വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "അവർ പറഞ്ഞു ഇവനെ നിങ്ങൾ ചുട്ടെരിക്കുവീൻ. നിങ്ങളുടെ ആരാധ്യന്മാരെ സഹായിക്കുകയും ചെയ്യുവീൻ. നിങ്ങൾ വല്ലതും ചെയ്യുന്നവരാണെങ്കിൽ." (21:68) അത് വിധിക്കപ്പെട്ടു. ഇബ്റാഹിം (അ) നെ അഗ്നിയിലെറിയാൻ നംറൂദ് രാജാവ് ഉത്തരവിട്ടു...
വലിയ കുഴിയുണ്ടാക്കി. വലിയ മരങ്ങൾ മുറിച്ചു വിറകാക്കി. കുഴി നിറക്കാൻ ദിവസങ്ങളെടുത്തു. തീകൊളുത്തപ്പെട്ടു. തീ കത്തിപ്പടർന്നു. അസഹ്യമായ ചൂട്. പരിസരത്തേക്ക് അടുത്തുകൂടാ. മേൽഭാഗത്ത്കൂടെ പക്ഷികൾക്ക് പറക്കാൻ കഴിയുന്നില്ല. അന്തരീക്ഷത്തിൽ കൊടുംചൂട്...
ഉയർന്നു പൊങ്ങുന്ന അഗ്നിജ്വാലകളിലേക്ക് വിശുദ്ധനായ ഇബ്റാഹീം എറിയപ്പെട്ടു. ആ നിമിഷത്തിൽ അഗ്നിക്ക് അല്ലാഹു കൽപന നൽകി. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം...
"നാം പറഞ്ഞു: തീ...! നീ ഇബ്റാഹീമിന് തണുപ്പും രക്ഷയും ആവുക." (21:69)
ഇബ്റാഹീം (അ)ന് ഒരാപത്തും സംഭവിച്ചില്ല. ആ പ്രവാചകൻ അഗ്നിയിൽ കിടന്ന് ചൊല്ലിയതിങ്ങനെ:
"حَسْبِيَ اللَّهُ وَنِعْمَ الوَكِيلْ"
"എനിക്ക് അല്ലാഹു മതി. ഭരമേൽപിക്കപ്പെടാൻ എത്ര ശേഷ്ഠൻ"
ജിബ് രീൽ (അ) വന്നു. വല്ല ആവശ്യമുണ്ടോ എന്നന്വേഷിച്ചു. ഇബ്റാഹീം (അ) ഇങ്ങനെ മറുപടി നൽകി. "എന്റെ അവസ്ഥകൾ അല്ലാഹുവിന്നറിയാം. ഞാനൊന്നും ചോദിക്കുന്നില്ല." നീണ്ടു നിന്ന അഗ്നിപരീക്ഷണം. പുണ്യ പ്രവാചകൻ രക്ഷപ്പെട്ടു. അല്ലാഹുﷻ രക്ഷപ്പെടുത്തി.
അപ്പോൾ ഹിജ്റ പോവാൻ കൽപനയായി. പോവുകയാണ്. അനുഗ്രഹീതമായ നാട്ടിലേക്ക്. പല നിലക്കും അനുഗ്രഹീതമായ നാടാണ് ശാം. ഐശ്വര്യം നിറഞ്ഞ നാട്. ശാന്തമായ ചുറ്റുപാട്. ഭാവിയിൽ അനേകായിരം പ്രവാചകന്മാർ വരേണ്ട നാട്. വേദഗ്രന്ഥങ്ങൾ ഇറങ്ങേണ്ട നാട്. തൗഹീദിന്റെ കേന്ദ്രം. തൗഹീദിന്റെ ശബ്ദം ഉയരേണ്ട നാട്. ലോകമെങ്ങും തൗഹീദിന്റെ പ്രകാശമെത്തുന്നത് അവിടെ നിന്നാണ്. അതാണ് ശാം...
ശാം രാജ്യത്തെ അല്ലാഹുﷻ അനുഗ്രഹീതമാക്കി. ആർക്കുവേണ്ടി..? സകല ലോകർക്കും വേണ്ടി. "ലോകർക്കു വേണ്ടി നാം അനുഗ്രഹങ്ങൾ വർഷിച്ച നാട്ടിലേക്ക് ഇബ്റാഹീമിനെയും ലൂത്വിനെയും നാം രക്ഷപ്പെടുത്തി." എന്നാണ് അല്ലാഹുﷻന്റെ വചനം. വിശുദ്ധ ഖുർആൻ പറയുന്നു: "അദ്ദേഹത്തെയും ലൂത്വിനെയും, ലോകർക്കു വേണ്ടി നാം അനുഗ്രഹിച്ച നാട്ടിലേക്ക് നാം രക്ഷപ്പെടുത്തി." (21:71)
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: ഇബ്റാഹീം (അ), ലൂത്വ് (അ) എന്നിവർ ശാമിലേക്ക് യാത്ര തിരിച്ചു. ഈ യാത്രയിലാണ് സാറയെ കണ്ടുമുട്ടിയത്. ഹർറാനിലെ രാജാവിന്റെ പുത്രിയായിരുന്നു സാറ. തന്റെ സമൂഹം ഇസ്ലാം ദീനിന്നെതിരായിരുന്നു. അവരെയെല്ലാം അവഗണിച്ചുകൊണ്ട് സാറ അല്ലാഹുﷻന്റെ ദീൻ സ്വീകരിച്ചു. ഇബ്റാഹീം (അ) സാറയെ വിവാഹം ചെയ്തു...
ഇബ്നു ജരീർ തുടങ്ങിയ പണ്ഡിതന്മാർ പറയുന്നത് ഇങ്ങനെയാകുന്നു : ഇബ്രാഹീം (അ) ന്റെ അമ്മാവനായിരുന്നു ഹാറാൻ. ഹാറാനിന്റെ സുന്ദരിയായ പുത്രിയാണ് സാറ. ബാബിലോണിയായിൽ നിന്ന് ഇബ്റാഹീം (അ) യാത്ര പുറപ്പെടുമ്പോൾ തന്നെ സാറ കൂടെയുണ്ടായിരുന്നുവെന്ന് ചില രേഖകൾ പറയുന്നു. സാറയും ഹിജ്റ പോവുകയായിരുന്നു...
ഇടക്കിടെ വിശ്രമം. പിന്നെയും യാത്ര ദിവസങ്ങൾ കുറെ കടന്നു പോയി. പൗരാണിക ശാം അനുഗ്രഹങ്ങളുടെ കലവറയാണ്. മതപ്രബോധനത്തിന് വേണ്ടി ഇബ്റാഹീം (അ) ശാമിൽ വന്നു. പിന്നീടവർ ഈജിപ്തിലേക്കൊരു യാത്ര നടത്തിയിട്ടുണ്ട്...
ഈജിപ്തിൽ ക്രൂരനായൊരു രാജാവുണ്ടായിരുന്നു. രാജാവിന്റെ ദൂതന്മാർ വിദേശത്ത് നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഈജിപ്തിൽ പ്രവേശിക്കുന്ന സംഘത്തിൽ സുന്ദരികളായ സ്ത്രീകളുണ്ടെങ്കിൽ ഉടനെ രാജാവിനെ വിവരമറിയിക്കും. സുന്ദരികളെ രാജാവ് കൊട്ടാരത്തിലേക്ക് വരുത്തും. പിന്നെയവർ രാജാവ് പറയുന്നതൊക്കെ അനുസരിക്കണം. അതാണ് പതിവ്...
ദൂതന്മാർ രാജാവിനെ ഇങ്ങനെ അറിയിച്ചു:
"ഒരു ചെറുസംഘം എത്തിയിട്ടുണ്ട്. കൂട്ടത്തിൽ അതിസുന്ദരിയായ ഒരു യുവതിയുമുണ്ട്." സംഘത്തെ കാണാൻ കൊട്ടാരത്തിൽ നിന്ന് ആളുകളെത്തി അവർ ഇബ്റാഹീം (അ) നോട് ചോദിച്ചു: "ഈ സ്ത്രീ ഏതാണ്..?"
ഇബ്റാഹീം (അ)ന്റെ മറുപടി ഇങ്ങനെയായിരുന്നു. "എന്റെ സഹോദരി. "
ഇബ്റാഹീം (അ) സാറയോട് പറഞ്ഞു : ഇവരെന്നോടു ചോദിച്ചു: "നീ ആരാണ്..? ഓ... സാറ... ഞാൻ പറഞ്ഞു എന്റെ സഹോദരിയാണെന്ന്. ഭൂമുഖത്ത് സത്യവിശ്വസികളായി ഞാനും നീയും മാത്രമേയുള്ളൂ..."
കൊട്ടാരത്തിൽ നിന്ന് കൽപന വന്നു.
"സ്ത്രീയെ കൊട്ടാരത്തിലേക്കയക്കുക..!" ഇബ്റാഹീം (അ)നെ അവിടെ നിർത്തി സാറ പോവുകയാണ് കൊട്ടാരത്തിലേക്ക്...