ഇബ്റാഹീം (അ) ജീവിതത്തിൽ ഒരു നൂറ്റാണ്ട് പിന്നിട്ടു. നൂറ് വയസ്സായി... അവിസ്മരണീയമായൊരു സംഭവം നടക്കാൻ പോവുന്ന വർഷമാണിത്. പതിനാല് വർഷങ്ങൾക്കു മുമ്പ് ഇത് പോലൊരു സംഭവം നടന്നിട്ടുണ്ട്...
പതിനാല് വർഷം മുമ്പ്. അന്ന് തനിക്കു വയസ്സ് എൺപത്താറ്. അന്ന് ഹാജറ ഗർഭിണിയായി. മാസം തികഞ്ഞ് പുത്രനെ പ്രസവിച്ചു. ഇസ്മാഈൽ(അ). ആ കുട്ടിക്ക് ഇപ്പോൾ വയസ്സ് പതിനാല്. നൂറാം പിറന്നാളിന്റെ സന്തോഷം. സാറ (റ)ക്ക് വയസ്സ് തൊണ്ണൂറ്...
യോഗ്യരായ ഏതാനും അതിഥികൾ. അവരതാ വീട്ടിലേക്കു കയറി വരുന്നു. ആരാണാവോ വരുന്നത്. പരിചയമില്ല. ഏതായാലും നന്നായി വൽക്കരിക്കണം. അവർ കയറിവന്നു. സലാം ചൊല്ലി.ഇബ്റാഹീം(അ) ഉപചാരപൂർവ്വം സലാം മടക്കി. ഇബ്റാഹീം(അ) വിനയത്തോടെ പിൻമാറി. അടുക്കളയിലേക്ക് ചെന്നു. സൽക്കാരമൊരുക്കാൻ പറഞ്ഞു. സാറ (റ) ഭക്ഷണമൊരുക്കാൻ തുടങ്ങി...
ഇളം പ്രയത്തിലുള്ള മൂരിക്കുട്ടന്റെ ഇറച്ചി ചുട്ടെടുക്കുക. രുചികരമായ ആഹാരമാണത്. ആ ആഹാരമാണ് സാറ (റ) തയ്യാറാക്കിയത്. അതിഥികളോട് സംഭാഷണം നടത്തുകയാണ് ഇബ്റാഹീം(അ). വാതിന്നപ്പുറത്ത് സാറയുടെ രൂപം. ഇബ്റാഹീം(അ) ധൃതിയിൽ ചെന്ന് ഭക്ഷണതളിക വാങ്ങി. അതിഥികളുടെ മുമ്പിൽ വെച്ചു...
"ഭക്ഷണം കഴിക്കുകയല്ലേ?" വിനയത്തോടെ ചോദിച്ചു. അവർ ഭക്ഷണം ശ്രദ്ധിക്കുന്നില്ല. ഇതെന്താ ഇങ്ങനെ? വിരുന്നു വന്നവർ ആഹാരം കഴിക്കാത്തതെന്ത്? പേടി തോന്നി...
അപ്പോൾ അതിഥികൾ പറഞ്ഞതിങ്ങനെ: ഞങ്ങൾ അല്ലാഹുﷻവിന്റെ ദൂതന്മാരാണ്. മലക്കുകൾ!"
സാറ (റ) വാതിൽക്കൽ തന്നെയുണ്ട്. താൻ തയ്യാറാക്കിയ ആഹാരം അതിഥികൾ രുചിയോടെ ഭക്ഷിക്കുന്നത് കാണാൻ വന്നതാണ്. അവർ മലക്കുകളാണെന്നറിഞ്ഞ് ആശ്ചര്യപ്പെട്ടു. അവർ സന്തോഷവാർത്ത അറിയിക്കാൻ തുടങ്ങുകയാണ്. കോരിത്തരിപ്പിക്കുന്ന വാർത്ത. സാറ (റ)ക്ക് പെട്ടെന്ന് വിശ്വസിക്കാൻ പ്രയാസമാകുന്ന വാർത്ത...
"നിങ്ങൾക്കൊരു പുത്രൻ ജനിക്കും ജ്ഞാനിയായ പുത്രൻ." മലക്കുകൾ സന്തോഷ വാർത്ത പുറത്തുവിട്ടു...
സാറ (റ) ഞെട്ടിപ്പോയി..!!
വിസ്മയഭരിതമായി. അവരുടെ വായിൽ നിന്ന് വല്ലാത്തൊരു ശബ്ദം പുറത്ത് വന്നു. കൈകൊണ്ട് മുഖത്തടിച്ചു. സാറ (റ) പറഞ്ഞതിങ്ങനെ: ഞാൻ വന്ധ്യയാണ്. പ്രസവിക്കാത്ത സ്ത്രീ. ഞാൻ വൃദ്ധയാണ്. ഗർഭധാരണത്തിന് പറ്റാത്ത പ്രായക്കാരി. എന്റെ ഭർത്താവ് വൃദ്ധനുമാണ്. "
മലക്കുകൾ ഇങ്ങനെ മറുപടി പറഞ്ഞു: "അങ്ങനെയാണ് അല്ലാഹുﷻ വിധിച്ചിരിക്കുന്നത്. "
വിധി അല്ലാഹുﷻന്റെ വിധി. അതിന് മാറ്റമില്ല. സാറ (റ) യുടെ മനസ്സ് നേരെയായി. ശരിയായ ദിശയിലായി ചിന്തകൾ. താൻ ഗർഭിണിയാകും. പുത്രനെ പ്രസവിക്കും. ജ്ഞാനിയായ പുത്രൻ...