അകന്നിരിക്കുമ്പോഴാണ് സ്നേഹത്തിന്റെ തീവ്രത അറിയുക. ഇബ്രാഹിം നബി (അ) അത് നന്നായറിയുന്നു. ഇസ്മാഈലിനെയും ഹാജറയെയും താൻ എന്തുമാത്രം സ്നേഹിക്കുന്നു. സ്നേഹത്തിന്റെ ആഴമറിയുന്നത് ഇപ്പോഴാണ്. ഒന്നു കാണാൻ വല്ലാത്ത മോഹം. മക്കയിലേക്ക് ചില യാത്രകൾ നടന്നിട്ടുണ്ട്. ആ സംഭവത്തിനു ശേഷം വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു..?
പൊന്നുമോന് ഇപ്പോൾ പന്ത്രണ്ട് വയസ്സായിട്ടുണ്ടാവും. തുള്ളിച്ചാടി നടക്കുന്ന പ്രായം. കാണാൻ നല്ല ഭംഗിയായിരിക്കും. എന്തൊരു പ്രസരിപ്പായിരിക്കും. മകന്റെ രൂപം മനസ്സിൽ സങ്കൽപിക്കാൻ നോക്കി. അഴകുള്ള മുഖം. മനോഹരമായ തലമുടി. തിളങ്ങുന്ന കണ്ണുകൾ. ആരോഗ്യമുള്ള ശരീരം. തന്റെ മോൻ അധ്വാനിക്കാനുള്ള പ്രായമായിരിക്കുന്നു...
ഒരു രാത്രി ഇബ്രാഹിം (അ) ഉറങ്ങുകയാണ്. ഒരു സ്വപ്നം കാണുന്നു. വല്ലാത്തൊരു രംഗം. മകനെ കിടത്തിയിരിക്കുന്നു. അനുസരണയോടെ കിടക്കുന്നു. തന്റെ കയ്യിൽ മൂർച്ചയുള്ള കത്തി. ആ കത്തി കൊണ്ട് മകനെ അറുക്കുന്നു. ഞെട്ടിയുണർന്നു. എന്താണ് താൻ കണ്ടത്? ഏക പുത്രനെ അറുക്കുക. വാർദ്ധക്യ കാലത്ത് ലഭിച്ച മകനെ ബലിയറുക്കുകയോ...?
പ്രവാചകന്റെ സ്വപ്നമാണിത്. പാഴ്ക്കിനാവല്ല. ഇത് കൽപനയാണ്. അല്ലാഹുﷻന്റെ കൽപന. അല്ലാഹുﷻന്റെ കൽപന അനുസരിക്കുക തന്നെ. തിരസ്കരിക്കാൻ പറ്റില്ല. ഇത് പരീക്ഷണമാണ്. പരീക്ഷണത്തിൽ പതറിപ്പോവരുത് അല്ലാഹുﷻ തന്ന പുത്രൻ അമാനത്താണ്. ചോദിക്കുമ്പോൾ തിരിച്ചു കൊടുക്കണം. മകനെ കുറിച്ചു ചിന്തിച്ചു. എന്തായിരിക്കും മോൻ പറയുക? ഉടനെ പുറപ്പെടുക തന്നെ...
മൂർച്ചയുള്ള കത്തി വേണം. കയറും വേണം. മിന മക്കായുടെ സമീപമുള്ള പ്രദേശം. അവിടെ വെച്ച് ബലി നടത്താം. അല്ലാഹുﷻന്റെ കൽപന നിറവേറ്റുക. മറ്റൊന്നും ചിന്തിക്കാനില്ല. സാറയോട് യാത്ര പറഞ്ഞു മക്കയിലേക്ക് പുറപ്പെട്ടു. മനസ്സ് നിറയെ ചൂടുള്ള ചിന്തകൾ. കടന്നുപോയ കാലം. എന്തെല്ലാം സംഭവങ്ങൾ. ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായ സംഭവം...
പുണ്യഭൂമി കൺമുമ്പിൽ തെളിയുന്നു. പുണ്യ മക്ക കഅ്ബാലയം നിന്നിരുന്നതിവിടെയാണ്. ഇന്നതിന്റെ അവശിഷ്ടമായി ചില പഴയ കല്ലുകൾ കാണാം. ഇന്ന് വിജന പ്രദേശമല്ല. ചില വീടുകൾ കാണാനുണ്ട്. വർഷങ്ങൾ കൊണ്ടു വന്ന മാറ്റം. ഹാജർ (റ)യും മോനും താമസിക്കുന്ന കൊച്ചു വീട്. അതിനു മുമ്പിൽ വന്നു നിന്നു...
ഉമ്മയും മോനും ആഗതനെ കണ്ടു. ഇരുവർക്കും ആഹ്ലാദമായി. സമുന്നതനായ വിരുന്നുകാരൻ. വീട്ടിലേക്ക് സ്വാഗതം. സ്നേഹാന്വേഷണങ്ങൾ. ഉപ്പ പുത്രനെ ആലിംഗനം ചെയ്തു. ഹാജർ (റ) ആഹാരം തയ്യാറാക്കി. പിതാവും പുത്രനും പല കാര്യങ്ങൾ സംസാരിച്ചു. സാവധാനം ഇബ്രാഹിം (അ) തന്റെ ഭാര്യയെ സമീപിച്ചു. തന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. നടുങ്ങിപ്പോവുന്ന വാർത്ത. ഏക പുത്രനെ ബലിയർപ്പിക്കാൻ വിട്ടു കൊടുക്കുകയോ..?
മറുത്ത് പറയാൻ പറ്റുമോ? അല്ലാഹുﷻന്റെ കൽപനയല്ലേ? ദുഃഖം മനസ്സിലൊതുക്കി കണ്ണുകൾ നിറഞ്ഞൊഴുകി മകനെ വിളിച്ചു കൊണ്ട് പോയി. കുളിപ്പിച്ചു. മുടി ചീകിയൊതുക്കി. നല്ല വസ്ത്രം ധരിപ്പിച്ചു. പിതാവിനൊപ്പം അയച്ചു. ഉമ്മ നോക്കിനിന്നു അതാ പോവുന്നു. പിതാവും പുത്രനും അല്ലാഹുﷻന്റെ കൽപന നടപ്പാക്കാൻ കത്തിയും കയറും പിടിച്ചു. മോൻ മുമ്പെ നടക്കുന്നു. എന്തൊരു രംഗമാണിത്...
ഈ രംഗം കാണുകയാണ് ശപിക്കപ്പെട്ട ഇബ്ലീസ്. ഈ ബലി നടക്കരുത്. ഇത് തടയണം. എങ്കിൽ താൻ വിജയിച്ചു. ബലി നടന്നാൽ..? അത് തന്റെ പരാജയമാണ്. എങ്ങനെ ബലി തടയും? ഹാജറയെ സമീപിക്കാം. വാചാലമായി സംസാരിക്കാം. അപ്പോൾ അവരുടെ മനിസ്സിളകും. മാതാവല്ലേ... മനസ്സ് പതറാതിരിക്കുമോ? പുത്രനെ ബലിയറുക്കുമെന്ന് കേട്ടാൽ ഏത് മാതാവാണ് ക്ഷോഭിക്കാതിരിക്കുക...
ഹാജറ ഓടിപ്പോകും. അട്ടഹാസം മുഴക്കും. ആർത്തു കരയും. മോനെ പിടിച്ചു കൊണ്ടുപോരും. അങ്ങനെ ബലി നടക്കാതെ പോവും. താൻ വിജയിക്കും. ദൈവ കൽപന നടപ്പാക്കുന്നതിൽ നിന്ന് ഒരു നബിയെ തടയുക. തനിക്ക് അതിനേക്കാൾ വലിയൊരു വിജയം ലഭിക്കാനുണ്ടോ? ഇല്ല തീർച്ചയായുമില്ല. ഇബ്ലീസ് നടന്നു ഒരു ദുഃഖിതനെപ്പോലെ. ഹാജറയുടെ മുമ്പിലെത്തി. അവർ തമ്മിൽ സംഭാഷണം നടന്നു.
"ഉപ്പ മോനെ കൊണ്ടുപോയത് എങ്ങോട്ടാണ് ? എന്തിനാണ്..?"
"ഉപ്പയും മോനും കൂടി കാട്ടിലേക്ക് പോയി."
"എന്തിനാണ് കൊണ്ടുപോയതെന്നറിയാമോ? കേട്ടാൽ നിങ്ങൾക്കു സഹിക്കാനാവില്ല."
മനസ്സിളക്കാൻ പറ്റുന്ന പദങ്ങളും ശൈലിയും ഉപയോഗിച്ചാണ് ഇബ്ലീസ് സംസാരിച്ചത്. നന്നായി ശ്രമിച്ചു നോക്കി. ഹാജർ (റ) ശാന്തമായി കാണപ്പെട്ടു. വികാരഭരിതയായില്ല. ക്ഷോഭിച്ചില്ല.
"പിതാവ് പുത്രനെ ബലിയറുക്കാൻ കൊണ്ടുപോയതാണ്."
"ഓമന പുത്രനെ നിങ്ങൾക്കു നഷ്ടപ്പെടില്ലേ പോകൂ... ബലി തടയൂ...." ഇബ്ലീസ് നന്നായി ശ്രമിച്ചു നോക്കി...
ഹാജർ (റ) ഇങ്ങനെ പറഞ്ഞു:
"അല്ലാഹുﷻന്റെ കൽപന എന്താണോ അത് നടക്കട്ടെ! ഇബ്ലീസിനെ കടുത്ത നിരാശയിൽ പെടുത്തുന്ന മറുപടി. മുഖം വാടി. തന്റെ തന്ത്രമൊന്നും ഇവിടെ നടപ്പില്ല. വല്ലാത്ത ഈമാൻ തന്നെ...