ഹാജർ (റ) അല്ലാഹുﷻനെ സ്തുതിച്ചു കൊണ്ടിരുന്നു. എന്റെയും പൊന്നുമോന്റെയും അവസ്ഥ ഒരുകൂട്ടം മനുഷ്യർ അറിഞ്ഞു കഴിഞ്ഞു. അവരതാ മലയിറങ്ങിത്തുടങ്ങിയിരിക്കുന്നു...
"അല്ലാഹുവേ.... നീയാണവരുടെ ശ്രദ്ധ ഇങ്ങോട്ട് തിരിച്ചത് നിനക്കാണ് സ്തുതി... അൽഹംദുലില്ലാഹ് "
"അല്ലാഹുവേ... നീയാണ് പറവകളെ അയച്ചത്. പറവകളാണ് കച്ചവട സംഘത്തിന് വിവരം നൽകിയത്. പറവകൾ വട്ടമിട്ടത് പറക്കുന്നതവർ കണ്ടു. അതിൽ നിന്നൊരു സന്ദേശം കച്ചവട സംഘത്തിന് കിട്ടി. താഴെ താഴ് വരയിൽ വെള്ളമുണ്ട്. അല്ലാഹുവേ....നിന്റെ സംവിധാനങ്ങൾ..."
കച്ചവട സംഘം മലയിറങ്ങിക്കഴിഞ്ഞു. അവർ ജലാശയം കാണുന്നു. എന്തൊരു കാഴ്ച. സമീപത്തുതന്നെ ഉമ്മയും മകനും. അവർക്കു വിശക്കുന്നുണ്ടാവും. ആഹാരം കഴിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. ഹാജർ (റ) സന്തോഷത്തോടെ ആ കാഴ്ചകൾ കാണുകയാണ്. ഭാണ്ഡക്കെട്ടുകൾ താഴെയിറക്കി. ഒട്ടകങ്ങളെ മേയാൻ വിടുന്നു. പലരും വെള്ളം കുടിക്കുന്നു...
ഭാണ്ഡക്കെട്ടുകൾ അഴിച്ചു. പഴവർഗ്ഗങ്ങൾ പുറത്തെടുത്തു. ഈത്തപ്പഴം, അത്തിപ്പഴം, മുന്തിരി..... പഴവർഗ്ഗങ്ങൾ വെച്ചുനീട്ടുകയാണവർ. വിജനമായ താഴ് വരയിൽ കഴിയുന്ന തന്റെയും പുത്രന്റെയും സമീപത്തേക്ക് അല്ലാഹുﷻ ഒരു കൂട്ടം മനുഷ്യരെ അയച്ചിരിക്കുന്നു. അവർ പഴവർഗ്ഗങ്ങൾ തനിക്കു നേരെ നീട്ടുന്നു. ഹാജർ (റ) അത് കൈനീട്ടി വാങ്ങി. അല്ലാഹുﷻന്റെ നാമത്തിൽ വാങ്ങി.
മനുഷ്യരുടെയും മൃഗങ്ങളുടെയും സഹവാസം ഉമ്മക്കും പുത്രനും സന്തോഷമായി...
ഞങ്ങൾ നിങ്ങളുടെ വിവരം മറ്റ് യാത്രാസംഘങ്ങളോടു പറയും. അവരും ഇവിടെ വരും. യാത്രാ സംഘം അവിടെ വിശ്രമിച്ചു. ആഹാരമുണ്ടാക്കി കഴിച്ചു.
സംസം പുണ്യജലമാണെന്ന് അവർക്ക് ബോധ്യമായി. ഇനി യാത്ര. യാത്ര പറച്ചിൽ. കൈ നിറയെ പഴവർഗ്ഗങ്ങൾ നൽകി. കച്ചവട സംഘം യാത്ര തിരിച്ചു...
അവരുടെ തോൽപ്പാത്രങ്ങളിൽ നിറയെ സംസം ആയിരുന്നു. സംസം കൊണ്ടുപോകുന്ന ആദ്യ സംഘമാണവർ. അന്ന് തുടങ്ങിയതാണ് സംസമിന്റെ യാത്ര. തോൽപാത്രങ്ങളിലാണ് സംസം കൊണ്ടു പോയത്. പിന്നെ എന്തെല്ലാം മാറ്റങ്ങളുണ്ടായി. ഏത് വിധത്തിലെല്ലാം പാത്രങ്ങളുടെ രൂപം മാറി. കച്ചവടസംഘം അകന്നുപോയി. ഏതാനും ദിവഷങ്ങൾക്കു ശേഷം ഒരു സംഭവമുണ്ടായി...
അമാലിക്കത്ത് വർഗക്കാർ അറഫയിൽ തമ്പടിച്ചു. താമസിക്കുന്നുണ്ടായിരുന്നു അവരുടെ ഒട്ടകത്തെ കാണാതായി. അതെങ്ങോട്ടോ നടന്നു പോയി. ഒട്ടകത്തെ സംരക്ഷിക്കാനുള്ള ചുമതല അടിമകൾക്കാണ്. കാണാതെ പോയ ഒട്ടകങ്ങളെ തിരഞ്ഞു പിടിക്കേണ്ടതും അവർ തന്നെ. അമാലിക്ക വർഗക്കാരുടെ നേതാവ് കൽപ്പിച്ചു. "ഒട്ടകത്തെ കണ്ടു പിടിക്കുക."
ചില അടിമകൾ ഒട്ടകത്തെ അന്വേഷിച്ചു പുറപ്പെട്ടു. അവർ പല വഴി സഞ്ചരിച്ചു. അങ്ങനെ അബൂഖുബൈസ് മലയിലെത്തി. അവർ ദൂരെ ഒരു തിളക്കം കണ്ടു. വെള്ളം പറവകൾ പറക്കുന്നു. വെള്ളം തന്നെ ഉറപ്പ്. വിവരം യജമാനനെ അറിയിക്കണം. അടിമകൾ അങ്ങനെ തീരുമാനിച്ചു.
അവർ അറഫയിലെ തമ്പിലെത്തി. വിവരം പറഞ്ഞു. കേട്ടവർക്കെല്ലാം അതിശയം ആ ഭാഗത്ത് വെള്ളമില്ല. കരിമ്പാറകൾ മാത്രം. ചിലർ കേട്ടത് വിശ്വസിച്ചില്ല. "ഞങ്ങൾ വെള്ളത്തിന്റെ തിളക്കം കണ്ടു പറവകളെയും കണ്ടു" അടിമകൾ ഉറപ്പിച്ചു പറഞ്ഞു.
നമുക്കൊന്ന് പോയിനോക്കാം. നേതാവ് പറഞ്ഞു. നേതാവും കൂട്ടരും പുറപ്പെട്ടു. ചരിത്ര നിമിഷങ്ങൾ ആ വലിയ സംഘം മലയിറങ്ങി വരികയാണ്.
പറവകളെ കണ്ടു. വെള്ളത്തിന്റെ തിളക്കം കണ്ടു. ആവേശം വർദ്ധിച്ചു. താഴ് വരയിലെത്തി. ആശ്ചര്യകരമായ കാഴ്ച. ഉമ്മയും മകനും തൊട്ടടുത്ത്. സംസം അവർക്കിടയിൽ സ്നേഹത്തിന്റെ അരുവിയൊഴുകി. ഉമ്മാക്കും മകനും പഴവർഗ്ഗങ്ങൾ നൽകി...
യാത്രക്കാർക്കു ഇഷ്ടംപോലെ വെള്ളം കിട്ടി. ചിലർക്കവിടെ താമസിക്കാൻ മോഹം. ഇനിയും വരും. ദിവസങ്ങളോളം താമസിക്കാൻ വന്നവർ യാത്ര പറഞ്ഞു പോയി. സംസം നിറച്ച തോൽപാത്രങ്ങൾ ചുമന്നുകൊണ്ട് പോയി. യാത്രക്കാർ ഉമ്മയെയും മകനെയും മറന്നു പോയില്ല. അവരെക്കുറിച്ചു സംസാരിച്ചു കൊണ്ടേയിരുന്നു. ആ സംസാരം തുടരുകയാണ്. തലമുറകളിലൂടെ... സഹസ്രാബ്ദങ്ങളിലൂടെ... അന്ത്യനാൾ വരെ അത് തുടരുകയും ചെയ്യും...