പുറത്ത് ഒരു യാചകന്റെ വിളി.
അയാൾക്കു വല്ലതും കിട്ടണം. യാചനയാണു കണ്ടെത്തിയ മാർഗം.
നബി ﷺ ആ വിളി കേട്ടു. യാചകനെ അടുത്തേക്കു വിളിച്ചു. “നിനക്കെന്താണു വേണ്ടത്..?” - നബിﷺതങ്ങൾ ചോദിച്ചു.
“വല്ലതും തരണം. മറ്റൊരു മാർഗവുമില്ല.”
“നിന്റെ വീട്ടിൽ ഒന്നുമില്ലേ..?”
“വെള്ളം നിറച്ചു വയ്ക്കാൻ ഒരു പാത്രമുണ്ട്. തണുപ്പുള്ളപ്പോൾ പുതയ്ക്കാൻ പറ്റുന്ന ഒരു പുതപ്പും.”
“അതല്ലാതെ മറ്റൊന്നുമില്ലേ..?”
“മറ്റു യാതൊന്നുമില്ല.”
“പോയി അതെടുത്തു കൊണ്ടുവരൂ!” - നബി ﷺ പറഞ്ഞു.
യാചകൻ സ്ഥലം വിട്ടു.
പുതപ്പും വെള്ളപ്പാത്രവും കൊണ്ടുവന്നു. അനുയായികൾ കൂടിനിൽപുണ്ട്. അവരെ നോക്കി നബി ﷺ ചോദിച്ചു: “ഈ പാത്രവും പുതപ്പും ഇയാളുടെ വകയാണ്. ഇതു വിലക്കു വാങ്ങാൻ ആരുണ്ട്..?”
“ഒരു ദിർഹം വിലക്കു ഞാൻ വാങ്ങിക്കൊള്ളാം.” കൂട്ടത്തിലൊരാൾ വിളിച്ചുപറഞ്ഞു.
ഒരു ദിർഹമിനു അതു വിൽക്കാൻ നബി ﷺ തയ്യാറായില്ല. “കൂടുതൽ വില വേണം, ആർക്കു വേണം..?”
ഉടനെ മറ്റൊരാൾ വിളിച്ചു പറഞ്ഞു: “രണ്ടു ദിർഹമിനു ഞാൻ വാങ്ങിക്കൊള്ളാം.”
“ശരി, രണ്ടു ദിർഹമിനു വിറ്റിരിക്കുന്നു. ദിർഹം ഇങ്ങു കൊണ്ടുവരൂ...”
ആ സ്വഹാബി രണ്ടു ദിർഹം നബി ﷺ തങ്ങളുടെ കൈവശം ഏൽപിച്ചു. വെള്ളപ്പാത്രവും പുതപ്പും സ്വീകരിച്ചു.
നബിﷺതങ്ങൾ ദിർഹം യാചകന്റെ കയ്യിൽ കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: “ഒരു ദിർഹമിനു നീ ഭക്ഷണം വാങ്ങണം. മറ്റേ ദിർഹം
കൊടുത്ത് ഒരു കോടാലി വാങ്ങണം. അതുകൊണ്ടു വിറകു വെട്ടണം. വിറകു കെട്ടാക്കി അങ്ങാടിയിൽ കൊണ്ടുവന്നു വിൽക്കണം. വിറ്റു കിട്ടുന്ന പണത്തിന്റെ ഒരു ഭാഗംകൊണ്ടു നിനക്കും കുടുംബത്തിനും ഭക്ഷണം വാങ്ങണം. ബാക്കി സംഖ്യ സൂക്ഷിച്ചുവയ്ക്കണം. പതിനഞ്ചു ദിവസം കഴിഞ്ഞ് എന്നെ വന്നു കാണണം.”
കിട്ടിയ പണവുമായി അദ്ദേഹം സ്ഥലംവിട്ടു. ഒരു ദിർഹമിനു ഭക്ഷണം വാങ്ങി, മറ്റേ ദിർഹം കൊടുത്തു കോടാലിയും വാങ്ങി. അന്നു വീട്ടിൽ പട്ടിണിയില്ലാതെ കടന്നുപോയി. പിറ്റേന്നു കോടാലിയുമായി ഇറങ്ങി. മലഞ്ചരുവിൽ ചെന്നു വിറകു വെട്ടിയെടുത്തു. കിട്ടിയ വിറകു വലിയൊരു കെട്ടാക്കി അങ്ങാടിയിൽ വിൽപനയ്ക്കു വച്ചു. ഒരാൾ വിറകു വിലക്കു വാങ്ങി.
കിട്ടിയ പണത്തിന്റെ ഒരു ഭാഗം കൊണ്ടു ഭക്ഷണം വാങ്ങി. ബാക്കി സൂക്ഷിച്ചു വച്ചു. ഭക്ഷണവുമായി ഗൃഹനാഥൻ വന്നപ്പോൾ വീട്ടിലുള്ളവർക്കു വലിയ ആഹ്ലാദം. തന്റെ അധ്വാനംകൊണ്ടു വീട്ടുകാരെ ഭക്ഷിപ്പിക്കാൻ കഴിഞ്ഞതിൽ വീട്ടുകാരനും ആഹ്ലാദം.
അധ്വാനത്തിന്റെ ഫലം ആനന്ദം തന്നെ. പതിനഞ്ചു ദിവസങ്ങൾ കടന്നുപോയി. ഇത്രയും ദിവസങ്ങൾകൊണ്ടു പത്തു ദിർഹം സമ്പാദിച്ചിരിക്കുന്നു..!
പത്തു ദിർഹമും കൊണ്ടു നബി ﷺ തങ്ങളുടെ മുമ്പിലെത്തി. തന്റെ പതിനഞ്ചു ദിവസത്തെ അധ്വാനത്തിന്റെ കഥ പറഞ്ഞു.
നബി ﷺ ഇങ്ങനെ ഉപദേശിച്ചു: “ഈ പണം കൊണ്ടു പുതപ്പും വെള്ളം സൂക്ഷിക്കാനുള്ള പാത്രവും മറ്റു വീട്ടുസാധനങ്ങളും വാങ്ങുക.”
സ്വഹാബിവര്യൻ സന്തോഷത്തോടെ തിരിച്ചുപോയി. അധ്വാനത്തിന്റെ ആനന്ദം അദ്ദേഹം അനുഭവിച്ചു കഴിഞ്ഞു. ഇനി ബുദ്ധിമുട്ടില്ലാതെ ജീവിച്ചുകൊള്ളും.
യാചനയിൽ നിന്നു മോചനം കിട്ടി. സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. അധ്വാനിച്ചു സമ്പാദിക്കാൻ നബിﷺതങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചു.