Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒഴുകുന്ന വാത്സല്യം (3)

   ആഢംബരങ്ങൾ നിറഞ്ഞ കൊട്ടാരം. എന്തെല്ലാം അലങ്കാരങ്ങൾ. അലങ്കരിച്ച മുറിയിലേക്ക് സാറ ആനയിക്കപ്പെട്ടു. സാറ വുളൂ എടുത്തു നിസ്കരിച്ചു. കൈയുയർത്തി പ്രാർത്ഥിച്ചു: 


 "അല്ലാഹുവേ! ഞാൻ നിന്നിൽ വിശ്വസിച്ചു. നിന്റെ പ്രവാചകനിലും വിശ്വസിച്ചു. എന്റെ ഭർത്താവല്ലാതെ എന്നെ സ്പർശിച്ചിട്ടില്ല. എന്റെ പരിശുദ്ധിയെ നീ കാത്തുകൊള്ളേണമേ! ഈ ക്രൂരന്റെ കരങ്ങളിൽ നിന്ന് എന്നെ നീ രക്ഷിക്കണമേ....!"


 രാജാവ് നടന്നടുക്കുകയാണ്. സാറയുടെ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം ആസ്വദിക്കാൻ. തന്റെ കരവലയത്തിലൊതുക്കാൻ. പെട്ടെന്നയാൾ അശക്തനായിപ്പോയി. ഒന്നിനും കഴിയാത്തവനായി. എന്റെ ശക്തി വീണ്ടുകിട്ടാൻ വേണ്ടി ഒന്നു പ്രാർത്ഥിക്കൂ..! ഞാനിനി ഉപദ്രവിക്കുകയില്ല...


 സാറയുടെ മനസ്സലിഞ്ഞു. പ്രാർത്ഥിച്ചു. രാജാവ് ശക്തനായി. മനസ്സിൽ മോഹം നിറഞ്ഞു. ബീവിയെ പിടിക്കാൻ ശ്രമിച്ചു. കുഴഞ്ഞു പോയി. ഒന്നുകൂടി പ്രാർത്ഥിക്കൂ... എന്റെ ശക്തി തിരിച്ചു കിട്ടാൻ. ഞാനിനി ഉപദ്രവിക്കില്ല. ബീവി പ്രാർത്ഥിച്ചു...


 ശക്തി തിരിച്ചു കിട്ടിയപ്പോൾ പിന്മാറാൻ തോന്നിയില്ല. വീണ്ടും പിടിക്കാൻ ചെന്നു. കുഴഞ്ഞു പോയി. വീണ്ടും കരയാൻ തുടങ്ങി.നിശ്ചയമായും ഞാനിനി ഉപദ്രവിക്കില്ല ഒന്നുകൂടി പ്രാർത്ഥിക്കൂ.... എന്നെ രക്ഷപ്പെടുത്തൂ. ബീവി വീണ്ടും പ്രാർത്ഥിച്ചു...


 മൂന്നോ നാലോ തവണ രാജാവ് സാറാ ബീവിയെ ഉപദ്രവിക്കാൻ നോക്കിയിട്ടുണ്ട്. ഇത് സാധാരണ സ്ത്രീ അല്ലെന്ന് ബോധ്യമായി. പിന്നെ അയാൾ വിളിച്ചു പറഞ്ഞു: ശൈത്വാൻ, ഇതെല്ലാം ശൈത്വാന്റെ പണിയാണ്. ഈ സ്ത്രീയെ അവരുടെ ആളുകളുടെ സമീപത്തേക്ക് കൊണ്ടുപോവൂ. ഹാജർ എന്ന അടിമപ്പെണ്ണിനെ അവർക്ക് സമ്മാനമായി നൽകൂ...


 സാറ കൊട്ടാരത്തിലേക്കു പോയ ഉടനെ ഇബ്റാഹീം (അ) നിസ്കാരം തുടങ്ങി...


 "അല്ലാഹുവേ! ദുഷ്ടനായ രാജാവിന്റെ ഉപദ്രവത്തിൽ നിന്ന് സാറയെ രക്ഷിക്കേണമേ!..." 


 കണ്ണിരിൽ കുതിർന്ന പ്രാർത്ഥന. സാറ തിരിച്ചെത്തി. ഇബ്റാഹീം (അ) അപ്പാേഴും പ്രാർത്ഥനയിലായിരുന്നു. സാറയുടെ മുഖം ശാന്തമായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ല...


 "എന്താണുണ്ടായത്?" ഇബ്റാഹീം (അ) ചോദിച്ചു.

"ദുഷ്ടന്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുﷻ രക്ഷിച്ചു. "


 ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം : സാറ പോയ ശേഷം ഒരു സംഭവം നടന്നു. ഇബ്റാഹീം (അ)നും സാറാ ബീവിക്കും ഇടയിലുള്ള മറ അല്ലാഹുﷻ നീക്കിക്കളഞ്ഞു. നബിക്ക് സാറയെ കാണാം. കൊട്ടാരത്തിൽ നടക്കുന്നതെല്ലാം കാണാം. ഒരു തടസ്സവുമില്ല. എല്ലാ സംഭവങ്ങൾക്കും ഇബ്റാഹീം (അ) സാക്ഷിയായി...


 ഖൽബിൽ വിശുദ്ധി നിറഞ്ഞു. കൺകുളിർമയായി. മനസ്സമാധാനം കിട്ടി. സാറയോടുള്ള സ്നേഹം കൂടുതൽ ശക്തിമായി. എത്ര പരിശുദ്ധയാണു തന്റെ പത്നി! സാറയുടെ ദീനീബോധം! അല്ലാഹുﷻലുള്ള അർപ്പണബോധം! ഭർത്താവിനോടുള്ള കളങ്കമില്ലാത്ത സ്നേഹം! സാറ (റ) യുടെ ജ്വലിക്കുന്ന സൗന്ദര്യം..! 


 ആ സൗന്ദര്യത്തെക്കുറിച്ചു ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു. ഹവ്വാ (റ)ക്കു ശേഷം ലോകം കണ്ട ഏറ്റവും സൗന്ദര്യവതിയായ വനിതയാണ് സാറ (റ). ഹവ്വാ (റ) വഫാത്തായ ശേഷം എന്തുമാത്രം സ്ത്രീകൾ ഭൂമുഖത്ത് വന്നുപോയി. സാറാ (റ)യോളം അഴകുള്ള ഒരു സ്ത്രീയും അക്കാലം വരെ ഉണ്ടായിട്ടില്ല... 


 ഹാജർ എന്ന പെൺകുട്ടി. രാജാവ് നൽകിയ സമ്മാനം. ചരിത്ര വനിതയായി മാറാൻ പോകുന്ന പെൺകുട്ടിയാണത്. അന്ത്യനാൾ വരെ അവർ അനുസ്മരിക്കപ്പെടും. ചരിത്രത്തിൽ ധാരാളം വനിതകൾ വന്നിട്ടുണ്ട്. അവർ ഓർമ്മിക്കപ്പെടും...


 ഹാജർ (റ) ഒരു ചരിത്ര വനിത എന്ന വചനത്തിൽ ഒതുങ്ങുന്നവരാണോ..? അല്ല. ഹാജറാ ബീവി (റ)യെ വിശേഷിപ്പിക്കാൻ ഭാഷയിൽ പറ്റിയ പദങ്ങളുണ്ടോ..? മാതൃത്വത്തിന്റെ വികാരമോ..? ആവേശമോ..? എങ്ങനെ വിശേഷിപ്പിക്കാൻ കഴിയും..?


 സ്വഫായിൽ നിന്ന് മർവായിലേക്കോടുന്ന ഹാജറ (റ) യുടെ വിയർപ്പ് ഇപ്പോഴും കൺമുമ്പിൽ കാണുന്നില്ലേ..? അപ്പോൾ അവരുടെ മനസ്സിൽ നിറഞ്ഞുനിന്ന വികാരം നാമെങ്ങനെ വിവരിക്കും. ഉമ്മയാണത്. നമ്മുടെ ഉമ്മ. സമുദ്ര സമാനമായ പുത്രവാത്സല്യം സംസം ജലമായി നമ്മിലേക്കൊഴുകിവരുന്നു. അതങ്ങനെ ഒഴുകിക്കൊണ്ടിരിക്കും. അന്ത്യനാൾ വരെ...