Wednesday - 22 April, 2026 4-Dhu al-Qadah-1447

മടക്കം മണ്ണിലേക്ക്

   നൂഹ് (അ)നെ രണ്ടാം ആദം എന്നു വിളിച്ചവരുണ്ട്. ആദം നബി (അ)ന്റെ പരമ്പര പ്രളയ കാലത്ത് അവസാനിച്ചു. പിന്നീടുള്ള മനുഷ്യർ നൂഹ് (അ)ന്റെ പരമ്പരയാണ്. നൂഹ്  (അ)അഭിമുഖീകരിച്ച ജനതയാണ് ബിംബാരാധനയുടെ ആളുകൾ. അതിന് മുമ്പുള്ളവർ സത്യവിശ്വാസികളായിരുന്നു. സത്യത്തിലേക്കു ക്ഷണിക്കുക എന്ന ദൗത്യം സാഹസികമായി നിർവ്വഹിക്കേണ്ടിവന്നത് അദ്ദേഹത്തിനാകുന്നു...


നൂഹ് (അ)ന് നര ബാധിച്ചിരുന്നില്ല.  പല്ല് കൊഴിഞ്ഞ് പോയിരുന്നില്ല. ആരോഗ്യം നഷ്ടപ്പെട്ടിരുന്നില്ല. അല്ലാഹുﷻ നൂഹ് നബി (അ)നെ വിശേഷിപ്പിച്ചത് നന്ദിയുള്ള അടിയൻ എന്നാകുന്നു. തനിക്കു ലഭിച്ച ഭക്ഷണത്തിനും പാനീയത്തിനും വസ്ത്രത്തിനും നൂഹ് (അ) അല്ലാഹുﷻവിനെ സ്തുതിക്കുമായിരുന്നു... 


നബി (സ)അരുൾ ചെയ്തു : 

ഒരു അടിമ ആഹാരം കഴിച്ചു അല്ലാഹുﷻവിനെ സ്തുതിച്ചു, പാനം ചെയ്തു എങ്കിൽ അല്ലാഹുﷻ അവനെ തൃപ്തിപ്പെട്ടു ...


നൂഹ് (അ)ന്റെ നോമ്പ് വളരെ പ്രസിദ്ധമാണ്. ഈദുൽ ഫിത്വർ,  ഈദുൽ അള്ഹാ എന്നീ ദിവസങ്ങളല്ലാത്ത എല്ലാ നാളുകളിലും അദ്ദേഹം നോമ്പ് നോറ്റിരുന്നു. നൂഹ് (അ) കാലം മുഴുവൻ നോമ്പെടുത്തു. ദാവൂദ് (അ) കാലത്തിന്റെ പകുതി നോമ്പെടുത്തു. ഇബ്രാഹിം (അ) മാസത്തിന്റെ മൂന്നു ദിവസം നോമ്പെടുത്തു. എന്നെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ...


ഹജ്ജ് വേളയിൽ നബി (സ)തങ്ങൾ വാദി  അസ്ഫാനിൽ എത്തി. കൂടെയുണ്ടായിരുന്ന അബൂബക്കർ (റ)വിനോട് നബി (സ)തങ്ങൾ ചോദിച്ചു ...ഓ... അബൂബക്കർ ഏതാണ് ഈ താഴ് വര ? വാദി അസ്ഫാൻ ഉടനെ മറുപടി പറഞ്ഞു. നബി (സ)ഇങ്ങനെ വിശദീകരിച്ചു... ഈ വാദിയിലൂടെ നൂഹ് (അ), ഹൂദ് (അ), ഇബ്രാഹീം (അ), എന്നിവർ ഒട്ടകപ്പുറത്ത് സഞ്ചരിച്ചിട്ടുണ്ട്. അവരെല്ലാം ഹജ്ജ് യാത്ര നടത്തിയെന്ന് സൂചന ...


ധിക്കാരികളായ ജനതയെ വെള്ളത്തിൽ മുക്കി നശിപ്പിക്കുകയും, അഗ്നിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്നാണ് ഖുർആനിലുള്ളത്. സൂറത്ത് നൂഹിൽ പറയുന്നതിപ്രകാരമാണ് ...


അവരുടെ തെറ്റുകളാൽ തന്നെ അവർ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ട് അവർ അഗ്നിയിൽ പ്രവേശിക്കപ്പെട്ടു. അപ്പോൾ അവര്‍ തങ്ങൾക്ക് അല്ലാഹുﷻ അല്ലാതെയുള്ള സഹായികളെ കണ്ടെത്തിയില്ല (71:25).

അഗ്നിയിൽ പ്രവേശിക്കപ്പെട്ടു വെന്നത് രണ്ട് വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് ...


ഈ ലോകത്ത് വെള്ളപ്പൊക്കം ഒരു ശിക്ഷയായി അവർ അനുഭവിച്ചു. അതോടെ ശിക്ഷ അവസാനിച്ചിട്ടില്ല. പരലോകത്ത് അഗ്നിയിൽ പ്രവേശിക്കപ്പെടും ഇതാണ് ഈ വ്യാഖ്യാനം... 


ഈ ലോകത്ത് വെച്ചു തന്നെ അഗ്നിയുടെ ശിക്ഷ അവർക്ക് നൽകപ്പെട്ടിട്ടുണ്ട്. എന്നതാണ് രണ്ടാം വ്യാഖ്യാനം... 


വെള്ളവും അഗ്നിയും അവരുടെ  മേൽ ശിക്ഷയായി ഇറങ്ങി. അവരുടെ ആരാധ്യ വസ്തുക്കളൊന്നും സഹായത്തിനെത്തിയില്ല. ഏകനായ റബ്ബിന് വഴങ്ങി ജീവിച്ചവർ മാത്രം വിജയിച്ചു. മഹാനായ നൂഹ് നബി (അ) നെക്കുറിച്ച് കേൾക്കുമ്പോൾ ഭൂമി മുടങ്ങിപ്പോയ പ്രളയത്തെക്കുറിച്ചാണ് ആരും ഓർക്കുക. പ്രളയത്തിലേക്ക് നയിച്ച ചില പ്രാർത്ഥനാ വചനങ്ങളുണ്ട്. ഒരിക്കലും ആർക്കും മറക്കാനാവാത്ത വചനങ്ങൾ. സൂറത്ത് നൂഹിൽ വന്ന ആ വചനങ്ങൾ കൂടി ഉദ്ധരിച്ചുകൊണ്ട് ഈ രചനക്ക് വിരാമം നൽകുകയാണ് അല്ലാഹുﷻ തൗഫീഖ് നൽകട്ടെ ... (ആമീൻ)


സൂറത്ത് നൂഹിലെ ആറാം വചനം ...


നൂഹ് പറഞ്ഞു : എന്റെ റബ്ബേ അവിശ്വാസികളിൽ പെട്ട ഒരു വീട്ടുകാരനെയും ഭൂമിക്കു മീതെ നീ ബാക്കിയാക്കി വിട്ടേക്കരുതേ (71:26).


സത്യത്തിൽ വിശ്വസിക്കാത്ത ജനത വിശ്വസിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത വിഭാഗം. അവർക്കു കുഞ്ഞുങ്ങളുണ്ടായാൽ അവരും സത്യത്തിന്റെ ശത്രുക്കളാകുമെന്ന കാര്യം ഉറപ്പ് ...


അങ്ങനെയുള്ള ഒരു മനുഷ്യ വിഭാഗം എന്തിന് ഭൂമിക്കു ഭാരമായി ജീവിക്കണം. അവരിൽ ഒരാൾ പോലും അവശേഷിക്കാതെ സമൂല നാശം വരുത്തണമെന്ന് പ്രാർഥന ...


ആ പ്രാർഥന അങ്ങനെ തന്നെ സ്വീകരിക്കപ്പെട്ടു. നടപ്പാക്കുകയും ചെയ്തു.  അടുത്ത വചനം നോക്കാം ...


നിശ്ചയമായും അവരെ നീ നശിപ്പിക്കാതെ വിട്ടേക്കുന്ന പക്ഷം, അവർ നിന്റെ അടിയാന്മാരെ വഴിതെറ്റിച്ചു കളയുന്നതാണ്. സത്യനിഷേധിക്കാരായ ദുർവൃത്തരെയല്ലാതെ അവർ ജനിപ്പിക്കുകയും ചെയ്യുകയില്ല  (71:27).

ഈ ജനതയിൽ നിന്നുണ്ടാവുന്ന ഭാവി തലമുറകളിൽ പോലും പ്രതീക്ഷയില്ല. അതുകൊണ്ട് ഒരാളെയും വിടാതെ നശിപ്പിക്കണം. തൊള്ളായിരത്തി അമ്പത് കൊല്ലത്തെ നിരന്തര ശ്രമത്തിനു ശേഷമാണ് ഈ പ്രാർത്ഥന എന്നോർക്കണം ...


പ്രാർത്ഥിക്കുമ്പോൾ തനിക്കു വേണ്ടി ആദ്യം പറയുക. പിന്നെ മാതാപിതാക്കൾക്ക് പൊറുക്കാൻ പറയുക. അതിനുശേഷം അടുത്ത ബന്ധുക്കൾ. അവസാനം പൊതുവായി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക. അതാണ് നൂഹ് നബി (അ) ചെയ്ത രീതിയും... അത് നോക്കിക്കാണുക... 


എന്റെ റബ്ബേ എനിക്ക് പൊറുത്തു തരേണമേ... എന്റെ മാതാപിതാക്കൾക്കും, എന്റെ വീട്ടിൽ സത്യവിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവർക്കും, സത്യവിശ്വാസം സ്വീകരിച്ച പുരുഷന്മാർക്കും സ്ത്രീകൾക്കും  (നീ പൊറുത്തു തരേണമേ) ...


അക്രമകാരികൾക്ക് നാശനഷ്ടമല്ലാതെ നീ വർദ്ധിപ്പിക്കുകയും ചെയ്യരുതേ (71:28) ...


ഇത് നിലനിൽക്കുന്ന പ്രാർത്ഥനയാണ്. അക്കാലത്തെ സത്യവിശ്വാസികൾ നൂഹ് (അ) മുമായി സഹവസിച്ചു ജീവിച്ചു. എല്ലാവരും ആ വീട്ടിൽ പോവും ബന്ധപ്പെടുകയും ചെയ്തു. നൂഹ് (അ)നിസ്കരിച്ച പള്ളിയിലും എല്ലാവരും എത്തിയിരുന്നു. നബിയുമായുള്ള അടുത്ത ബന്ധവും നിരന്തര സഹവാസവും അവരെ നല്ലവരാക്കിത്തീർത്തു. എന്റെ വീട്ടിൽ പ്രവേശിച്ചവർ എന്ന് പറഞ്ഞത് വീടിനെക്കുറിച്ചു തന്നെയാവാം. അല്ലെങ്കിൽ മസ്ജിദുമാവാം. ദീൻ എന്നുമാവാം. കപ്പൽ എന്നുമാവാം. ഇങ്ങനെയൊക്കെ വ്യാഖ്യനങ്ങൾ വന്നിട്ടുണ്ട്... 


നൂഹ് (അ)ന് നാൽപത് വയസ്സായപ്പോൾ നുബുവ്വത്ത് കിട്ടി. തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങളെ സത്യമതത്തിലേക്ക് ക്ഷണിച്ചു.  വെള്ളപ്പൊക്കത്തിനു ശേഷം അറുപത് വർഷം കൂടി ജീവിച്ചു. ഇങ്ങനെയെല്ലാം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്...


സഹസ്രാബ്ദം കണ്ട മഹാപ്രവാചകൻ എന്തുമാത്രം അനുഭവങ്ങൾ... ഇതാ ജീവിതത്തോട് വിടപറയാൻ തുടങ്ങുന്നു... പുത്രനായ സാമിനെ വിളിച്ചു ആവശ്യമായ ഉപദേശങ്ങൾ നൽകി. ജിബ്രീൽ (അ)വന്നു ഒരു ചോദ്യം ചോദിച്ചു. ഈ ദുനിയാവിലെ ജീവിതത്തെക്കുറിച്ചെന്ത് പറയുന്നു..?  ഒരു വാതിലിലൂടെ വീട്ടിൽ പ്രവേശിച്ചു മറുവാതിലിലൂടെ പുറത്ത് പോവുന്നത് പോലെ തോന്നുന്നു... 


പത്ത് നൂറ്റാണ്ടുകൾ കണ്ട നൂഹ് (അ) കണ്ണടച്ചു. ഒരു കാലഘട്ടം കടന്നുപോയി. നൂഹ് (അ) മണ്ണിലേക്ക് മടങ്ങി. ആ പൂർവ്വ പ്രവാചകന്റെ ഖബർ എവിടെയാണ് ..?  കൂഫായിലെ മസ്ജിദിൽ എന്നൊരഭിപ്രായം. ലുബ്നാൻ മലയിലെന്ന് മറ്റൊരഭിപ്രായം...


ഇബ്നു ജരീർ, അൽ അസ്റാഖി എന്നിവരുടെ അഭിപ്രായത്തിൽ നൂഹ് (അ)ന്റെ ഖബർ മസ്ജിദുൽ ഹറമിലാകുന്നു. സത്യം മുറുകെ പിടിച്ച് മുമ്പോട്ട് പോവാനും അതുവഴി അല്ലാഹുﷻവിന്റെ തൃപ്തി നേടാനും നമുക്ക് കഴിയണം. നൂഹ് (അ)ന്റെ ചരിത്രം അതിന് പ്രചോദനമാവട്ടെ കരുത്താകട്ടെ... അല്ലാഹുﷻ അനുഗ്രഹിക്കട്ടെ ...ആമീൻ 


നൂഹ് നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹുﷻ സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ ...


നൂഹ് നബി (അ)നും മറ്റു ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 നൂഹ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】