Wednesday - 22 April, 2026 4-Dhu al-Qadah-1447

വഞ്ചകന്മാർക്കു ശിക്ഷ (2)

   നബിﷺതങ്ങൾ അബൂലുബാനയെ അന്വേഷിച്ചു. പള്ളിയിൽ ബന്ധിതനാണെന്ന് അറിഞ്ഞു. നബി ﷺ

ഇങ്ങനെ പ്രതികരിച്ചു: “അബൂലുബാനക്ക് എന്റെ അടുത്തു വരാമായിരുന്നു. ഞാൻ അദ്ദേഹത്തിനു വേണ്ടി പൊറുക്കലിനെ തേടുമായിരുന്നു. ഇത്രയുമൊക്കെ സംഭവിച്ചു. നാം അദ്ദേഹത്തിന്റെ കാര്യം വിടുക. അല്ലാഹുﷻ തന്നെ ഒരു തീരുമാനമെടുക്കട്ടെ.”


 ബനൂ ഖുറയ്ളയുടെ കാര്യത്തിൽ വിധി പ്രഖ്യാപിക്കാൻ ഒരുമധ്യസ്ഥനെ നിയമിക്കാൻ തീരുമാനിച്ചു. ഔസ് ഗോത്രക്കാർ ഇടപെട്ടതുകൊണ്ടാണ് അങ്ങനെ തീരുമാനമുണ്ടായത്. ഔസ് ഗോത്രത്തിൽ നിന്ന് ഇഷ്ടപ്പെട്ട ഒരാളെ മധ്യസ്ഥനായി സ്വീകരിക്കാൻ പ്രവാചകൻ ﷺ പറഞ്ഞു. അവർ സഅ്ദ് ബ്നു മുആദിന്റെ പേരു പറഞ്ഞു.


 ഖൻദഖിലെ യുദ്ധവേളയിൽ അമ്പുകൊണ്ടതിനാൽ ചികിത്സയിലായിരുന്നു സഅ്ദ് ബ്നു മുആദ്(റ). ആ സ്വഹാബിവര്യനെ ഒരു കഴുതപ്പുറത്തു കയറ്റി കൊണ്ടു

വന്നു. സഅ്ദ്(റ) വന്നപ്പോൾ നബി ﷺ തങ്ങൾ വിധി പ്രഖ്യാപിക്കാനാവശ്യപ്പെട്ടു.


 ഔസ് ഗോത്രക്കാരായ ചിലർ അദ്ദേഹത്തോടു പറഞ്ഞു: “നമ്മുടെ സഖ്യകക്ഷിയാണ്. നന്മ ചെയ്യുക.


 വേറെ ചിലർ പറഞ്ഞു: “അല്ലാഹുﷻവിന്റെ കാര്യമാണിത്. ആക്ഷേപകരമായ വിധി എടുത്തുകൂടാ.”


 ഖുറയ്ളക്കാരെ നോക്കി സഅ്ദ്(റ) ചോദിച്ചു: “ഞാൻ വിധിക്കുന്നതു സമ്മതമാണോ..?”


 “അതെ.” അവർ സമ്മതിച്ചു. 


പ്രവാചകനെ (ﷺ) നോക്കി. “ഞാൻ വിധി പറയട്ടെയോ..?”


 “അതേ, വിധിച്ചുകൊള്ളൂ.


 സഅ്ദ് (റ) വിധി പ്രഖ്യാപിച്ചു: “പടയാളികളെയെല്ലാം വധിക്കുക. അവരുടെ സ്വത്തു കണ്ടുകെട്ടുക. സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കുക...”


 അതു കേട്ടപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെകൊണ്ടു സത്യം. താങ്കളുടെ വിധി അല്ലാഹുﷻവും സത്യവിശ്വാസികളും തൃപ്തിപ്പെട്ടിരിക്കുന്നു.”


 യോദ്ധാക്കൾ വധിക്കപ്പെട്ടു. കൂട്ടത്തിൽ ഒരു സ്ത്രീയും. കോട്ടയുടെ മുകളിൽനിന്ന് ഒരു വലിയ കല്ല് ഉരുട്ടിയിട്ട് ഒരു സ്വഹാബിയെ കൊന്നതിനാണ് ആ സ്ത്രീക്ക് വധശിക്ഷ വിധിച്ചത്. ബനൂ ഖുറയ്ളയുടെ സ്ത്രീകൾപോലും കഴിയാവുന്നത ഉപ്രദവങ്ങൾ മുസ്ലിംകൾക്കു ചെയ്തിരുന്നു... 


 നബിﷺതങ്ങൾ മദീനയിൽ തിരിച്ചെത്തി. അബൂലുബാനയുടെ കാര്യത്തിൽ ആയത്ത് ഇറങ്ങി. അബൂലുബാനയുടെ പശ്ചാത്താപം അല്ലാഹു ﷻ സ്വീകരിച്ചു. പ്രവാചകനുമായി ഉണ്ടാക്കിയ സന്ധി കാരണം ബനൂഖുറയ്ള ഗോത്രക്കാർക്കു പല നേട്ടങ്ങളുമുണ്ടായിട്ടുണ്ട്.


 അവർക്കു മദീനയിൽ നിർഭയമായി കച്ചവടം നടത്താമായിരുന്നു. കൃഷി ചെയ്യാമായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും വന്നു ബനൂ ഖുറയ്ളയെ ആക്രമിച്ചാൽ മുസ്ലിംകൾ ഖുറയ്ളയെ സഹായിക്കുമെന്നായിരുന്നു വ്യവസ്ഥ. മുസ്ലിംകൾക്കു നേരെ അക്രമം വന്നാൽ ബനൂഖുറയ്ള മുസ്ലിംകളെയും സഹായിക്കണം.


 ഖൻദഖ് യുദ്ധവേളയിൽ ബനൂഖുറയ്ളയുടെ പൂർണ സഹകരണം പ്രതീക്ഷിച്ചു. അവസാന നിമിഷത്തിൽ അവർ ശ്രത്രു പക്ഷം ചേർന്നു. മുസ്ലിംകളുടെ ഉന്മൂല നാശത്തിനു ശ്രമിച്ചു.


 തൗറാത്തിലെ നിയമമനുസരിച്ച് അവർക്കു മരണശിക്ഷയാണു നൽകേണ്ടത്. അതു ബനൂ ഖുറയ്ളക്കാർക്കറിയാം. അതിൽ മാറ്റമൊന്നും വരുത്തിയില്ല.

ഇതിൽ സഹാനുഭൂതിയുടെ പ്രശ്നമൊന്നും ഉദിക്കുന്നില്ല.

അർഹിക്കുന്ന ശിക്ഷ അവർക്കു കിട്ടി.


 ബന്ദികളോടു ദയാപൂർവം പെരുമാറി. ഒരു പ്രയാസവും അവർക്ക് അനുഭവിക്കേണ്ടതായി വന്നില്ല. രാജ്യരക്ഷയ്ക്കു വേണ്ടി അനിവാര്യമായ നടപടി സ്വീകരിച്ചു. ബനൂ ഖുറയ്ളക്കാരുടെ കാര്യത്തിൽ നടന്നത് അതാണ്...