സമയം കളയേണ്ട. വേഗം പോകാം മിനായിലേക്കു കുതിച്ചു. അതാ പോവുന്നു പിതാവും പുത്രനും. നേരെ പുത്രന്റെ അടുത്തേക്ക് ചെന്നു സ്നേഹം തുളുമ്പുന്ന വാക്കുകളിൽ സംസാരിച്ചു ബലിയുടെ കാര്യം പറഞ്ഞു മോനെ പേടിപ്പിക്കാൻ നോക്കി...
മോന്റെ വാക്കുകളും ദൃഢമായിരുന്നു
അല്ലാഹുﷻന്റെ കൽപന എന്താണോ അത് നടക്കട്ടെ
മകന്റെ വാക്കുകൾ ഇബ്ലീസിനെ നിരാശപ്പെടുത്തി. ഇനി രക്ഷയില്ല പിതാവിനെത്തന്നെ സമീപിക്കാം...
ജംറത്തുൽ അഖബ എന്ന പേരിൽ പ്രസിദ്ധമായിത്തീർന്ന പ്രദേശത്ത് എത്തിയിരിക്കുന്നു പിതാവും പുത്രനും...
ഇബ്ലീസ് പിതാവിനെ സമീപിച്ചു, ബഹുമാനപൂർവം സംസാരിച്ചു..
മകനെ അറുക്കരുതേ എന്നപേക്ഷിച്ചു...
ഇബ്രാഹിം (അ) കോപത്തോടെ അവനെ ആട്ടി...
പോ... ശൈത്വാനേ....
ഏഴ് കല്ലുകൾ കൊണ്ട് അവനെ എറിഞ്ഞു. അവൻ അകന്നു മാറി. നടന്നു സമയം നീങ്ങി...
പിതാവും പുത്രനും ജംറത്തുൽ വുസ്ത്വായിൽ എത്തി. ഇബ്ലീസ് ഒരു ശ്രമം കൂടി നടത്താൻ തീരുമാനിച്ചു. പിതാവിനെ സമീപിച്ചു. ഹൃദയസ്പർശിയായ രീതിയിൽ സംസാരിച്ചു...
ഇബ്രാഹിം (അ) അവനെ ഏഴ് കല്ലുകൊണ്ട് എറിഞ്ഞ് ഓടിച്ചു. അവൻ ഓടിയകന്നു...
പിതാവും പുത്രനും നടന്നുനീങ്ങുന്നു. ഇപ്പോൾ അവർ ജംറത്തുൽ ഊലായിൽ എത്തിയിട്ടുണ്ട്...
ഇബ്ലീസ് ഒരു ശ്രമംകൂടി നടത്താൻ തീരുമാനിച്ചു. നബിയെ സമീപിച്ചു സംസാരിച്ചു. ഇബ്രാഹിം നബി (അ) പിശാചിനെ വീണ്ടും ഏഴ് കല്ലെറിഞ്ഞ് ആട്ടിയോടിച്ചു. കടുത്ത നിരാശയോടെ ഇബ്ലീസ് അകലേക്കോടി...
മൂന്ന് മൂഅ്മിനീങ്ങൾ... അവരെ വഴിപിഴപ്പിക്കാനായില്ല. അവരുടെ മുമ്പിൽ പരാജയപ്പെട്ടുപോയി...
ഈ സംഭവങ്ങൾ ചരിത്രത്തിന്റെ ഭാഗമായിത്തീരും. പിൽക്കാല തലമുറക്കാർ അറിയും. അവർ ആവേശംകൊള്ളും. അവരുടെ ഈമാൻ ശക്തമാകും. അതെ അത് തന്നെ സംഭവിച്ചു. അന്ത്യനാൾവരെ ഈ സംഭവം ഓർമ്മിക്കപ്പെടും. ഹജ്ജിന് വരുന്നവരൊക്കെ ജംറകളിലെത്തും. ജംറകളെ എറിയും. ഓരോ ജംറയിലും ഏഴ് കല്ലുകൾ...
ഇബ്ലീസിന്റെ വേദനാജനകമായ അവസ്ഥ. സൂറത്തുസ്സ്വാഫത്തിലെ ഒരു വചനം കാണുക...
"فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانْظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّابِرِينَ"
അങ്ങനെ ആ കുട്ടിക്ക് തന്നോടൊന്നിച്ച് പ്രവർത്തിക്കുവാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: "എന്റെ പ്രിയ മകനേ... നിന്നെ ഞാൻ സ്വപ്നം കണ്ടു അതുകൊണ്ട് അക്കാര്യത്തിൽ നിന്റെ അഭിപ്രായമെന്താണെന്ന് ചിന്തിച്ചു നോക്കൂ.."
കുട്ടി പറഞ്ഞു: "എന്റെ പ്രിയപ്പെട്ട ഉപ്പാ... അങ്ങയോട് കൽപ്പിക്കപ്പെട്ടത് ചെയ്തു കൊള്ളുക. അല്ലാഹുﷻ ഉദ്ദേശിച്ചെങ്കിൽ ക്ഷമാശീലരുടെ കൂട്ടത്തിൽ എന്നെ അങ്ങ് കണ്ടെത്തുന്നതാണ് " (37:102)
മിനായിലെ മലഞ്ചെരിവിലെത്തി. ഇവിടെയാണ് കർമ്മം നടക്കേണ്ടത്. പിതാവിനോടുള്ള അല്ലാഹുﷻന്റെ കൽപന അത് നടക്കണം. ഞാനതിന് തടസ്സമായിക്കൂട. അതാണ് മകന്റെ ചിന്ത. തന്റെ കഴുത്തിൽ ഉപ്പ കത്തി വെക്കട്ടെ. അറുക്കട്ടെ.. അറവ് വേഗത്തിൽ പൂർത്തിയാക്കണം...
തന്റെ മുഖം കാണുമ്പോൾ ഉപ്പ പതറിപ്പോകുമോ? പതറരുത്. ഉപ്പ മുഖം കാണരുത്. കമിഴ്ന്നു കിടക്കാം. അപ്പോൾ മുഖം കാണില്ല. ധൈര്യമായി അറുക്കാം. അറുക്കാൻ തുടങ്ങിയാൽ നല്ല വേദനയായിരിക്കും. കാലുകൾ ചലിപ്പിക്കും അത് കാണുമ്പോൾ ഉപ്പ വേദനിക്കും. അത് വേണ്ട കയറുകൊണ്ട് കാലുകൾ നന്നായി ബന്ധിക്കട്ടെ. അനങ്ങാൻ കഴിയാത്ത വിധം കെട്ടിക്കൊള്ളട്ടെ...
ഒരുക്കങ്ങൾ പൂർത്തിയായി. പരീക്ഷണത്തിന്റെ നിമിഷങ്ങൾ സമാഗതമായി. മൂർച്ചയേറിയ കത്തി ഉപ്പ കൈയിലെടുത്തു. പുത്രന്റെ കഴുത്തിൽ വെച്ചു. ശക്തിയായി അമർത്തി അറവ് തുടങ്ങി. കഴുത്ത് മുറിയുന്നില്ല. തൊലി പൊട്ടുന്നില്ല. എന്തു പറ്റി? താൻ പതറിപ്പോയോ? കത്തി ബലമായി താഴ്ത്താൻ കഴിയുന്നില്ലേ? പതറരുത്. ദുർബലനാവരുത്. അറവ് നടക്കണം പരീക്ഷണത്തിൽ വിജയിക്കണം. പൂർവ്വാധികം ശക്തിയോടെ അറവ് തുടങ്ങി. കഴുത്ത് മുറിയുന്നില്ല. എന്തൊരവസ്ഥയാണിത്...
അപ്പോൾ ഒരു വിളിയാളമുണ്ടായി...
"യാ.... ഇബ്രാഹിം
ഓ.... ഇബ്രാഹിം, താങ്കൾ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുന്നു."
അല്ലാഹുﷻന്റെ ഭാഗത്ത് നിന്നുള്ള വിളിയാളം. പണ്ട് അഗ്നിയിൽ എറിയപ്പെട്ടപ്പോഴും ഇതുപോലെ സംഭവിച്ചു. തീ കരിച്ചില്ല. അത് ശീതളമായി അനുഭവപ്പെട്ടു...
പുത്രനെ ബലിയറുക്കാൻ സ്വപ്നദർശനമുണ്ടായി. ബലിയറുത്ത കത്തിക്ക് മൂർച്ചയുണ്ട്. മൂർച്ചയുള്ള കത്തി മുറിപ്പാടുണ്ടാകും. ഇവിടെ മൂർച്ചയുണ്ടായിട്ടും മുറി വന്നില്ല. തീ പൊള്ളാത്തതുപോലെ...
ദൃഢവിശ്വാസികളെ അല്ലാഹു ﷻ രക്ഷപ്പെടുത്തും. അതിന്റെ എക്കാലത്തെയും ഉദാഹരണങ്ങളായി അല്ലാഹു ﷻ ഈ സംഭവങ്ങൾ വെച്ചു. ഇസ്മാഈൽ(അ)ന് ഒരു പേര് കിട്ടി...
"അല്ലാഹുവിന്റെ ബലി"
ദബീഹുല്ലാഹ്