യ കാലക്കാർ അത് കാണുകയും ചെയ്തിരിക്കുന്നു. അതിനുശേഷമുണ്ടായ എത്രയോ കപ്പലുകൾ നശിച്ചു പോയിരിക്കുന്നു...
സഹസ്രാബ്ദങ്ങൾ തന്നെ കടന്നുപോയിട്ടും നൂഹ് നബി (അ)ന്റെ കപ്പലിന്റെ കാര്യത്തിൽ മനുഷ്യ സമൂഹത്തിന് സജീവ താൽപര്യമാണുള്ളത്. പലരും ഗവേഷണം നടത്തുകയും പല വിവരങ്ങളും പുറത്ത് കൊണ്ടുവരികയും ചെയ്തിട്ടുണ്ട് ...
സൂറത്ത് അമ്പിയാഇൽ ഇങ്ങനെ കാണാം ...
നൂഹിനെയും, മുമ്പ് അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം ഓർക്കുക. അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആൾക്കാരെയും മഹാദുഃഖത്തിൽ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു (21:76) ...
നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനങ്ങളിൽ നിന്ന് അദ്ദേഹത്തിന് നാം സഹായം (രക്ഷ) നൽകുകയും ചെയ്തു. നിശ്ചയമായും അവർ ഒരു ചീത്ത ജനതയായിരുന്നു. അതിനാൽ നാമവരെ കൂട്ടത്തോടെ നശിപ്പിച്ചു (21:77) ...
കപ്പൽ ജൂതി പർവ്വതത്തിൽ ഉറച്ചു നിൽക്കുകയാണ്. വെള്ളം വറ്റിത്തീരാൻ ഇനിയും കാലം പിടിക്കും. അല്ലാഹുﷻവിന്റെ അനുമതി കിട്ടാതെ പുറത്തിറങ്ങാനാവില്ല. ദിവസങ്ങൾ പിന്നെയും കടന്നുപോയി. കപ്പലിന്റെ കിളിവാതിലുകൾ തുറന്നു നോക്കി. പർവ്വതങ്ങളുടെ കൊടുമുടികൾ കാണുന്നുണ്ട്. വെള്ളം താഴ്ന്നു വരികയാണ്. ഭൂമിയുടെ അവസ്ഥ അറിയണം. അതറിയാൻ വേണ്ടി ആദ്യം കാക്കയെ അയച്ചു...
തുടർന്ന് പ്രാവിനെയും അയച്ചു. കാക്ക പറന്നുപോയി ശവങ്ങൾ കണ്ടു. പറന്നിരുന്നു നേരം വൈകി അപ്പോഴാണ് പ്രാവിനെ അയച്ചത്. പ്രാവ് വൈകാതെ മടങ്ങിയെത്തി. അതിന്റെ ചുണ്ടിൽ സൈത്തൂൻ ഇലയുണ്ടായിരുന്നു. കാലിൽ മണ്ണ് പറ്റിപ്പിടിച്ചിരുന്നു. അത് കണ്ടപ്പോൾ വെള്ളം വറ്റിയിട്ടുണ്ടെന്ന് മനസ്സിലായി...