Wednesday - 22 April, 2026 4-Dhu al-Qadah-1447

ആ ധിക്കാരികളെവിടെ ? (2)

  കപ്പലിൽ നിന്നിറങ്ങാൻ അല്ലാഹുﷻവിന്റെ കൽപന വന്നു. ഓ നൂഹ് താങ്കൾ ഭൂമിയിലിറങ്ങുക. താങ്കൾക്ക് സലാം... കൂടെയുള്ളവർക്കും സലാം... നിങ്ങൾക്കും നിങ്ങളിൽ നിന്നുണ്ടാവുന്ന തലമുറകൾക്കും അല്ലാഹുﷻവിന്റെ രക്ഷയും അനുഗ്രഹങ്ങളും ഉണ്ടായിരിക്കും. സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം ...


ഓ നൂഹ് താങ്കളുടെ മേലിലും താങ്കളുടെ കൂടെയുള്ളവരിൽ നിന്ന് ഉത്ഭവിക്കുന്ന സമൂഹങ്ങളുടെ മേലിലും നമ്മിൽ നിന്നുള്ള രക്ഷയോടും അതിയായ അനുഗ്രഹങ്ങളോടും കൂടി താങ്കൾ ഭൂമിയിലേക്കിറങ്ങുക ...


(അവരിൽ നിന്ന് തന്നെ ഉത്ഭവിക്കുന്ന) മറ്റ് ചില സമുദായങ്ങളാവട്ടെ അവർക്ക് നാം ക്ഷേമ ഐശ്വര്യങ്ങൾ കൈവരുത്തിക്കൊടുക്കും. പിന്നീട് നമ്മിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ അവരെ ബാധിക്കുകയും ചെയ്യും എന്ന് പറയപ്പെട്ടു... (11:48).


കപ്പൽ നിന്ന ശേഷം നൂഹ് (അ)ന് ലഭിച്ച സന്ദേശമാണ് കപ്പലിലുള്ളവർക്കും, അവരിൽ നിന്ന് ഇനിയുണ്ടാവാൻ പോവുന്ന തലമുറകൾക്കും അല്ലാഹുﷻവിന്റെ രക്ഷയും അനുഗ്രഹങ്ങളുമുണ്ടാവും. എല്ലാ ജനവിഭാഗങ്ങൾക്കും അല്ലാഹുﷻവിന്റെ അനുഗ്രമുണ്ടാവും. അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാത്ത കൂട്ടരും അവരിൽ നിന്നുണ്ടാവും. അവർ ഭൂമിയിൽ അക്രമവും കുഴപ്പങ്ങളും സൃഷ്ടിക്കും. അത് കാരണം അവർക്ക് വേദനാജനകമായ ശിക്ഷ അനുഭവിക്കേണ്ടിവരും ...


മുഹമ്മദ് നബി (സ)തങ്ങളോ, സ്വഹാബികളോ അവരുടെ കാലത്ത് ജീവിച്ചവരോ ഈ ചരിത്രം നേരത്തെ അറിഞ്ഞിരുന്നില്ല. അല്ലാഹുﷻ വഹിയ് മുഖേന അറിയിച്ചു കൊടുത്തു. അപ്പോളാണവർ ചരിത്രം വ്യക്തമായി മനസ്സിലാക്കിയത്... 


വിശുദ്ധ ഖുർആൻ പറയുന്നു ...


ഇതെല്ലാം അദൃശ്യ വാർത്തകളിൽ പെട്ടതാണ്. ഇതെല്ലാം താങ്കൾക്കു നാം അറിയിച്ചു തരുന്നു. ഇതിന് മുമ്പ് താങ്കളോ, താങ്കളുടെ ജനതയോ ഇതറിഞ്ഞിരുന്നില്ല. അതുകൊണ്ട് താങ്കൾ ക്ഷമിക്കുക. അവസാനം വിജയം ഭക്തന്മാർക്കു തന്നെയാകുന്നു... (11:49)


ഖുറൈശികളിൽ നിന്നുള്ള ഉപദ്രവം സഹിക്കവയ്യാതെ ഒരു സാഹചര്യത്തിലാണ് നബി (സ)ക്ക് ആശ്വാസ വചനങ്ങളെന്നോണം നൂഹ് (അ) ന്റെ ചരിത്രം അവതരിപ്പിക്കുന്നത്. തൊള്ളായിരത്തി അമ്പത് വർഷത്തെ ക്ഷമയുടെ ചരിത്രം കേട്ട് സ്വഹാബികൾ അത്ഭുതപ്പെട്ടു. ചരിത്ര വിവരണം അവരുടെ ചിന്താമണ്ഡലം തട്ടിയുണർത്തി. എന്തൊരു ക്ഷമ. അതിന്റെ കോരിത്തരിപ്പിക്കുന്ന പര്യവസാനം സർവ്വശക്തനായ അല്ലാഹുﷻവിന്റെ നാമത്തിൽ ആ സംഘം പുറത്തേക്കിറങ്ങുകയാണ്. അവർ വിനയാന്വിതരായ് മനസ്സ് നിറയെ ഭക്തിയാണ്. നന്ദിയുള്ള അടിയാർകൾ... 


പിറന്ന നാടെവിടെ..? ബന്ധുക്കളെവിടെ..? താമസിച്ച വീടുകളെവിടെ..? അവയെല്ലാം ഓർമ്മകൾ മാത്രം. അക്രമികളുടെ ശൗര്യവും പരാക്രമങ്ങളും കടംകഥകളായി മാറി. പുണ്യപ്രവാചകനെ ഭ്രന്തനെന്ന് വിളിച്ച ധിക്കാരികളെവിടെ..? നൂഹ് നബി (അ)യെ മർദ്ധിച്ചു ബോധം കെടുത്തിയ വകതിരിവില്ലാത്ത ധിക്കാരികളെവിടെ..? ഗർവ്വ് നടിച്ച ശരീരങ്ങൾ വെള്ളത്തിൽ കിടന്നു ചീഞ്ഞു കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടു. അവർ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ മണ്ണിന്നടിയിലായി. ഇത് ശുദ്ധീകരിക്കപ്പെട്ട ഭൂമി. ഏകനായ റബ്ബിനെ ആരാധിക്കുന്നവർ മാത്രമേ ഇന്ന് ഈ ഭൂമിയിലുള്ളൂ...


കപ്പലിലുള്ളവരാണ്. ലോക ജനസംഖ്യ... കൂടിവന്നാൽ എൺപത് പേർ. അവരുടേതാണ് ഭൂമി. അവകാശം പറയാൻ മറ്റൊരാളില്ല...