ഖബ്ബാബ് (റ)...
ത്യാഗത്തിന്റെ ഇതിഹാസമാണ് ഖബ്ബാബിന്റെ ജീവിതം. ഉമ്മു അൻമാർ എന്ന ക്രൂരയായ സ്ത്രീയുടെ അടിമ. പകലന്തിയോളം പണിയെടുക്കണം മൃഗത്തെപ്പോലെ. അവകാശങ്ങളൊന്നുമില്ല. അടിമയല്ലേ..?
അല്ലാഹുﷻവിന്റെ ദീനിലേക്കുള്ള വിളി കേട്ടു. സാഹോദര്യത്തിന്റെ മതം. സമത്വത്തിന്റെ മതം. തന്നെ സൃഷ്ടിച്ച അല്ലാഹുﷻവിൽ വിശ്വസിക്കുക. അല്ലാഹുﷻവിന്റെ റസൂലിൽ വിശ്വസിക്കുക. ഖബ്ബാബ് സത്യമതം സ്വീകരിച്ചു. ഉമ്മുഅൻമാർ ആ വിവരം അറിഞ്ഞു. ഖബ്ബാബിനെ വിളിച്ചു.
“ഞാൻ നിന്റെ യജമാനയാണ്, നീ മുഹമ്മദിന്റെ മതം ഉപേക്ഷിക്കണമെന്നു ഞാൻ കൽപിക്കുന്നു. സ്വീകരിക്കുന്നുണ്ടോ..?”
ഖബ്ബാബ്(റ) വിനീതമായി മറുപടി നൽകി. “നിങ്ങൾ പറഞ്ഞതു ശരിയാണ്, നിങ്ങൾ ജയമാനത്തി. ഞാൻ അടിമ. നിങ്ങൾ കൽപിക്കുന്ന ജോലി ഞാൻ ചെയ്യും. എന്നെ സൃഷ്ടിച്ച അല്ലാഹുﷻവിലും അവന്റെ റസൂലിലും വിശ്വസിക്കാൻ എന്നെ അനുവദിക്കണം.”
“ഫ... ധിക്കാരി, നിന്നെ അടിച്ചു തകർത്തുകളയും.” അടിയുടെ ശബ്ദം. തൊഴിയുടെ ശബ്ദം...
ലാഇലാഹ... ഇല്ലല്ലാഹ്... അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല.
“നീ മടങ്ങുന്നുണ്ടോ..?”
“ഇല്ല”
ഖുറയ്ശി പ്രമുഖന്മാർ ഒരുമിച്ചുകൂടി. കടുത്ത ശിക്ഷ നൽകുന്നതിനെക്കുറിച്ചു ചിന്തിച്ചു ഒരു തീരുമാനത്തിലെത്തി...
കൽക്കരി കൊണ്ടുവരിക. കത്തിക്കുക. ആ കനലിൽ മലർത്തിക്കിടത്തുക. ശരീരം തീക്കനലിൽ കിടന്ന് ഉരുകുമ്പോൾ ഇസ്ലാം ദീനിൽ നിന്നു മടങ്ങിക്കൊള്ളും...
കൽക്കരി കൊണ്ടുവന്നു. നിരത്തിയിട്ടു തീക്കത്തിച്ചു. നല്ല കനൽ. അടുത്തു നിൽക്കാൻ വയ്യ. എന്തൊരു ചൂട്. ഖബ്ബാബിനെ പിടിച്ചുകൊണ്ടുവന്നു തീക്കനലിൽ കിടത്തി. ഒരു ഭീകരൻ ഓടിവന്നു. ഖബ്ബാബിനെ മാറിടത്തിൽ കയറി
നിന്നു. അനങ്ങാൻ വയ്യ. മനുഷ്യമാംസം വെന്തുകരിയുന്ന ഗന്ധം പരന്നു..
ലാഇലാഹ് ഇല്ലല്ലാഹ്...
ആരാധനക്കർഹനായി അല്ലാഹുﷻവല്ലാതെ മറ്റാരുമില്ല...
ശരീരം വെന്തുരുകി നീരൊഴുകുന്നു. ആ നീരുതട്ടി തീക്കനൽ അണയുന്നു.
പൊള്ളി വ്രണമായ ശരീരവുമായി ഖബ്ബാബ്(റ) എഴുന്നേറ്റു. പിന്നീട് മുറിവുകൾ ഉണങ്ങി. വലിയ വെളുത്ത പാട് ശരീരത്തിന്റെ പിൻവശത്തു കാണാം. ത്യാഗത്തിന്റെ മുദ്രകൾ.
ഖബ്ബാബ് (റ) ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന നാമം. പിൽക്കാലത്തു സത്യവിശ്വാസികൾ അത്ഭുതത്തോടെ ഖബ്ബാബിനെ നോക്കുമായിരുന്നു. ഖബ്ബാബ്(റ)വിന്റെ കരുത്തോർത്തു കാലഘട്ടം വിസ്മയം കൊള്ളുന്നു.
പീഡനങ്ങളും മർദനങ്ങളും നടത്തുമ്പോൾ ശത്രുക്കൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മരണം സംഭവിക്കാതിരിക്കാൻ. അടിമകൾ മരിച്ചുപോയാൽ അതു സാമ്പത്തിക നഷ്ടമുണ്ടാക്കും.
സ്വതന്ത്രരാണു കൊല്ലപ്പെടുന്നതെങ്കിൽ അവരുടെ ഖബീലക്കാർ കലഹത്തിനു വരും. അത് ആഭ്യന്തര കുഴപ്പങ്ങൾക്കു കാരണമാകും. ഇസ്ലാമിനും മുഹമ്മദിനും ഗുണമായി ഭവിക്കുകയും ചെയ്യും. എല്ലാം വളരെ ശ്രദ്ധാപൂർവമായിരുന്നു...