Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒരേ ഒരു ഹജ്ജ് (2)

   ദുൽഹുലയ്ഫ. 

സംഘം ദുൽഹുലയ്ഫയിലെത്തി.

അവിടെ തമ്പടിച്ചു. നബിﷺതങ്ങൾ ദുൽഹുലയ്ഫയിൽ വച്ച് ഇഹ്റാമിൽ

പ്രവേശിച്ചു. മുസ്ലിംകളെല്ലാം അതുപോലെ ചെയ്തു.


 ഇഹ്റാമിൽ പ്രവേശിച്ചതോടെ അവർ തൽബിയത്തു ചൊല്ലാൻ തുടങ്ങി:

“ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്...

ലബ്ബയ്ക്ക ലാ ശരീക ലക ലബ്ബയ്ക്

ഇന്നൽ ഹംദ വന്നിഅ്മത ലക, വൽ മുൽക് ലാ ശരീക ലക്. ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്...”


 അല്ലാഹുﷻവേ, നിന്റെ വിളിക്കു ഞങ്ങളിതാ ഉത്തരംനൽകുന്നു. നിനക്കു പങ്കുകാരില്ല. നിന്റെ വിളിക്കുത്തരം നൽകിക്കൊണ്ട് ഞങ്ങളിതാ വരുന്നു. സർവസ്തുതികളും നിനക്കാകുന്നു. എല്ലാ അനുഗ്രഹങ്ങളും നിന്റെ വകയാകുന്നു. രാജാധികാരവും നിനക്കുതന്നെ. നിനക്കു പങ്കുകാരില്ല.

അല്ലാഹുﷻവേ, നിന്റെ വിളിക്ക് ഉത്തരം നൽകുന്നു. 


 ഒരേ വേഷം, ഒരേ മുദ്രാവാക്യം. ഭക്തിനിർഭരമായ ഖൽബുകളുമായി സത്യവിശ്വാസികൾ നീങ്ങുന്നു. മരുഭൂമിയെയും കറുത്തിരുണ്ട കരിമ്പാറക്കൂട്ടങ്ങളെയും കോരിത്തരിപ്പിക്കുന്ന കാഴ്ച.


 മലനിരകളിലും താഴ് വരകളിലും തൽബിയത്തിന്റെ ശബ്ദം അലയടിച്ചുയരുന്നു.


 സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇബ്റാഹീം നബി (അ) ജനങ്ങളെ ഹജ്ജിനു ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ചുകൊണ്ടു സത്യവിശ്വാസികൾ ഇതാ നീങ്ങിക്കൊണ്ടിരിക്കുന്നു. 


 ദുൽഹജ്ജ് മാസം നാല്. നബി ﷺ തങ്ങളും അനുയായികളും മക്കയിലെത്തി. അവർ നേരെ കഅ്ബാശരീഫിനടുത്തേക്കു നീങ്ങി.

ആവേശം അലയടിച്ചുയർന്നു. അല്ലാഹു ﷻ വിന്റെ പരിശുദ്ധ ഭവനം.

ഹജറുൽ അസ്‌വദ് ചുംബിച്ചു. ത്വവാഫ് ആരംഭിച്ചു. കഅ്ബാലയം ഏഴു തവണ ചുറ്റുക. അതാണു ത്വവാഫ്.


 ത്വവാഫിനു ശേഷം ഇബ്റാഹീം മഖാമിൽ വച്ചു നിസ്കരിച്ചു.

ചരിത്ര സ്മരണകൾ വീണുറങ്ങുന്ന പ്രദേശം. ആ പ്രദേശത്തുകൂടെ നടന്നുനീങ്ങുമ്പോൾ സത്യവിശ്വാസികൾക്ക് ആവേശം വർധിച്ചു.


 നബിﷺതങ്ങൾ സ്വഫാ മലക്കുനേരെ നടന്നു. സ്വഹാബികൾ മലയുടെ മുകളിലേക്കു നോക്കി. കൊച്ചു കുഞ്ഞിന്റെ ദാഹം തീർക്കാൻ വെള്ളമന്വേഷിച്ചു സ്വഫാ മലയുടെ മുകളിലേക്കു പാഞ്ഞു കയറിയ ഉമ്മയുടെ ചിത്രം അവരുടെ മനസിൽ തെളിയുന്നു...