“അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവൻ അയൽവാസികൾക്കു ഗുണം ചെയ്യട്ടെ.”
ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്. എത്ര ഗൗരവമുള്ള ആശയമാണ് ഈ നബിവചനം ഉൾക്കൊള്ളുന്നത്.
അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവരാണു മുസ്ലിംകൾ. സൃഷ്ടാവായ അല്ലാഹുﷻവാണു മനുഷ്യനു സുഖവും ദുഃഖവുമെല്ലാം നൽകുന്നത്.
അവൻ ഗുണം ചെയ്യാൻ തീരുമാനിച്ചാൽ ഒരു ശക്തിക്കും അതു തട്ടിക്കളയാനാവില്ല. അവൻ നാശം വിതയ്ക്കാൻ തീരുമാനിച്ചാൽ അതു നീക്കിക്കളയാനും ആർക്കുമാവില്ല.
അല്ലാഹുﷻവിൽ ജീവിതവും മരണവും അർപ്പിക്കുക. എല്ലാ കർമങ്ങൾക്കും പ്രതിഫലം ലഭിക്കുന്നതു പരലോകത്തു വച്ചാണ്. അവിടത്തെ വിജയമാണു യഥാർത്ഥ വിജയം. ആ വിജയമാണു സത്യവിശ്വാസിയുടെ ലക്ഷ്യം തന്നെ.
സത്യവിശ്വാസി എന്നു പറഞ്ഞതുകൊണ്ടായില്ല. സത്യവിശ്വാസിയുടെ ലക്ഷണം കാണണം. അല്ലാഹുﷻവിലും അന്ത്യനാളിലുമുള്ള വിശ്വാസം ശരിയായ രീതിയിൽ ആയിട്ടുണ്ടോ? എങ്കിൽഅതിന്റെ അടയാളം കാണണം. എന്താണ് അടയാളം?
അയൽക്കാർക്കു ഗുണം ചെയ്യുക. അയൽക്കാർക്കു ഗുണം ചെയ്യാത്തവന്റെ കാര്യം അതീവ ഗുരുതരം.
അയൽക്കാരൻ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ അവനെ സഹായിക്കാത്തവന്റെ വിശ്വാസം എങ്ങനെ ശരിയാകും?
നബിﷺതങ്ങൾ തന്റെ സമുദായത്തെ ഇങ്ങനെ ഉപദേശിച്ചു. “തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ സത്യവിശ്വാസിയല്ല.”
അയൽക്കാരൻ പട്ടിണിയിലാണെങ്കിൽ നാം ഭക്ഷണം കൊടുക്കണം. അവന്റെ വിശപ്പടക്കണം. അതു സത്യവിശ്വാസിയുടെ ഈമാൻ വർധിപ്പിക്കും.
ദരിദ്രനായ അയൽവാസിയെ അവഗണിക്കരുത്. അവന്
എന്തെങ്കിലും തൊഴിലുണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കണം. അവന്റെ ദാരിദ്ര്യം നീക്കാനുള്ള വഴികൾ നോക്കണം.
അയൽക്കാരനോടുള്ള ബാധ്യതകളെക്കുറിച്ചു ഗൗരവപൂർവം
സൂചിപ്പിക്കുന്ന ഒരു നബിവചനം കൂടി കാണുക.
“അയൽവാസികളെക്കുറിച്ചു ജിബ്രീൽ (അ) എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. സ്വത്തിൽ അനന്തരവകാശം കൂടി അവർക്കു ലഭിച്ചേക്കുമോ എന്ന് എനിക്കു തോന്നിപ്പോയി.”
അയൽക്കാർക്ക് എന്തെല്ലാം ഗുണങ്ങൾ ചെയ്തുകൊടുക്കണമെന്നു വിവരിക്കുകയായിരുന്നു ജിബ്രീൽ (അ). പറഞ്ഞു പറഞ്ഞു സ്വത്തിൽ അനന്തരവാകാശം നൽകണമെന്നുകൂടി ജിബ്രീൽ(അ) പറഞ്ഞക്കുമോ എന്നു നബിﷺതങ്ങൾക്കു തോന്നിപ്പോയി..!!
എത്ര ഗൗരവത്തോടെയായിരുന്നു ജിബ്രീൽ (അ) ഈ വിഷയം സംസാരിച്ചതെന്ന് ഓർത്തുനോക്കൂ...
അയൽക്കാരനെ ഉപദ്രവിക്കുന്നതിൽ പലർക്കും ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടാറില്ല. അയൽക്കാർക്കിടയിൽ അതിരു തർക്കങ്ങൾ സ്വാഭാവികമാണ്. അതൊക്കെ നീതിപൂർവം പരിഹരിക്കണം. അയൽക്കാർ
തമ്മിലുള്ള ബന്ധം തകർന്നു പോകാതെ നോക്കണം. നാട്ടിലെ നേതാക്കളുടെയും മറ്റും ചുമതലയാണിത്.
നമ്മെപ്പറ്റി അയൽക്കാരുടെ മനസ്സിൽ നല്ല അഭിപ്രായങ്ങളുണ്ടാകണം. അതിനു സഹായകമായിരിക്കണം നമ്മുടെ വാക്കും പ്രവൃത്തികളും.
കോരിത്തരിപ്പിക്കുന്ന ഒരു സംഭവം പറഞ്ഞുതരാം. ഒരാൾ നബിﷺതങ്ങളെ കാണാൻ വന്നു. അദ്ദേഹത്തിനൊരു കാര്യം അറിയണം. അതു ചോദിക്കാനാണു വന്നത്. അദ്ദേഹം ഇങ്ങനെ ചോദിച്ചു:
“അല്ലാഹുﷻവിന്റെ റസൂലേ, ഞാൻ നല്ല ആളാണോ അതോ ചീത്ത ആളാണോ, അതെങ്ങനെ അറിയാൻ കഴിയും..?” ഇതാണു ചോദ്യം.
ചോദ്യത്തിനു നബിﷺതങ്ങൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “നിന്റെ അയൽവാസി നിന്നെപ്പറ്റി നല്ലവൻ എന്നു പറഞ്ഞാൽ നീ നല്ലവനാണ്. അവർ നിന്നെപ്പറ്റി ചീത്ത ആളാണെന്നു പറഞ്ഞാൽ നീ ചീത്തയാണ്.” ഒന്നോർത്തുനോക്കൂ.., അയൽക്കാരുടെ വാക്കിന്റെ വില..!
അവരെ ബുദ്ധിമുട്ടിക്കരുത്. നമ്മൾ ശല്യക്കാരാണെന്ന് അവർക്കു തോന്നരുത്. നമ്മെ അയൽക്കാരായി കിട്ടിയത് ഒരനുഗ്രഹം തന്നെ എന്നവർക്കു തോന്നണം.