സ്ത്രീ ജന്മം സഫലമാവുകയാണ്. മനസ്സിൽ പ്രതീക്ഷയുടെ തിളക്കം. യുവതിയുടെ പ്രസരിപ്പ്. കുഞ്ഞിനെ താലോലിക്കാൻ മോഹം. സന്തോഷ നിർഭരമായ നിമിഷങ്ങൾ. വിശുദ്ധ ഖുർആൻ ഈ രംഗം അവതരിപ്പിക്കുന്നത് കാണുക: സൂറത്തു ദ്ദാരിയാത്തിലെ ചില വചനങ്ങളുടെ ആശയം താഴെ കൊടുക്കുന്നു...
"ഇബ്റാഹീമിന്റെ മന്യാതിഥികളുടെ വാർത്ത താങ്കൾക്ക് കിട്ടിയിട്ടുണ്ടോ?" (51:24)
അതായത് അദ്ദേഹത്തിന്റെ അടുത്ത് അവർ കടന്നുചെന്ന അവസരം. എന്നിട്ട് അവർ സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: സലാം അപരിചിതരായ ആളുകൾ (51:25)
" ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ വേവിച്ചുക്കെണ്ടുവന്നു." (51:26)
അങ്ങനെ അത് അവരുടെ അടുക്കൽ അടുപ്പിച്ചുവെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഭക്ഷിക്കുകയല്ലേ?" (51:27)
"അവർ ഭക്ഷിച്ചില്ല. അപ്പോൾ അദ്ദേഹത്തിന് അവരെക്കുറിച്ച് പേടി തോന്നി. അവർ പറഞ്ഞു: ഭയപ്പെടേണ്ട. ജ്ഞാനിയായ പുത്രനെക്കുറിച്ച് അവർ അദ്ദേഹത്തിന് സന്തോഷ വാർത്ത അറിയിക്കുകയും ചെയ്തു." (51:28)
"അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു ശബ്ദം മുഴക്കി. മുന്നോട്ടുവരികയും മുഖത്തടിക്കുകയും ചെയ്തു. അവർ പറഞ്ഞു: ഞാൻ വന്ധ്യയാണ്. കിഴവിയാണ്." (51:29)
"മലക്കുകൾ പറഞ്ഞു: അപ്രകാരമാണ് നിങ്ങളുടെ റബ്ബ് തീരുമാനിച്ചിട്ടുള്ളത്. അവൻ യുക്തിമാനും സർവ്വജ്ഞനുമാകുന്നു." (51:30)
ചരിത്രത്തിന്റെ മറ്റൊരു കൈവഴി ഇവിടെ തുറക്കപ്പെടുകയാണ്. ഇസ്ഹാഖ്(അ) ലൂടെയുള്ള കൈവഴി. ഇസ്മാഈൽ(അ) മക്കയിലാണ് താമസം. അറബി ഭാഷയാണ് സംസാരിക്കുന്നത്. അറബ് സമൂഹം ആ പ്രവാചകനിലൂടെ രൂപപ്പെട്ടുവരുന്നു...
ഇത് മറ്റൊരു സമൂഹമാണ്. ഇസ്ഹാഖ് നബി (അ)ൽ നിന്നാണ് വമ്പിച്ച പ്രവാചക സമൂഹം രൂപം കൊള്ളുന്നത്. പതിനായിരക്കണക്കിലാണവർ...
ഇസ്ഹാഖ്(അ)ന്റെ പുത്രൻ യഅഖൂബ്(അ). യഅഖൂബ്(അ)ന്റെ മറ്റൊരു പേരാണ് ഇസ്രാഈൽ. ആ പ്രവാചകന്റെ സന്താന പരമ്പരയാണ് ഇസ്രാഈലികൾ. ആ സമൂഹത്തിൽ നിരവധി നബിമാരും രാജാക്കന്മാരും വന്നിട്ടുണ്ട്...
ഇസ്മാഈലി പരമ്പരയിൽ ഒരാെറ്റ നബിയെ വന്നിട്ടുള്ളൂ. അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫﷺ ...
ചരിത്രത്തിന്റെ രണ്ട് കൈവഴികൾ...