Wednesday - 22 April, 2026 4-Dhu al-Qadah-1447

വിജനമായ താഴ് വര

   ഒരു വലിയ പരീക്ഷണത്തെക്കുറിച്ചാണ് ഇനി പറയാൻ പോവുന്നത്. ഹാജർ(റ)യെയും കുഞ്ഞിനെയും ജനവാസമില്ലാത്ത ഒരു നാട്ടിൽ കൊണ്ടുചെന്നാക്കിയ സംഭവം...   


 ഇബ്രാഹിം (അ) മഹാനായ പ്രവാചകനാണ്. അല്ലാഹുﷻന്റെ കൽപനകൾ അനുസരിക്കണം. എന്താണോ കൽപിക്കുന്നത് അത് അനുസരിക്കുക. അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നും ചിന്തിക്കേണ്ടതില്ല. അതെല്ലാം അല്ലാഹുﷻ നോക്കിക്കൊള്ളും. അതിൽ ദൃഢവിശ്വാസം വേണം...


 വിജനമായ നാട്. അത് മക്കയാണ്. അന്നവിടെ ആൾപ്പാർപ്പില്ല. അവിടേക്കാണ് യാത്ര പോവേണ്ടത്. ഇബ്രാഹിം (അ) യാത്രയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഹാജറിനെയും പുത്രനെയും പിരിയേണ്ടിവരുന്നത് അത്യധികം ദുഃഖകരമാണ്...


 ചില റിപ്പോർട്ടുകളിൽ സാറാ(റ) ക്ക് ഹാജർ (റ)യോട് കോപം വന്നതായി പറയുന്നുണ്ട്.  ഹാജറ(റ) യെക്കുറിച്ച് ഇബ്രാഹിം (അ) നോട് അവർ പരുഷമായി സംസാരിച്ചു എന്നും കാണുന്നു.  ഓരോ സംഭവങ്ങൾ നടക്കാൻ ഓരോ കാരണങ്ങൾ ഉണ്ടായിത്തീരും. അത്രമാത്രം കരുതിയാൽ മതി...


 ഇബ്രാഹിം (അ) ഹാജർ (റ) യുമായി സംഭാഷണം നടത്തി. യാത്രയെക്കുറിച്ചാണ് സംസാരം. പറയുന്നതെല്ലാം അനുസരിക്കുക. അതിനപ്പുറം അവർക്കൊരു ചിന്തയില്ല തോൽപ്പാത്രത്തിൽ വെള്ളം ശേഖരിച്ചു. തോൽസഞ്ചിയിൽ പഴങ്ങളും.

ഉമ്മയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളും... 


 യാത്ര പുറപ്പെട്ടു. കാണാത്ത നാട്ടിലേക്ക് ദീർഘ ദൂരം പിന്നിട്ടു. ഒരു താഴ് വരയിലെത്തി. നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ട പ്രദേശം. പാറക്കൂട്ടങ്ങൾ. ഈ താഴ് വരയിലാണ് കഅ്ബാ ശരീഫ് ഉണ്ടായിരുന്നത്. നൂഹ് നബി (അ) ന്റെ കാലത്തുണ്ടായ മഹാപ്രളയത്തിൽ അത് തകർന്നുപോയിരിക്കുന്നു...  


 കഅ്ബാലയം സന്ദർശിക്കാൻ പഴയകാലത്ത് പലരും വന്നിട്ടുണ്ട്. ആരും അവിടെ താമസമാക്കിയില്ല. കാരണം വെള്ളമില്ല. എത്രയോ കാലമായി അവിടെ ആൾസഞ്ചാരമില്ല. മൂന്നു പേരും താഴ് വരയിലെത്തി. വല്ലാത്ത മൂകത. ഇബ്രാഹിം (അ) ഭാര്യയെയും മകനെയും നോക്കി...


 മനസ്സ് പതറാൻ പാടില്ല. വികാരഭരിതനായിക്കൂടാ... വല്ലാത്ത പരീക്ഷണമാണിത്. ഇതിൽ വിജയിക്കണം. വിജനമായ ഈ പ്രദേശത്ത് ഭാര്യയും കുഞ്ഞും എങ്ങനെ ജീവിക്കും. അങ്ങനെയല്ല ചിന്തിക്കേണ്ടത്. അല്ലാഹുﷻന്റെ കൽപന അനുസരിക്കുക. ഭാര്യയുടെയും കുഞ്ഞിന്റെയും സംരക്ഷണം അല്ലാഹുﷻനെ ഏൽപിക്കുക. ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമൻ അല്ലാഹു ﷻ ആകുന്നു. 


ഭാര്യയെ തന്നവൻ അല്ലാഹുﷻ. പുത്രനെ തന്നതും അല്ലാഹുﷻതന്നെ. അവരുടെ സംരക്ഷകനും അല്ലാഹുﷻമാത്രം.  എല്ലാം അല്ലാഹുﷻൽ ഭരമേൽപിച്ചു.  ആ ചിന്തയിൽ മുമ്പോട്ടു നീങ്ങി. ആ പോക്ക് ഹാജർ (റ) കാണുന്നു... 


 "എന്ത്? പോവുകയാണോ? സത്യമായും പോവുകയാണോ? ഞങ്ങൾക്കാരാണുള്ളത്..?" 


 ഹാജർ (റ) പിന്നാലെ ഓടി പലതും വിളിച്ചു ചോദിക്കുന്നുണ്ട്. മറുപടിയില്ല.  തങ്ങളെ വിട്ട് പോവുകയാണെന്നുറപ്പായി... 


"ഇതിന്നാണോ കൊണ്ടുവന്നത്? ഇവിടെ ഉപേക്ഷിക്കാൻ ഞങ്ങൾക്കാരുണ്ടിവിടെ?"


  ഒടുവിൽ ഒരൊറ്റ ചോദ്യം ...


"അല്ലാഹുﷻന്റെ കൽപന പ്രകാരമാണോ ഇതെല്ലാം..?" 


അതിനു മറുപടിയുണ്ടായി...  "അതെ"


 മതി ആ മറുപടി മതി. എല്ലാം അല്ലാഹുﷻൽ അർപ്പിക്കുക. അവന്റെ താഴ് വരയാണിത്. അവൻ സൃഷ്ടിച്ച മലകൾ. മലകളുടെ ഉച്ചിയിൽ തട്ടിനീങ്ങുന്ന മേഘങ്ങൾ. ഇവിടെ ഒരു പ്രാർത്ഥനയുണ്ട്. പ്രകൃതിയെപ്പോലും കോരിത്തരിപ്പിക്കുന്ന പ്രാർത്ഥന. ഇബ്രാഹിം (അ) ന്റെ പ്രാർത്ഥനയാണത്...  


 "റബ്ബേ...! ഞാനിതാ എന്റെ കുടുംബത്തെ ഇവിടെ ഇട്ടേച്ച് പോവുകയാണ്. നിന്റെ വിശുദ്ധ ഭവനത്തിന്നടുത്താണവരുള്ളത്. വിജനമായ പ്രദേശമാണത്. വെള്ളമില്ല. ആഹാരമില്ല.  ഏതെങ്കിലും മനുഷ്യരുടെ ശ്രദ്ധ അവരിലേക്ക് എത്തിക്കേണമേ. അവരിലൂടെ എന്തെങ്കിലും പഴവർഗ്ഗങ്ങൾ എന്റെ ഭാര്യക്കും കുഞ്ഞിനും ലഭ്യമാക്കേണമേ. അങ്ങനെയവർ നന്ദിയുള്ളവരായി ജീവിക്കട്ടെ. നിന്റെ പരിശുദ്ധ ഭവനത്തിന്നടുത്തുവെച്ച് അവർ നിസ്കാരം നിർവഹിക്കട്ടെ. ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ..." 


 വിശുദ്ധ പ്രവാചകന്റെ പ്രാർത്ഥനയാണിത്. സ്വീകാര്യമായ പ്രാർത്ഥന തന്നെയാണത്.  ആളുകൾ ആ താഴ് വരയിലെത്തണം. അവർക്ക് പഴവർഗ്ഗങ്ങൾ ലഭ്യമാകണം. സൂറത്ത് ഇബ്റാഹീമിൽ ഈ പ്രാർത്ഥനയെക്കുറിച്ചു പറയുന്നുണ്ട്. അതിപ്രകാരമാകുന്നു: 


 "ഞങ്ങളുടെ റബ്ബേ..! 

എന്റെ സന്തതികളിൽ പെട്ടവരെ ഞാനിതാ കൃഷിയില്ലാത്ത ഒരു താഴ് വരയിൽ താമസിപ്പിച്ചിരിക്കുന്നു. നിന്റെ പവിത്ര ഭവനത്തിന് സമീപം.  ഞങ്ങളുടെ റബ്ബേ! അവർ നിസ്കാരം നിലനിർത്താൻ വേണ്ടിയാണത്. അതുകൊണ്ട് മനുഷ്യരിൽ ചിലരുടെ ഹൃദയങ്ങളെ അവരിലേക്ക് ചായുന്നതാക്കേണമേ. അവർക്കു ഫലവർഗ്ഗങ്ങളിൽ നിന്ന് നീ ആഹാരം നൽകുകയും ചെയ്യേണമേ. അവർ നന്ദി കാണിച്ചേക്കാം" (14:37) 


 ഇബ്രാഹിം (അ) നടത്തിയ മഹത്തായ പ്രാർത്ഥനയാണിത്. സഫലമായ പ്രാർത്ഥന. പിൽക്കാല ചരിത്രം അത് നമ്മെ ബോധ്യപ്പെടുത്തുന്നു...