ഒരു ദിവസം സയ്നബ് ഭർത്താവിനോടു സ്വകാര്യം പറഞ്ഞു: “അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും താങ്കൾ സാക്ഷ്യം വഹിക്കണം.”
അബുൽ ആസിന്റെ മുഖം മങ്ങി.
താൻ ജീവനുതുല്യം സ്നേഹിക്കുന്ന സയ്നബിന്റെ വാക്കുകൾ തള്ളിക്കളയാനാകുമോ..? തള്ളാതിരിക്കാൻ പറ്റുമോ..? ഖുറയ്ശികൾക്കിടയിൽ തനിക്കുള്ള പദവിയെന്താണ്..? ആ പദവി വലിച്ചെറിയണോ, സാമൂഹിക ബന്ധങ്ങൾ പൊട്ടിച്ചെറിയാനോ..?
സാധ്യമല്ല, തന്നെക്കൊണ്ടാവില്ല...
“പ്രിയപ്പെട്ട സയ്ബ്... എന്നെ നിർബന്ധിക്കരുത്.” അബുൽ ആസ് ഒഴിഞ്ഞുമാറിക്കളഞ്ഞു...
ശഹാദത്തു കലിമ ചൊല്ലാൻ അദ്ദേഹം തയ്യാറായില്ല. നേരായ മാർഗത്തിലേക്കു വിളിച്ചിട്ടു തിരിഞ്ഞുകളഞ്ഞു. അദ്ദേഹം സ്നേഹസമ്പന്നനാണ്. ആ സ്നേഹം അങ്ങോട്ടും നൽകുന്നുണ്ട്. പക്ഷേ, ഖുറയ്ശികളുടെ കൂടെ നിൽക്കുന്നു. ഉമ്മയും അനിയത്തിമാരുമൊക്കെ സത്യസാക്ഷ്യം വഹിച്ചു.
“അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ്
അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” സയ്നബിന്റെ ധീരമായ ശബ്ദം. ഭർത്താവു കേട്ടു, ഭാര്യയുടെ പ്രഖ്യാപനം...
ഇതു പറഞ്ഞ കാരണത്താൽ മക്കയിൽ എത്രപേരാണു മർദ്ദിക്കപ്പെട്ടത്..! ക്രൂരമായി മർദിക്കപ്പെട്ട പെൺകൊടിമാരെത്ര..
ഇസ്ലാംമതം സ്വീകരിച്ച കാരണത്താൽ ഈ പെൺകുട്ടിയെ മർദിക്കാൻ തന്നെക്കൊണ്ടാകുമോ..?
തനിക്കേറ്റവും പ്രിയപ്പെട്ടവൾ..! അബുൽ ആസ് തിരിഞ്ഞു നടന്നു...
ഖുറയ്ശികൾക്കിടയിൽ ആ വിഷയം ചർച്ചാവിഷയമായി. ഭാര്യ മുസ്ലിമാവുക. ഭർത്താവു പഴയ വിശ്വാസത്തിൽ തുടരുക..! പരിഹാസത്തിന്റെ കൂരമ്പുകൾ. എല്ലാം കേട്ടു, സഹിച്ചു. പ്രിയപ്പെട്ടവൾക്കു വേണ്ടിയല്ലേ...
മക്കയിൽ ഓരോ പ്രഭാതത്തിലും വാർത്തകൾ പരന്നുകൊണ്ടിരുന്നു. മർദനത്തിന്റെ പുതിയ കഥകൾ.
മർദകരുടെ കൂട്ടത്തിൽ അബുൽ ആസിന്റെ മനസ്സിൽ ഭാര്യയുടെ സുന്ദരവദനം...
സത്യവിശ്വാസിനിയായ ഭാര്യ. സത്യവിശ്വാസം കൈക്കൊള്ളാത്ത ഭർത്താവ്. അവരുടെ ദാമ്പത്യജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...