Wednesday - 22 April, 2026 4-Dhu al-Qadah-1447

പരസ്യമായി ചെയ്യുന്ന കുറ്റങ്ങൾ (2)

   സൂറത്ത് നംലിൽ ലൂത്വ് നബി (അ)ന്റെ സമുദായത്തിന്റെ ദുഷ്ചെയ്തികളെ കുറിച്ച് പറയുന്നുണ്ട്. സമൂദ് ഗോത്രക്കാരുടെ ചരിത്രത്തിന്റെ തുടർച്ചയായിട്ടാണത് പറയുന്നത്...


സ്വാലിഹ് നബി (അ)സമൂദ് ഗോത്രത്തിലേക്ക് അയക്കപ്പെട്ട നബി ആയിരുന്നു. സമൂദ് ഗോത്രക്കാർ ഒരു ദൃഷ്ടാന്തം കാണിക്കാൻ നിർബന്ധം പിടിച്ചു. വലിയ പാറയുടെ ഉള്ളിൽ നിന്ന് ഒരു ഒട്ടകം വരണമെന്നായിരുന്നു അവരുടെ ആവശ്യം. അല്ലാഹുﷻ അത് നിറവേറ്റിക്കൊടുത്തു. പാറയിൽ നിന്ന് ഒട്ടകം വന്നു. സ്വാലിഹ് (അ) അവർക്ക് മുന്നറിയിപ്പ് നൽകി. "ഈ ഒട്ടകം അല്ലാഹുﷻന്റെ ദൃഷ്ടാന്തമാണ്. അതിനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുത്. അതിനെ അതിന്റെ പാട്ടിന് വിട്ടേക്കുക." 


 ധിക്കാരികൾ അതിനെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു. ഒട്ടകത്തെ ഉപദ്രവിക്കാൻ തുടങ്ങി. സ്വാലിഹ് (അ) ശക്തമായ മുന്നറിയിപ്പ് നൽകി "ഒട്ടകത്തെ ഉപദ്രവിക്കരുത്." 


ധിക്കാരികൾ ചോദിച്ചു : "ഉപദ്രവിച്ചാലെന്താ?" 


നബി പറഞ്ഞു : "വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടും." 


"എങ്കിൽ ആ ശിക്ഷ കൊണ്ടുവാ... ഞങ്ങളൊന്ന് കാണട്ടെ. നിന്റെ ദൈവത്തിന്റെ ശക്തിയൊന്നു കാണട്ടെ."


 തെമ്മാടികളുടെ നേതാക്കന്മാരായ ഒമ്പത് പേർ അവിടെ ഉണ്ടായിരുന്നു. എല്ലാ നന്മകളും തടയുകയെന്നതാണ് അവരുടെ ലക്ഷ്യം. ജനങ്ങളെ തിന്മയിലേക്കു നയിക്കുക. അതിനുവേണ്ടിയാണവർ ജീവിക്കുന്നത്. ധിക്കാരികൾ അവർ ഒട്ടകത്തിന്റെ കാലുകൾ വെട്ടിവീഴ്ത്തി. ഒട്ടകത്തെ അറുത്തു... 


 അപ്പോൾ സ്വാലിഹ് (അ) പറഞ്ഞു : "ഇനി നിങ്ങൾക്ക് മൂന്നു ദിവസത്തെ അവധിയേയുള്ളൂ... അപ്പോൾ ധിക്കാരികൾ ഗൂഢാലോചന നടത്തി. സ്വാലിഹ് (അ) മിനെയും അനുയായികളെയും രാത്രിയിൽ വധിച്ചു കളയാൻ തീരുമാനിച്ചു. അപ്പോൾ അല്ലാഹുﷻ അവന്റെ തീരുമാനവും നടപ്പിലാക്കി...


 സൂറത്തുന്നംലിലെ ഈ വചനങ്ങൾ ശ്രദ്ധിക്കുക... "നഗരത്തിൽ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടായിരുന്നു. അവർ നാട്ടിൽ നന്മയുണ്ടാക്കാതെ കുഴപ്പമുണ്ടാക്കുന്നവരായിരുന്നു." (27:48)

"അവർ തമ്മിൽ പറഞ്ഞു : തീർച്ചയായും ദൈവത്തിൽ ശപഥം ചെയ്തു പറയണം : സ്വാലിഹിനെയും അവന്റെ ആൾക്കാരെയും രാത്രിയിൽ കൊല ചെയ്യുന്നതാണ് പിന്നെ അവന്റെ അവകാശിയോട് പറയണം തന്റെ കുടുംബത്തിന്റെ നാശത്തിൽ ഞങ്ങൾ സന്നിഹിതരായിരുന്നില്ല ഞങ്ങൾ സത്യവാന്മാർ തന്നെയാണ്."  (27:49)


"അവരുടെ തന്ത്രങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. അവരെയും അവരുടെ ജനതയെയും നാം തകർത്തു കളഞ്ഞത് എങ്ങനെയായിരുന്നു?" (27;51)

"അവർ അക്രമം കാണിച്ചത് കാരണം അവരുടെ വീടുകൾ വീണടിഞ്ഞത് ശൂന്യമായി കിടക്കുന്നു. നിശ്ചയമായും അറിവുള്ള ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട്." (27:52)

"വിശ്വസിക്കുകയും സൂക്ഷിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു."  (27:53) 


 സമൂദ് സമൂഹത്തെ കുറിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞശേഷം തൊട്ടടുത്ത വചനത്തിൽ ലൂത്വ് (അ)ന്റെ സമൂഹത്തെക്കുറിച്ചാണ് പറയുന്നത് അതിങ്ങനെയാകുന്നു... 


"ലൂത്വ് തന്റെ ജനങ്ങളോട് പറഞ്ഞപ്പോൾ : നിങ്ങൾ കണ്ടുകൊണ്ട് തന്നെ ഈ ദുഷ്പ്രവർത്തി ചെയ്യുകയാണോ?"


 കണ്ടുകൊണ്ട് തന്നെ ദുഷ്പ്രവർത്തി ചെയ്യുന്നുവെന്നത് വളരെ ശ്രദ്ധിക്കേണ്ട പ്രയോഗമാണ്. ഇതിന് രണ്ട് വ്യാഖ്യാനങ്ങൾ പറഞ്ഞു കാണുന്നു. ഒന്നാം വ്യാഖ്യാനം ഇങ്ങനെ : ഭർത്താവ് ഭാര്യയെ മാത്രമേ കാമപൂർത്തീകരണത്തിന് സമീപിക്കാവൂ എന്ന് ആ സമൂഹത്തിന്നറിയാം. ഈ ആവശ്യത്തിന് വേണ്ടി പുരുഷ്യന്മാരെ സമീപിക്കുന്നത് നീചവൃത്തിയാണെന്നും അവർക്കറിയാം. അറിഞ്ഞുകൊണ്ട് തന്നെ അവർ തെറ്റ് ചെയ്യുകയാണ്. കണ്ടുകൊണ്ട് ചെയ്യുന്നു. എന്നുപറഞ്ഞാൽ എല്ലാം മനസ്സിലാക്കിയ ശേഷം ചെയ്യുന്നു എന്നു സാരം... 


ഇനി രണ്ടാമത്തെ വ്യാഖ്യാനം; പരസ്പരം കണ്ടുകൊണ്ട് തന്നെ ദുഷ്പ്രവർത്തി ചെയ്യുന്നു. വാതിലടച്ചു കുറ്റിയിട്ട ശേഷം മുറിയിൽ വെച്ച് രഹസ്യമായിട്ടല്ല നീചകൃത്യം ചെയ്തിരുന്നത്. മറ്റുള്ളവരുടെ മുമ്പിൽ വെച്ചു ചെയ്തു. എല്ലാവരും നോക്കിക്കൊണ്ടിരിക്കെ ചെയ്തു. അതിൽ ചെയ്യുന്നവരും കാണികളും പൈശാചികമായ ഒരാനന്ദം അനുഭവിക്കുകയും ചെയ്തു. ഒരു തെറ്റ് പുറത്താരുമറിയാതെ സ്വകാര്യമായി ചെയ്യുന്നവരും പരസ്യമായി ചെയ്യുന്നതും ഒരു പോലെയല്ല. പരസ്യമായി തെറ്റ് ചെയ്യുക അതൊരു അഭിമാനമായി കരുതുക. അങ്ങനെ ചെയ്യുന്നവർക്ക് സമൂഹത്തിൽ സ്ഥാനം കൽപിക്കുക. ഇതൊക്കെയായിരുന്നു ആ സമൂഹത്തിന്റെ അവസ്ഥ... 


 ലൂത്വ് (അ)ഇത്രകൂടി പറഞ്ഞു : വിശുദ്ധ ഖുർആൻ വചനം കാണുക. 

 "നിങ്ങൾ കാമനിവാരണത്തിന് ഭാര്യമാരെ വിട്ട് പുരുഷ്യന്മാരുടെ അടുക്കൽ തന്നെ പോവുകയാണോ? നിങ്ങൾ വിഡ്ഢിത്തം പ്രവർത്തിക്കുന്ന ജനതയാകുന്നു." (27:55) 


 മനുഷ്യന്റെ ബുദ്ധിയും വിവേകവും നശിപ്പിക്കുന്ന പരിപാടിയാണിത്. ഈ നീചകൃത്യം തുടരുന്നവർ കാലാന്തരത്തിൽ വിഡ്ഢികളായി മാറും. വിവരംകെട്ടവരായിത്തീരും. മനുഷ്യരുടെ എല്ലാ മേഘലയിലുമുള്ള പുരോഗതിക്ക് ഭാര്യയുടെ പ്രോത്സാഹനം വേണം. ഭാര്യയുടെ വാടിയ മുഖം ഒന്നിനും പ്രോത്സാഹനമല്ല. എല്ലാ മ


േഘലയിലും പിന്നോക്കം പോകാൻ അത് കാരണമാകും. ഈ ദുഷിച്ച പ്രവണത ഭാര്യമാരുമായുള്ള മാനസികമായ ഇണക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഭാര്യമാർക്കിടയിൽ അരാജകത്തമാണ് പിന്നെ പ്രകടമാവുക...


 കുത്തഴിഞ്ഞ ജീവിതം. സർവ്വത്ര ജീർണതകൾ. ധാർമികതയുടെ അംശങ്ങൾ നശിച്ചുകഴിഞ്ഞു. തന്നിഷ്‌ടപ്രകാരം ജീവിക്കുന്ന മുതിർന്ന തലമുറ അവരെ അനുകരിച്ചു വളർന്നു. വരുന്ന പുതിയ തലമുറ പിശാചാണ് വഴികാട്ടുന്നത്. ഏകദൈവ വിശ്വാസം അവരുടെ മനസ്സിലേക്ക് കടന്നുവരരുത്. തൗഹീദിന്റെ പ്രകാശത്തിലേക്ക് ആ സമൂഹം എത്തിച്ചേരരുത്. അതാണ് ഇബ്ലീസിന്റെ ലക്ഷ്യം...


 ലക്ഷ്യം നേടുന്നതിന് വേണ്ടതൊക്കെ അവൻ ചെയ്യുന്നുമുണ്ട്. ബിംബാരാധന വളരുകയാണ്. ബലി നടക്കുന്നുണ്ട്. പിൽക്കാലത്ത് ആ പ്രദേശത്ത് നടന്ന ഖനനങ്ങളിൽ ബലിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ധിക്കാരികളുടെ പരാക്രമങ്ങൾ നിശ്ചിത കാലം വരെ തുടർന്നു...