അനുഗ്രഹീത നിമിഷം സമാഗതമായി. അനുഗ്രഹീത ശിശു പിറന്നു. പെണ്ണുങ്ങളുടെ കണ്ണുകൾ തിളങ്ങി. എന്തൊരഴകുള്ള കുഞ്ഞ്. സന്തോഷ കതിർ കത്തിയ നിമിഷങ്ങൾ. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു...
ഹാജറ(റ) കണ്ണുകൾ തുറന്നു. കുഞ്ഞിനെ നോക്കി. വാത്സല്യം നിറഞ്ഞ നോട്ടം. കുഞ്ഞിനെ കണ്ടു മനസ്സ് കുളിരണിഞ്ഞു. സ്ത്രീജന്മം സഫലമായി. തനിക്കിതിന് കഴിഞ്ഞല്ലോ. അൽഹംദുലില്ലാഹ് സർവ സ്തുതിയും അല്ലാഹുവിന്നാകുന്നു. മനസ്സിലപ്പോഴും ദിക്റ് തന്നെ...
لا إله إلا الله ابراهيم خليل الله
പ്രസവ മുറിയിൽ നിന്ന് സന്തോഷവാർത്ത പുറത്തേക്കൊഴുകി. വൃദ്ധ ദമ്പതികളുടെ മനസ്സിൽ സന്തോഷം നിറഞ്ഞു. അല്ലാഹുﷻ തങ്ങൾക്കൊരു കുഞ്ഞിനെ നൽകിയല്ലോ. അൽഹംദുലില്ലാഹ്. കുഞ്ഞ് പിറന്നാൽ ആചാരങ്ങൾ പലതുണ്ട് അവയുടെ നാളുകൾ വരവായി...
കുഞ്ഞിനെ കാണാൻ കുലീന വനിതകൾ വരുന്നു. കുഞ്ഞിനെയും തള്ളയെയും ആശംസിക്കുന്നു. പാരിതോഷികങ്ങൾ കൈമാറുന്നു. വിരുന്നുകാരെ സൽകരിക്കണം. അങ്ങനെയൊരു ചടങ്ങ് തുടങ്ങിവെച്ചത് ഇബ്രാഹിം (അ) ആകുന്നു. ഇളം പ്രായത്തിലുള്ള മൂരിക്കുട്ടന്റെ ഇറച്ചി രുചികരമായ രീതിയിൽ പാകം ചെയ്തെടുക്കും. അതാണ് മികച്ച വിഭവം. കൂടെയുള്ളവർ കഴിക്കാൻ ധാന്യം പൊടിച്ചുണ്ടാക്കിയ വിഭവങ്ങൾ...
കുഞ്ഞിനെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. വനിതകൾ കുഞ്ഞിനെ കൈമാറുന്നു. ഓരോരുത്തരായി എടുക്കുന്നു. ഓമനിക്കുന്നു ലാളനയുടെ നിമിഷങ്ങൾ. കുഞ്ഞിനെ വർണിക്കാൻ പെണ്ണുങ്ങൾക്ക് എന്തൊരാവേശം. ഗ്രാമത്തിലാകെ കുഞ്ഞിനെക്കുറിച്ചുള്ള വാർത്ത തന്നെ...
ആളൊഴിഞ്ഞു കിട്ടുന്ന അപൂർവ്വ നിമിഷിങ്ങൾ. അപ്പോൾ ഹാജർ(റ) കുഞ്ഞിനെ വാരിയെടുക്കും. ഇളം കവിളിൽ മുത്തം നൽകും. എന്നിട്ട് മുലപ്പാൽ നൽകും. തന്റെ ജന്മം സഫലമായെന്ന് ഹാജർ (റ)ക്ക് തോന്നിപ്പോയി. വാത്സല്യം കവിഞ്ഞൊഴുകിപ്പോയി. മനസ്സിൽ കൊള്ളാത്ത സന്തോഷം. ചിലപ്പോൾ അത് കണ്ണീരായി ഒഴുകുന്നു. തന്റെ പൊന്നുമോൻ. ഒരു സമൂഹത്തിന്റെ പ്രവാചകനാണിത്...
എന്റെ റബ്ബേ...! മനുഷ്യവർഗത്തിന്റെ വിമോചകൻ. കുഞ്ഞിന് പേരിട്ടു. വേണ്ടപ്പെട്ടവരുടെ മഹനീയ സാന്നിധ്യത്തിൽ പേര് വിളിച്ചു. ഇസ്മാഈൽ മാതാപിതാക്കളുടെ മനസ്സ് കുളിരണിഞ്ഞു. ഇസ്മാഈൽ ഈ പേര് ഇന്ന് മുതൽ വ്യാപിച്ചു തുടങ്ങും. മനുഷ്യർക്കിടയിൽ തലമുറകളിലൂടെ അതങ്ങനെ വ്യാപിച്ചു കൊണ്ടിരിക്കും. മലക്കുകൾ അറിഞ്ഞുകഴിഞ്ഞ നാമം ജിന്നുകളും അറിഞ്ഞു കൊണ്ടിരിക്കുന്നു. വാഴ്ത്തപ്പെട്ട നാമം...
ഏറെ ആദരവോടെ എക്കാലവും പറയപ്പെടുന്ന പേര്. ഇസ്മാഈൽ.
നബിയുല്ലാഹി ഇസ്മാഈൽ (അ)...