ഇബ്റാഹീം(അ) വിശാലമായ ഭൂപ്രദേശത്ത് തൗഹീദ് പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ്. ആദ്യഘട്ടം വളരെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. ആരും ആ വാക്കുകൾ വിശ്വസിക്കാത്ത കാലം. സർവ്വത്ര എതിർപ്പുകൾ..! പരിഹാസം, പീഡനം. അക്കാലത്ത് രണ്ടു പേര് ത്യാഗബോധത്തോടെ കടന്നുവന്നു...
അല്ലാഹുﷻ ഏകനാണെന്നും ഇബ്റാഹീം അല്ലാഹുﷻന്റെ പ്രവാചകനാണെന്നും പ്രഖ്യപിച്ചു. എതിർപ്പുകൾ ഭയന്നില്ല. തൗഹീദിനു വേണ്ടി ജീവൻ നൽകാൻ തയ്യാറായി വന്ന ആ രണ്ടു പേർ ആരായിരുന്നു..?
1. സാറാ (റ)
2. ലൂത്വ് (അ)
ഇബ്റാഹീം (അ)ന്റെ സഹോദരൻ ഹാറാൻ. ഹാറാനിന്റെ പുത്രനാണ് ലൂത്വ് (അ). ഇരുവരും ഇബ്റാഹീം(അ)നോടൊപ്പം ഹിജ്റ പോയി. ഒട്ടേറെ പരീക്ഷണങ്ങൾ നേരിട്ടു. ലൂത്വിനെ പിന്നീട് അല്ലാഹുﷻ നബിയായി നിയോഗിച്ചു...
ചെങ്കടൽ തീരത്തുകൂടി ഖാഫിലക്കാർ പോകുന്ന ഒരു പാത അക്കാലത്തുണ്ടായിരുന്നു. അഖബ ഉൾക്കടൽ വരെ അത് നീണ്ടു കിടന്നു. ഈ പാത കടന്നു പോവുന്ന ഒരു വഴിയിൽ ഒരു പൗരാണിക പട്ടണമുണ്ടായിരുന്നു. ആ പട്ടണമാണ് സദൂം പട്ടണം...
സദൂമിലെ ജനത വഴിപിഴച്ചു. അല്ലാഹുﷻ അവർക്ക് ഐശ്വര്യം നൽകിയിരുന്നു. എമ്പാടും ജീവിത വിഭവങ്ങൾ. പഴവർഗ്ഗങ്ങൾ നിറഞ്ഞ തോട്ടങ്ങൾ, കൃഷിയിടങ്ങൾ, കന്നുകാലികൾ, ജലസമ്പത്ത്. ഐശ്വര്യം കാരണം ജനങ്ങൾ അഹങ്കാരികളായി. മനുഷ്യരും ചെയ്യാത്ത നീചകൃത്യം അവർ ചെയ്യാൻ തുടങ്ങി. സ്വവർഗഭോഗം...
പുരുഷന്മാർ പുരുഷന്മാരോടൊപ്പം രചിക്കുന്ന അതിനീചകൃത്യം. ഇതിനെതിരെ ലുത്വ്(അ) ശക്തമായി സംസാരിച്ചു. സ്ത്രീകളെ വിവാഹം ചെയ്യുക. സ്വവർഗഭോഗം അവസാനിപ്പിക്കുക. നബി താക്കീത് നൽകി. അപ്പോൾ അവർ ധിക്കാരത്തോടെ ചോദിച്ചു...
"സ്വവർഗഭോഗം അവസാനിപ്പിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും..?"
"വമ്പിച്ച ശിക്ഷ നിങ്ങളെ ബാധിക്കും."
" അങ്ങനെയാണോ? എങ്കിൽ ആ ശിക്ഷ വരട്ടെ."
നബിയുടെ വാക്കുകൾക്ക് അവർ ഒരു വിലയും കൽപ്പിച്ചില്ല. സദൂമിന് പുറമെ ചില പ്രദേശങ്ങൾ കൂടി ലൂത്വ്(അ)ന്റെ ദൗത്യമേഖലയായിരുന്നു. ആ പ്രദേശങ്ങൾ ഇവയായിരുന്നു. ജറാഇമ, ആമുദ, ദാമാസ്, അറായ...