Friday - 22 May, 2026 4-Dhu al-Hijjah-1447

ഒരു ഘോഷയാത്ര (1)

   ഖുറയ്ശികളുടെ അധികാരപരിധിയിൽനിന്നും പുറത്തുകടന്നിരിക്കുന്നു. ഇനി അവരെ ഭയപ്പെടേണ്ടതില്ല സ്വിദ്ദീഖ്(റ)വിന്റെ മനസ്സിൽ സന്തോഷം. തങ്ങൾ ഖുബാഅ് പ്രദേശത്ത് എത്തുകയാണ്. ധാരാളം

മുസ്ലിംകൾ ഖുബാഇലുണ്ട്. നബി ﷺ തങ്ങളെയും കൂടെയുള്ളവരെയും സ്വീകരിക്കാൻ അവർ തയ്യാറെടുത്തു കാത്തുനിൽക്കുകയാണ്.


 പ്രവാചകൻ ﷺ മക്കവിട്ടു എന്ന വാർത്ത യസ് രിബിൽ എത്തിയിരുന്നു.

ഏതു ദിവസവും എത്തിച്ചേരാം. ആ വരവു കാണാൻ വേണ്ടി അവർ കാത്തിരിക്കുകയാണ്...


 എല്ലാ ദിവസവും രാവിലെ മക്കയിൽനിന്നുള്ള പാതയുടെ സമീപം അവർ വന്നുനിൽക്കും. ഉയർന്ന കുന്നിൻമുകളിൽ. നാഴികകൾക്കപ്പുറത്തേക്കു കാണാം. നീണ്ട മണൽപ്പരപ്പാണ്. 


 വെയിൽ അസഹ്യമാകുന്നതുവരെ കാത്തിരിക്കും. പിന്നെ മടങ്ങിപ്പോകും. മദീനയിലെ ജൂതന്മാരും മുശ്രിക്കുകളുമെല്ലാം ഇതു കാണുന്നു. എല്ലാവരുടെയും സംസാരവിഷയം അതുതന്നെ.


 ഒരു ദിവസം ഇതുപോലെ കാത്തിരുന്നു. മദീനയുടെ പുറത്തു വന്നു കുന്നിൻമുകളിൽ കാത്തുനിന്നു. ഏറെ നേരം കഴിഞ്ഞു നിരാശരായി മടങ്ങി. പിന്നെയും സമയം നീങ്ങി. 


 ഒരു ജൂതൻ തന്റെ ഇരുനിലമാളികയുടെ മുകളിൽ കയറി. എന്തോ ആവശ്യത്തിനുവേണ്ടി കയറിയതാണ്. വെറുതെ അകലേക്കു നോക്കി. എന്തോ ഒരു വെളുപ്പു കാണുന്നു. വെള്ള വസ്ത്രം പോലെ. ഏതാനും ഒട്ടകങ്ങൾ. വെള്ള വസ്ത്രധാരികൾ. മുസ്ലിംകൾ കാത്തിരിക്കുന്ന ആൾ തന്നെയായിരിക്കും.


“മുസ്ലിംകളേ, നിങ്ങൾ പ്രതീക്ഷിക്കുന്ന ആൾ വരുന്നുണ്ട്.” ജൂതൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു... 


 പലരും അതു കേട്ടു. കേട്ടവർ പുറത്തേക്കോടി. ഉയരമുള്ള സ്ഥലങ്ങളിലൊക്കെ കയറി നിന്നുനോക്കി. ശരിതന്നെ, ആരോ വരുന്നുണ്ട്. പലരും മുന്നോട്ടു കുതിച്ചു. റബീഉൽ അവ്വൽ മാസം പന്ത്രണ്ട് തിങ്കളാഴ്ച നബിﷺതങ്ങൾ ഖുബാഇൽ എത്തിച്ചേർന്നു. 


 ബനീ അംറുബ്നു ഔഫ് ഗോത്രം - അവർ പ്രവാചകനെ (ﷺ) സ്വീകരിക്കാനെത്തി. ആ ഗോത്രത്തിന്റെ നേതാവാണ് കുൽസൂം ബ്നു ഹദ്മ്. അങ്ങ് എന്റെ അതിഥിയായി താമസിക്കണം - ഗോത്രത്തലവന്റെ അപേക്ഷ. ആ അപേക്ഷ സ്വീകരിക്കപ്പെട്ടു. 


ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ ആദ്യത്തെ ആതിഥ്യം നൽകാനുള്ള ഭാഗ്യം കുൽസൂമിനു ലഭിച്ചു. പ്രവാചകൻ ﷺ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചെറിയ വിശ്രമം. ഗോത്രത്തലവന്മാരിൽ മറ്റൊരാളായ ഖാരിജത്ത് ബ്നു സയ്ദ് പ്രവാചകനോടൊപ്പം വന്ന സ്വിദ്ദീഖ്(റ)വിനോടു പറഞ്ഞു.


“അങ്ങ് എന്റെ അതിഥിയായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.” ആ ക്ഷണം സ്വീകരിക്കപ്പെട്ടു. ഖുബായിൽ ആഹ്ലാദം അലയടിക്കുന്നു...


 ഇസ്ലാംമതം സ്വീകരിച്ചവരും അല്ലാത്തവരുമൊക്കെ ഖുബായിലേക്കു വന്നുകൊണ്ടിരിക്കുന്നു. പ്രവാചകനെ (ﷺ) ഒരു നോക്കു കാണണം. ആ മുഖമൊന്നു കാണണം. കുൽസൂം ബ്നു ഹദമിന്റെ വീട്ടിലേക്കു ജനപ്രവാഹം. മക്കയിൽ നിന്നു ഹിജ്റ വന്ന മുസ്ലിംകളും ഓടിവരുന്നുണ്ട്...


 പ്രവാചകൻ ﷺ ഒരാപത്തും കൂടാതെ ഇങ്ങത്തിയല്ലോ..? ഖുറയ്ശികളുടെ കഠിന മർദനത്തിനിരയായ പലരും അക്കൂട്ടത്തിലുണ്ട്. പ്രവാചകൻ ﷺ അവരെ ഉപദേശിച്ചു. വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേൾപ്പിച്ചു. ശ്രോതാക്കളുടെ മനസ്സ് ആനന്ദം കൊണ്ടു...


“ഇവിടെ ഒരു പള്ളി സ്ഥാപിക്കണം.”

പ്രവാചകൻ ﷺ നിർദേശിച്ചു. അനുയായികൾ സ്വീകരിച്ചു. മുസ്ലിംകൾ താമസിക്കുന്ന സ്ഥലത്തു പള്ളി വേണം. പ്രവാചകനും (ﷺ) അനുയായികളും രംഗത്തിറങ്ങി. അവർ തന്നെയാണു തൊഴിലാളികൾ. അവർ കല്ലു ചുമന്നു. മണ്ണു ചുമന്നു. വെള്ളം ചുമന്നു. ചെറിയൊരു പള്ളിയുടെ അസ്ഥിവാരം...


 ഇന്നത്തെ രീതിയിലുള്ള പള്ളിയൊന്നും സങ്കൽപിക്കരുത്. നാലു ചുമരുകൾ. അത്രയും സങ്കൽപിച്ചാൽ മതി. അവിടെ എല്ലാവരും ഒരുമിച്ചുകൂടി. നിർഭയരായി നിസ്കരിച്ചു...


 എന്തൊരാശ്വാസം. മക്കയിൽ വച്ചു നിസ്കരിച്ചുകൊണ്ടിരുന്ന എത്ര പേരാണു മർദിക്കപ്പെട്ടത്. കിരാതമായ മർദനം. അൽഹംദുലില്ലാഹ്... അല്ലാഹുﷻവിനു സ്തുതി... മഹാനായ പ്രവാചകനോടൊപ്പം നിർഭയരായി നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞല്ലോ...


 വെള്ളിയാഴ്ചവരെ ഖുബായിൽ താമസിച്ചു. വെള്ളിയാഴ്ച യസ് രിബിലേക്കു പുറപ്പെടുകയാണ്. വെള്ളിയാഴ്ച രാവിലെ ഖുബായിൽനിന്നുതന്നെ പുറപ്പെടുന്നു എന്ന വിവരം എല്ലാ ദിക്കിലും അറിഞ്ഞു. പ്രവാചകന് (ﷺ) അകമ്പടി സേവിക്കാൻ ആളുകൾ ഒഴുകിയെത്തി...