ഖുറയ്ശി പ്രമുഖന്മാരിൽ ചിലർ അബൂ ത്വാലിബിനെ കാണാൻ വന്നു. അവരുടെ ആഗമനത്തിൽ എന്തോ ഒരു പന്തികേടുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ അവർ ഇരുന്നു.
“എന്താണ് എല്ലാവരുംകൂടി ഇറങ്ങിയത്, വല്ല വിശേഷവും...?” അബൂത്വാലിബു പതിയെ ചോദിച്ചു...
“വിശേഷങ്ങൾ താങ്കൾ അറിയുന്നുണ്ടല്ലോ? സഹോദരപുത്രൻ നാട്ടിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ.” അബൂത്വാലിബിനു കാര്യം മനസ്സിലായി...
“ഞങ്ങൾ ഗൗരവമായി ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതു താങ്കളെ അറിയിക്കുകയാണ്. നമ്മുടെ പൂർവികർ ആരാധിച്ചുവന്ന ബിംബങ്ങളെ മുഹമ്മദ് തള്ളിപ്പറയുന്നു. അവൻ പുതിയൊരു മതവുമായി വന്നിരിക്കുന്നു. ഇങ്ങനെ പോയാൽ നാട്ടിൽ കുഴപ്പങ്ങളുണ്ടാകും. ഈ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ അനുവദിക്കരുത്. അവനെ തടയാൻ നിങ്ങളെക്കൊണ്ടാവുകയില്ല എന്നാണെങ്കിൽ, ഞങ്ങൾക്കു വിട്ടുതരിക. വേണ്ടതു
പോലെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം. എന്തു പറയുന്നു താങ്കൾ..?”
“ഞാനവനോടു പറഞ്ഞുനോക്കാം” അബൂത്വാലിബ്.
“പറഞ്ഞുനോക്കിയതുകൊണ്ടായില്ല. പറഞ്ഞു പിന്തിരിപ്പിക്കണം. അതാണു നിങ്ങൾ ചെയ്യേണ്ടത്. പിന്മാറുന്നില്ലെങ്കിൽ അവനെ ഞങ്ങൾക്കു വിട്ടുതരണം. ഞങ്ങൾ തൽകാലം പോകുന്നു. പിന്നീടുവരാം.” ഖുറയ്ശി നേതാക്കൾ ഇറങ്ങിപ്പോയി. മനസ്സമാധാനമില്ലാത്ത നിലക്കാണു പോയത്...
അബൂത്വാലിബ് വിഷമിച്ചു. സഹോദരപുത്രനെ ഈ പ്രവൃത്തിയിൽ നിന്നെങ്ങനെ പിന്തിരിപ്പിക്കും. പറഞ്ഞാൽ കേൾക്കുമോ? കേട്ടില്ലെങ്കിൽ എന്തായിരിക്കും ഫലം? ഖുറയ്ശികൾ ആക്രമിക്കും. അവരുടെ ആക്രമണത്തിൽ നിന്ന് അവനെ
രക്ഷിക്കാൻ തന്നെക്കൊണ്ടാകുമോ..?
“മോനേ.. അബൂത്വാലിബ് നബിﷺതങ്ങളെ വിളിച്ചു. വിളികേട്ടു വേഗം വന്നു...
“മോനോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. മോൻ മനസ്സുവെച്ചു കേൾക്കണം. ഞാൻ വൃദ്ധനാണ്. നിന്നെ രക്ഷിക്കാനുള്ള കഴിവ് എനിക്കില്ല. നിന്റെ ഇപ്പോഴത്തെ ഈ പ്രവർത്തനം നിറുത്തിയില്ലെങ്കിൽ
ഖുറയ്ശികൾ നിന്നെ ഉപദ്രവിക്കും. അവരുടെ ആക്രമണത്തിൽ നിന്നു നിന്നെ രക്ഷിക്കാൻ എന്നെക്കൊണ്ടാവുകയുമില്ല. നീയതു മനസ്സിലാക്കണം.”
അബൂത്വാലിബിന്റെ വാക്കുകൾ നബിﷺതങ്ങളെ വേദനിപ്പിച്ചു. വൃദ്ധനായ പിതൃവ്യൻ താൻ കാരണം ആശങ്കയിലാണ്. ഖുറയ്ശികൾ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണ്. എന്നുവച്ചു തന്റെ ദൗത്യം അവസാനിപ്പിക്കാൻ പറ്റുമോ..?
പരസ്യമായി ഇസ്ലാംമത പ്രചാരണം നടത്തുവാൻ തന്നെ നിയോഗിച്ചതു സർവശക്തനായ അല്ലാഹുﷻവാകുന്നു. ജനങ്ങൾക്കു സന്മാർഗത്തിന്റെ പ്രകാശം കാണിച്ചുകൊടുക്കണം. അവരെ സത്യദീനിലേക്കു ക്ഷണിക്കണം. ഇത് അല്ലാഹുﷻവിന്റെ കൽപനയാണ്.
അബൂത്വാലിബിനു പ്രയാസമുണ്ടാകുമെന്നതുകൊണ്ട് പ്രവാചകത്വ ദൗത്യം നിറുത്തിവയ്ക്കാൻ പറ്റുമോ. തന്റെ കടമ താൻ തന്നെ നിർവഹിക്കണമല്ലോ. വികാരഭരിതനായിപ്പോയി. അതൊരു ഉറച്ച നിലപാടായിരുന്നു. അബൂത്വാലിബിന്റെ മുമ്പിൽ നിന്നുകൊണ്ടു സഹോദരപുത്രൻ പ്രഖ്യാപിച്ചു...
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം..! സൂര്യനെ എന്റെ വലതു കയ്യിലും ചന്ദ്രനെ ഇടതു കൈയ്യിലും വച്ചുതന്നാൽ പോലും ഞാൻ ഈ ദൗത്യത്തിൽ നിന്നു പിന്തിരിയുകയില്ല.”
അബൂത്വാലിബ് ഞെട്ടിപ്പോയി..!!
എന്തൊരു ധീരമായ മറുപടി. തന്റെ സഹോദര പുത്രനെ ഈ ശ്രമത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്ന് ബോധ്യമായി. വികാരാവേശത്തോടെ അബൂത്വാലിബ് പറഞ്ഞു:
“വേണ്ട... വേണ്ട മോനേ... നിനക്കു നന്മയെന്നു തോന്നിയതു നീ പ്രവർത്തിച്ചുകൊള്ളൂ. നിന്നെ ഒരാൾക്കും പിന്തിരിപ്പിക്കാനാവില്ല. നിന്നെ ഞാനാർക്കും വിട്ടുകൊടുക്കുകയുമില്ല. എന്റെ
ശരീരത്തിൽ ജീവനുള്ള കാലത്തോളം നിന്നെ ഞാൻ സംരക്ഷിക്കും. ഈ വൃദ്ധൻ നിന്റെ പിന്നിലുണ്ടാകും...”
നബിﷺതങ്ങൾക്കു ഏറെ ആശ്വാസം തോന്നി. ഇതു വളരെ ബലമുള്ള ഒരത്താണിതന്നെ. സഹോദരപുത്രൻ വീട്ടിൽ നിന്നിറങ്ങിപ്പോയി. എന്നിട്ടും ആ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു. അവനെ പിന്തിരിപ്പിക്കാൻ ഒരാൾക്കുമാവില്ല.
ഖുറയ്ശികൾ ഏതാനും ദിവസങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. അബൂത്വാലിബിന്റെ വാക്കുകൾ സഹോദരപുത്രൻ അനുസരിക്കുമെന്നു പ്രതീക്ഷിച്ചു. പ്രതീക്ഷ തെറ്റി. മുഹമ്മദ് മതപ്രചരണം തുടരുകയാണ്...