ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...
സൽമ ഗർഭിണിയായി. ബനൂ ഹാശിം കുടുംബത്തിന് അതൊരു ആഹ്ലാദവാർത്തയായിരുന്നു. വിവരം യസ് രിബിലുമെത്തി. കെട്ടിച്ചയച്ച പെൺമക്കൾ ഗർഭിണികളായാൽ പ്രസവത്തിനു സ്വന്തം വീട്ടിലേക്കു കൊണ്ടുവരണം..,
ബനുന്നജ്ജാർ കുടുംബക്കാർ മക്കയിലെത്തി. “മകളെ ഞങ്ങൾ കൊണ്ടുപോകുകയാണ്. പ്രസവം യസ് രിബിൽ നടക്കട്ടെ. അതാണല്ലോ നാട്ടാചാരം.” ബന്ധുക്കൾ പറഞ്ഞു. സമ്മതിക്കാതെ പറ്റുമോ..?
ഭാര്യയെ പിരിഞ്ഞു ജീവിക്കാൻ ഹാശിമിനു പ്രയാസം. ഭർത്താവിനെ കാണാതെ കഴിയാൻ സൽമക്കും പ്രയാസം...
കീഴ് വഴക്കങ്ങൾ മാനിക്കാതെ പറ്റുമോ..? സൽമ ഒരുങ്ങിയിറങ്ങി. ഒട്ടകക്കട്ടിലിൽ കയറി. വെളുത്ത മുഖത്തു ദുഃഖത്തിന്റെ നിഴൽ. കരിമീൻ കണ്ണുകൾ നിറഞ്ഞൊഴുകി. ഹാശിമിന്റെ നയനങ്ങളും നിറഞ്ഞുപോയി.
ഒട്ടകങ്ങൾ നടന്നു. സൽമ അകന്നകന്നുപോയി. സൽമ പോയതോടെ ഹാശിമിന്റെ ഉത്സാഹം കുറഞ്ഞു. വിരഹത്തിന്റെ ദുഃഖം തന്നെ. വെറുതെയിരിക്കാൻ പറ്റുമോ? എന്തെല്ലാം കാര്യങ്ങൾ നോക്കണം. ഹാശിം ജോലിയിൽ മുഴുകി. വേദന മറന്നു...
മാസങ്ങൾ പിന്നെയും കടന്നുപോയി. യസ് രിബിലെ വിവരങ്ങൾ അറിയാൻ വയ്യ. ആരെങ്കിലും വന്നു പറയണം. മറ്റൊരു മാർഗവുമില്ല...
അടുത്ത സീസൺ. വീണ്ടും കച്ചവടത്തിനു പുറപ്പെടാൻ സമയമായി. കച്ചവടച്ചരക്കുകൾ വൻതോതിൽ ശേഖരിക്കപ്പെട്ടു. അവ വലിയ കെട്ടുകളാക്കി. ഒട്ടകപ്പുറത്തു ബന്ധിച്ചു. ശാമിലേക്കുള്ള ദീർഘയാത്ര ആരംഭിക്കുകയാണ്.
ശാമിൽ നിന്നുള്ള മടക്കയാത്ര യസ് രിബിലൂടെയാണ്. ഇത്തവണ യസ് രിബിൽ കൂടുതൽ ദിവസം തങ്ങണം. സൽമയുടെ വീട്ടിൽ താമസിക്കാം. അവളെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അവൾക്കു നൽകാൻ ശാമിൽ നിന്നു ചില സമ്മാനങ്ങളൊക്കെ വാങ്ങണം...
ശാമിലെത്തി. കച്ചവടം നന്നായി നടന്നു. നല്ല ലാഭവും കിട്ടി. പല സാധനങ്ങളും വാങ്ങി. ഇനി മടക്കയാത്ര. യസ് രിബിൽ പറന്നെത്താനുള്ള ആവേശം. ഒട്ടകത്തിനു വേഗത പോര എന്ന തോന്നൽ...
യാത്രക്കിടയിൽ ഹാശിമിനു വല്ലാത്ത ക്ഷീണം. പെട്ടെന്നു തളർന്നുപോയി. ഖാഫില യാത്ര നിറുത്തി. രോഗം കൂടിക്കൂടിവന്നു. മരുന്നുകൾക്കും പരിചരണങ്ങൾക്കും കുറവില്ല. രോഗം കൂടുന്നതേയുള്ളൂ. എല്ലാവർക്കും വെപ്രാളം, ആശങ്ക..!!
ഒടുവിൽ... മക്കാ പട്ടണത്തിന്റെ മഹാനായ നേതാവു കണ്ണടച്ചു..!!
ഹാശിം മരണപ്പെട്ടു...
മയ്യിത്തു നാട്ടിലെത്തിക്കുക എളുപ്പമല്ല. അന്നാട്ടിൽ തന്നെ ഖബറടക്കി.
യസ് രിബിൽ സൽമ ഭർത്താവിനെ കാത്തുകാത്തിരുന്നു. കാണാതായപ്പോൾ കരഞ്ഞു. സൽമ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. നല്ല അഴകുള്ള കുട്ടി. കുഞ്ഞിനു ശയ്ബതുൽ ഹംദ് എന്നു പേരിട്ടു.
ശയ്ബ - ആളുകൾ അവനെ അങ്ങനെ വിളിച്ചു. ഒടുവിൽ സൽമ ആ ദുഃഖവാർത്ത അറിഞ്ഞു - ഹാശിം ഇനിയൊരിക്കലും തന്നെക്കാണാൻ വരില്ല..! ഓമന മകൻ ശയ്ബയെക്കാണാനും വരില്ല. വെളുത്ത കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. പൊന്നു മോനെ മാറോടു ചേർത്തുപിടിച്ചു സൽമ കരഞ്ഞു...