Wednesday - 22 April, 2026 4-Dhu al-Qadah-1447

ഗ്രാമത്തിലെ വസന്തങ്ങൾ (1)

   നബിﷺയെ പ്രസവിച്ച കാലത്തു മക്കയിൽ നിലവിലുണ്ടായിരുന്ന ഒരു സമ്പദായത്തെക്കുറിച്ചു പറഞ്ഞുതരാം, കേട്ടോളൂ..!! 


 കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്താൻ വേണ്ടി ആരോഗ്യവതികളായ സ്ത്രീകളെ ഏൽപിക്കും. ഗ്രാമവാസികളായ സ്ത്രീകൾ കുഞ്ഞുങ്ങളെ ഗ്രാമത്തിൽ കൊണ്ടു പോയി വളർത്തും. കുഞ്ഞുങ്ങൾ ഗ്രാമീണ അന്തരീക്ഷത്തിൽ വളരുന്നു, നല്ല

ആരോഗ്യത്തോടെ, സന്തോഷത്തോടെ...


 ഗ്രാമീണർ ശുദ്ധമായ അറബി സംസാരിക്കും. കുഞ്ഞുങ്ങൾ അതുകേട്ടു പഠിക്കും. മക്ക ഒരു പട്ടണമാണ്. അവിടെ പല നാട്ടുകാർ വന്നും പോയുംകൊണ്ടിരിക്കും. സ്ഥിരതാമസക്കാർ തന്നെ പല തരക്കാരാണ്. ഭാഷയും പലതരം,

ശുദ്ധമായ അറബി സംസാരിച്ചു പഠിക്കണമെങ്കിൽ ഗ്രാമത്തിൽ പോകണം. 


 ഇടക്കിടെ ഗ്രാമീണ സ്ത്രീകൾ മക്കയിൽ വരും. കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്താൻ വേണ്ടി കൊണ്ടുപോകും. അതിനു പ്രതിഫലവും ലഭിക്കും.


 നബി ﷺ തങ്ങൾക്ക് ആദ്യത്തെ കുറച്ചു ദിവസം മുലയൂട്ടിയത് മാതാവു തന്നെയായിരുന്നു. പിന്നീടോ..?


  സുവയ്ബതുൽ അസ്ലമിയ്യ കൂട്ടുകാർ അവരെ മറന്നില്ലല്ലോ, അബൂലഹബിന്റെ അടിമയായിരുന്നു. നബിﷺതങ്ങൾ ജനിച്ച സന്തോഷവാർത്ത അബൂലഹബിനെ അറിയിച്ചത് അവരായിരുന്നു. സന്തോഷാധിക്യത്താൽ അബൂലഹബ് അവരെ സ്വതന്ത്രയാക്കി. ഇപ്പോൾ അവർ സ്വതന്തയാണ്. അവർ അതിരറ്റ സന്തോഷത്തോടെ പാലു കൊടുത്തു... 


 അബ്ദുൽ മുത്വലിബ് ഗ്രാമീണ സ്ത്രീകളെ കാത്തിരിക്കുകയാണ്. പൊന്നുമോനെ അവരുടെ കൂടെ അയയ്ക്കണം. കുഞ്ഞിനു നല്ല ആരോഗ്യം വേണം. ശുദ്ധമായ അറബി സംസാരിച്ചു പഠിക്കണം... 


 ഹവാസിൻ ഗോത്രം വളരെ പ്രസിദ്ധമാണ്. ഹവാസിൻ ഗോത്രത്തിൽപ്പെട്ടവരാണ് ബനൂസഅ്ദ് കുടുംബം. ആ കുടുംബത്തിൽപ്പെട്ട സ്ത്രീകൾ മക്കയിൽ വന്നു കുഞ്ഞുങ്ങളെ സ്വീകരിക്കാറുണ്ട്. 


 ബനൂസഅ്ദ് കുടുംബാംഗമായ ഹലീമയും വേറെ കുറെ സ്ത്രീകളും മക്കയിൽ വന്നു. ഹലീമ ഒരു മെലിഞ്ഞ സ്ത്രീയാണ്. അബൂകബ്ശ എന്നാണവരുടെ ഭർത്താവിന്റെ പേര്. ആമിനാബീവി(റ)യുടെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതു ഹലീമക്കായിരുന്നു... 


 കുഞ്ഞിനെ കിട്ടിയത് അവരുടെ ഭാഗ്യം. എന്തെല്ലാം അനുഗ്രഹങ്ങളാണ് ആ കുടുംബത്തിനു ലഭിച്ചത്..? അവരുടെ ആടുകൾ തടിച്ചുകൊഴുത്തു. ധാരാളം പാൽ കിട്ടി. വീട്ടിൽ പട്ടിണി ഇല്ലാതായി. അവരുടെ ഈത്തപ്പനകളിൽ ധാരാളം കുലകൾ വിരിഞ്ഞു. വലിയ അളവിൽ ഈത്തപ്പഴം കിട്ടി. 


 അബൂകബ്ശയുടെ മക്കൾക്ക് ആ കുഞ്ഞിനെ ജീവനാണ്. ളംറ എന്നാണ് ഒരു മകന്റെ പേര്. ളംറയും കുഞ്ഞും ആ കുടിലിൽ വളർന്നുവരുന്നു. ദിവസങ്ങൾ മാസങ്ങളായി ഒഴുകി. മാസങ്ങൾ വർഷങ്ങളായി. 


 ളംറയും മറ്റു കുട്ടികളും ആടുമേയ്ക്കുവാൻ മലഞ്ചെരുവിൽ പോകും. കൂടെ കുട്ടിയും പോകും. ഒരു ദിവസം ആടിനെ മേയ്ക്കുവാൻ പോയതായിരുന്നു. വെള്ള വസ്ത്രധാരികളായ ചിലർ കുട്ടിയെ സമീപിച്ചു. ളംറക്കു വലിയ വെപ്രാളമായി. അവൻ ആകാംക്ഷയോടെ നോക്കിനിന്നു.


 വെള്ളവസ്ത്രധാരികൾ കുട്ടിയെ മലർത്തിക്കിടത്തി. നെഞ്ചും വയറും കീറി. അതിൽനിന്ന് ഒരു കറുത്ത സാധനം എടുത്തുമാറ്റി. പിന്നീടു വെള്ളം കൊണ്ടു കഴുകി.


 ളംറ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി. ഉമ്മയോടു വിവരം പറഞ്ഞു. വീട്ടിലുള്ളവരെല്ലാവരുംകൂടി ഓടിവന്നു.


 കുട്ടി സന്തോഷത്തോടെ എഴുന്നേറ്റുനിൽക്കുന്നു. ഒന്നും സംഭവിക്കാത്തതുപോലെ മന്ദഹസിക്കുന്നു...


 “എന്താ മോനേ ഉണ്ടായത്, ആരാണു വന്നത്..?”


 കുട്ടി നടന്ന സംഭവങ്ങൾ പറഞ്ഞു. അതു കേട്ടപ്പോൾ ഹലീമ(റ)ക്കു പേടിയായി. തന്റെ മോന് എന്തെങ്കിലും സംഭവിക്കുമോ..? അന്നവർക്ക് ഉറക്കം വന്നില്ല. ഒരേ ചിന്ത, ആരായിരിക്കും മോന്റെ അടുത്തു വന്നത്..? ഇനിയും വരുമോ..? കുട്ടിയെ ഉപദ്രവിക്കുമോ..? 


 ഇത് അസാധാരണ കുട്ടിയാണ്. പലതവണ ബോധ്യം വന്നു. കിടന്നുറങ്ങുന്ന മുറിയിൽ പ്രകാശം കണ്ടിട്ടുണ്ട്. പിന്നെ എന്തെല്ലാം അത്ഭുതങ്ങൾ..!


 കുട്ടിയെ മടക്കിക്കൊടുക്കാം. മാതാവിനെ ഏൽപിക്കാം. അതാണു നല്ലത്. അല്ലെങ്കിൽ... വല്ലതും സംഭവിച്ചാൽ തനിക്കതു സഹിക്കാനാവില്ല. പൊന്നുമോനെ എങ്ങനെ വേർപിരിയും. മോനെക്കാണാതെ എങ്ങനെ ജീവിക്കും. വേർപിരിയാൻ എന്തൊരു വിഷമം. ഒരു തീരുമാനത്തിലെത്താനാവുന്നില്ല...


 എന്തുവേണം..?