Wednesday - 22 April, 2026 4-Dhu al-Qadah-1447

ദുഃഖവർഷം

   വൃദ്ധനായ അബൂത്വാലിബ്. മൂന്നുവർഷത്തെ കഷ്ടപ്പാടുകൾ അദ്ദേഹത്തെ തീർത്തും അവശനാക്കിയിരിക്കുന്നു... 


 അബൂത്വാലിബ് കിടപ്പിലായി. എന്തെല്ലാം അനുഭവങ്ങൾ, മറക്കാനാവാത്ത സംഭവങ്ങൾ..! എല്ലാം ഓർമയിൽ തെളിയുകയാണ്. പിതാവ് അബ്ദുൽ മുത്വലിബ് ജീവിച്ചിരുന്ന കാലം. ഓർമയിലെ സുവർണനാളുകൾ...


 പ്രിയപ്പെട്ട സഹോദരൻ അബ്ദുല്ല, ആമിനയുമായുള്ള വിവാഹം. ശാമിലേക്കുള്ള കച്ചവടയാത്ര. യസ് രിബൽവച്ചുള്ള മരണം. ആമിനയുടെ അന്ത്യം...


 ബാപ്പയുടെ വസ്വിയ്യത്ത്. സഹോദരപുത്രനെ സംരക്ഷിക്കണം. ആ വസ്വിയ്യത്ത് പാലിക്കാൻ ആവുംവിധം ശ്രമിച്ചു. ബാപ്പാ... അങ്ങയുടെ വസ്വിയ്യത്ത്. അതു പാലിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു... മക്കക്കാർ എന്നെ ബഹിഷ്കരിച്ചു ബാപ്പാ... മൂന്നു വർഷം ഞങ്ങൾ മലഞ്ചരുവിൽ കഴിഞ്ഞു... 


 ബാപ്പയുടെ ബന്ധുക്കൾ ആഹാരപാനീയങ്ങളില്ലാതെ കഷ്ടപ്പെട്ടു. എന്റെ ശരീരം തകർന്നുപോയി ബാപ്പാ... ഞാൻ കിടപ്പിലായി. ഇനി ഏറെനാൾ ജീവിച്ചിരിക്കില്ല. മരണത്തിന്റെ കാലൊച്ച കാതോർത്തിരിക്കുകയാണ് ഞാൻ... 


 അവസാനം ആ നിമിഷങ്ങളെത്തിപ്പോയി.  മരണത്തിന്റെ മാലാഖ വന്നു. അനുവദിക്കപ്പെട്ട ശ്വാസങ്ങൾ വലിച്ചുതീർത്തു. എല്ലാം നിശ്ചലമായി. കണ്ണുകളടഞ്ഞു. മക്കക്കാർ ദുഃഖവാർത്ത കേട്ടു. അബൂത്വാലിബ് മരണപ്പെട്ടു. അൽഅമീൻ കരഞ്ഞു... 


 ഖുറയ്ശികളിൽ നിന്നു തന്നെ രക്ഷപ്പെടുത്തിയ കോട്ട തകർന്നിരിക്കുന്നു. തനിക്കുവേണ്ടി എന്തുമാത്രം ത്യാഗം സഹിച്ചു. എന്നിട്ടും ശഹാദത്തു കലിമ ചൊല്ലിയില്ല. എത്ര കൊതിച്ചതാണ്, ഒന്നു ചൊല്ലിക്കേൾക്കാൻ. മരണത്തിന്റെ ആവരണം വീഴുംവരെ കാത്തിരുന്നു. പലതവണ പറഞ്ഞുനോക്കി. ഫലിച്ചില്ല... 


 “മുഹമ്മദിന്റെ ദീൻ അത്യുത്തമമാണെന്നനിക്കറിയാം. എന്നാലും, മക്കക്കാരുടെ ആക്ഷേപത്തെ ഞാൻ ഭയക്കുന്നു.”


 ആ നിലയിൽ മരിച്ചുപോയല്ലോ..? അബൂത്വാലിബിന് പകരം മറ്റൊരാളില്ല. ആലംബമില്ലാത്ത ദിനങ്ങൾ വരികയായി. ഖുറയ്ശികൾക്കു ദുഃഖവും സന്തോഷവും ഒന്നിച്ചായിരുന്നു. തങ്ങളുടെ നേതാവായ അബൂത്വാലിബ് മരിച്ചു. ദുഃഖമുണ്ട്.

അന്ത്യനിമിഷത്തിൽ പോലും ഇസ്ലാംമതം സ്വീകരിച്ചില്ല, അതിൽ സന്തോഷവും...


 ഖുറയ്ശികളെ അത്യധികം ആഹ്ലാദിപ്പിച്ചത് അതല്ല. അബൂത്വാലിബ് ഒരു കോട്ടപോലെയായിരുന്നു മുഹമ്മദിന്. ആ കോട്ടയിൽ കയറി ആക്രമിക്കാൻ പ്രയാസമാണ്. ആ കോട്ട തകർന്നുപോയിരിക്കുന്നു. ഇനി ആക്രമണത്തിനു വേഗം കൂട്ടാം. തടസ്സങ്ങളൊന്നുമില്ലല്ലോ. മുഹമ്മദിനു കടുത്ത ദുഃഖം കാണും. ഖുറയ്ശികൾ അതോർത്ത് സന്തോഷിച്ചു... 


 ഖദീജ(റ)യും അവശയാണ്. നബി ﷺ അസ്വസ്ഥനായി. തന്റെ രണ്ടാമത്തെ അഭയ കേന്ദ്രമാണിത്. എല്ലാ പ്രയാസങ്ങളും പങ്കുവയ്ക്കാൻ തയ്യാറായ വിലമതിക്കാനാവാത്ത മഹിളാരത്നം. അവരുടെ വാക്കുകൾ തനിക്കാശ്വാസം നൽകി. സമ്പത്തു തുണയായി. പ്രയാസങ്ങൾ നേരിടാൻ പ്രചോദനമായി. ഇന്നിതാ വീണുകിടക്കുന്നു...


 സമ്പാദ്യമെല്ലാം ദീനിന്റെ മാർഗത്തിൽ ചെലവാക്കി. ഇപ്പോൾ ദരിദ്രയായി, രോഗിയായി. മലഞ്ചരിവിൽ പട്ടിണി കിടന്നു. ഭാര്യയുടെ ആരോഗ്യനില പ്രവാചകനെ (ﷺ) വേദനിപ്പിച്ചു. അബൂത്വാലിബിന്റെ മരണം, ഭാര്യയുടെ രോഗം, ഖുറയ്ശികൾക്ക് ആഹ്ലാദം...


 ഒടുവിൽ അതും സംഭവിച്ചു. ഇഷ്ടജനങ്ങളെയെല്ലാം ദുഃഖത്തിലാഴ്ത്തി ഖദീജ (റ) കണ്ണടച്ചു. പ്രവാചക പത്നി വഫാത്തായി...


 ഖുറയ്ശികൾ മതിമറന്നാഹ്ലാദിച്ചു. മുസ്ലിംകൾ ദുഃഖഭാരത്തോടെ ഖബറടക്കൽ കർമ്മം നിർവഹിച്ചു...


 മണ്ണിൽനിന്നുവന്നു. മണ്ണിലേക്കു മടങ്ങി. സത്യവിശ്വാസികൾക്കെല്ലാം അവർ ഉമ്മയായിരുന്നു. ഉമ്മ പരലോകത്തേക്കു യാത്രയായി. മക്കൾ ദുഃഖത്തിലമർന്നു...


 ദുഃഖവർഷം...


അബൂത്വാലിബും ഖദീജ(റ)യും മരണപ്പെട്ട വർഷത്തെ ദുഃഖ വർഷം എന്നു വിളിക്കുന്നു...