അങ്ങാടിയിൽ നല്ല തിരക്ക്. കച്ചവടക്കാർ സാധനങ്ങൾ നിരത്തിവച്ചിരിക്കുന്നു. ആവശ്യക്കാർ വന്നു നിറയുന്നു. ആളുകൾ വില ചോദിക്കുന്നു. കച്ചവടക്കാർ വില പറയുന്നു. ചിലർ വില പേശുന്നു.
അങ്ങാടി സർവ്രത സജീവം. നബി ﷺ അതുവഴി നടന്നുവരികയായിരുന്നു. അങ്ങാടിയിലേക്കു പ്രവേശിച്ചു. ധാന്യം വിൽക്കുന്ന ഒരു വ്യാപാരിയുടെ അടുത്തേക്കു നടന്നുവന്നു. ധാന്യക്കൂമ്പാരത്തിലേക്കു നോക്കി.
പ്രവാചകൻ ﷺ എത്തിയപ്പോൾ പലരും അങ്ങോട്ടു ശ്രദ്ധിച്ചു. വ്യാപാരിയുടെ മുഖത്ത് അമ്പരപ്പ്. എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. ധാന്യക്കൂമ്പാരത്തിനടിയിലേക്കു നബി ﷺ കൈ താഴ്ത്തി. നനഞ്ഞ ധാന്യം..!
“എന്താ ഇത്..?” - നബിﷺതങ്ങൾ ചോദിച്ചു.
“മഴയിൽ നനഞ്ഞു പോയി - വ്യാപാരി ദുഃഖത്തോടെ പറഞ്ഞു.
“എങ്കിൽ അതു ജനങ്ങൾ അറിയണം. നനഞ്ഞ ധാന്യം ആളുകൾ കാണണം. വിൽപന സാധനങ്ങളുടെ ന്യൂനതകൾ മൂടിവയ്ക്കാൻ പാടില്ല. അറിഞ്ഞുകൊള്ളുക. വഞ്ചന നടത്തുന്നവൻ നമ്മുടെ കൂട്ട
ത്തിൽപെട്ടവനല്ല.” നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു വ്യാപാരി ഞെട്ടിപ്പോയി..!!
ന്യൂനതകൾ മറച്ചുവച്ചുകൊണ്ടുള്ള വിൽപന വഞ്ചനയാണന്നാണ് നബി ﷺ പ്രഖ്യാപിക്കുന്നത്. എത്ര കഠിനമായ താക്കീത്..! കച്ചവടം നല്ല തൊഴിലാണ്. അനുവദനീയമായ കച്ചവടമായിരിക്കണം. മിതമായ ലാഭമെടുക്കാം. പൂഴ്ത്തിവയ്പ്പ് പാടില്ല. കരിഞ്ചന്ത പാടില്ല. കൃത്രിമ ക്ഷാമം സൃഷ്ടിച്ചു സാധനങ്ങളുടെ
വില കൂട്ടാൻ പാടില്ല. സത്യസന്ധരായിരിക്കണം കച്ചവടക്കാർ...
വിൽപനക്കുള്ള സാധനങ്ങളുടെ ന്യൂനതകൾ വാങ്ങാൻ വരുന്നവർ അറിയണം. ചിലർ വിൽപന സാധനങ്ങളുടെ മെച്ചം അങ്ങനെ വിളിച്ചുപറയും. വാങ്ങാൻ വരുന്നവർ ആ വാചാലതയിൽ വീണുപോകും. സാധനം അത്രയൊന്നും മെച്ചപ്പെട്ടതാകുകയുമില്ല. ഇത് അനുവദനീയമല്ല.
നേർക്കുനേരെയുള്ള അളവും തൂക്കവും മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ. തൂക്കം കൃത്യമായി കാണിക്കുന്ന തുലാസു തന്നെ ഉപയോഗിക്കണം. തുലാസിൽ കൃത്രിമം കാണിക്കാറുണ്ട്. അതു വഞ്ചനയാണ്...
ചിലർ തൂക്കിയെടുക്കാൻ ഒരു തുലാസും തൂക്കിക്കൊടുക്കാൻ
മറ്റൊരു തുലാസും ഉപയോഗിക്കും. ഇതും വഞ്ചന തന്നെ.
ജനങ്ങൾ എന്തെങ്കിലും സാധനം കടയിൽ വിൽപനക്കു കൊണ്ടുവരുന്നു. കുരുമുളകോ അടക്കയോ പുളിയോ തേങ്ങയോ പയറോ എന്തെങ്കിലും.
അഞ്ചു കിലോഗ്രാം തൂക്കിയെടുക്കുന്നു. വാസ്തവത്തിൽ അത് അഞ്ചു കിലോയിൽ കൂടുതൽ കാണും.
അതേ കച്ചവടക്കാരൻ അഞ്ചു കിലോഗ്രാം തൂക്കിക്കൊടുക്കുന്നു എന്നു കരുതുക. വാസ്തവത്തിൽ അത് അഞ്ചു കിലോ തികയില്ല.
വിശുദ്ധ ഖുർആൻ ഇത്തരക്കാർക്കു ശക്തമായ താക്കീതു നൽകുന്നുണ്ട്. ജനങ്ങളുടെ അവകാശം കവർന്നെടുക്കുന്നവർക്കു വേദനാ
ജനകമായ ശിക്ഷയാണുള്ളത്.
നീതിമാനായ കച്ചവടക്കാരനെ നബി ﷺ വളരെയേറെ പുകഴ്ത്തിപ്പറഞ്ഞു. പലരുടെയും കച്ചവടത്തിൽ ബറകത്തുണ്ടാകാൻ വേണ്ടി ദുആ ചെയ്തിട്ടുണ്ട്.
അറബികളുടെ പ്രധാന വരുമാനമാർഗം തന്നെ വ്യാപാരമായിരുന്നുവല്ലോ. അതുകൊണ്ടു വ്യാപാരത്തിന്റെ കാര്യത്തിൽ മുസ്ലിം ഭരണകൂടം വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു.
അബൂബക്കർ(റ), അബ്ദുർറഹ്മാൻ ബ്നു ഔഫ്(റ), ഉസ്മാൻ(റ) എന്നിവരൊക്കെ പേരെടുത്ത കച്ചവടക്കാരായിരുന്നു. അവരുടെയൊക്കെ ധനം ഇസ്ലാംമത പ്രചാരണത്തിനു വളരെയേറെ ഉപകരിച്ചിട്ടുണ്ട്.
കച്ചവടക്കാർ എക്കാലത്തും ഇസ്ലാമിന്റെ സഹായികളായി വർത്തിച്ചിട്ടുണ്ട്. അവരുടെ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും. നമ്മുടെ കച്ചവടക്കാർ നീതിയോടുകൂടി വർത്തിക്കട്ടെ...