Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒഴുകിപ്പോയ സഹസ്രാബ്ദങ്ങൾ (1)

   സാറ (റ) കുലീന വനിതയാണ്. കുടുംബത്തിൽ ഉന്നത സ്ഥാനമുള്ളവരാണ്. അവരെ കാണാൻ കുടുംബത്തിലെ വനിതകൾ വന്നുകൊണ്ടിരുന്നു. അല്ലാഹുﷻന്റെ മഹത്തായ അനുഗ്രഹത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്...


 ഈ പ്രായത്തിൽ ഗർഭിണിയായല്ലോ. ശുശ്രൂഷകൾ വേണ്ടതു പോലെ ലഭിക്കുന്നുണ്ട്. മകനെക്കുറിച്ച് സന്തോഷ വാർത്ത അറിയിക്കപ്പെട്ടു. മകന്റെ മകനെക്കുറിച്ചും സന്തോഷ വാർത്ത കാട്ടി. അതും മഹത്തായ സൗഭാഗ്യം തന്നെ...


 മകൻ ഇസ്ഹാഖ്. ഇസ്ഹാഖിന്റെ മകൻ യഅഖൂബ്. പിന്നെ സമൃദ്ധമായ പരമ്പര തന്നെ. സമയമെത്തി. കുഞ്ഞ് പിറന്നു. അഴകുള്ള കുഞ്ഞ്. കുടുംബത്തിലാകെ ആഹ്ലാദം പരന്നു. ഇസ്ഹാഖ്. ചിരിക്കുന്നവൻ എന്നാണ് ആ വാക്കിന്റെ അർത്ഥമെന്ന് പറയപ്പെട്ടിരിക്കുന്നു...


 ഏറെ പരീക്ഷണങ്ങൾ നേരിട്ട ഇബ്റാഹിം (അ)ന് സന്തോഷത്തിന്റെ നാളുകൾ വന്നു. സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം. "സദ് വൃത്തരിൽ പെട്ട ഒരു പ്രവാചകനായിക്കൊണ്ട് ഇസ്ഹാഖിനെക്കുറിച്ച് അദ്ദേഹത്തിന് നാം സന്തോഷ വാർത്ത അറിയിച്ചു." (37: 112)


"അദ്ദേഹത്തിന്റെ മേലും ഇസ്ഹാഖിന്റെ മേലും നാം ബർക്കത്ത് നൽകുകയും ചെയ്തു. ആ രണ്ടു പേരുടെ സന്താനങ്ങളിൽ സദ് വൃത്തരും തന്നോട് തന്നെ സ്പഷ്ടമായി അക്രമം ചെയ്യുന്നവരുമുണ്ട്." (37:113) 


 ഇസ്മാഈൽ(അ) ബലിയർപ്പിക്കപ്പെട്ട സംഭവം വിവരിച്ച ശേഷമാണ് ഇസ്ഹാഖ്(അ) ന്റെ ചരിത്രം പറയുന്നത്. ഇസ്ഹാഖിനെക്കുറിച്ച് സന്തോഷ വാർത്ത അറിയിച്ചു. അവരുടെ സന്താനപരമ്പര എണ്ണത്തിൽ വർദ്ധിക്കും. അവരിൽ സന്മാർഗം പ്രാപിച്ചവർ നിരവധിയുണ്ടാവും. വഴിപിഴച്ചവരും ഉണ്ടാവും. വഴിപിഴച്ചവർ തങ്ങളോടുതന്നെയാണ് അക്രമം കാണിക്കുന്നത്... 


 ഇസ്ഹാഖ് എന്ന കുട്ടിയെ ലാളിച്ചു വളർത്തി. ആരോഗ്യവും, ബുദ്ധിയും ചിന്താശീലമുമുള്ള കുട്ടി. പിതാവിനെ പിന്തുടർന്നു ജീവിച്ചു. ദൗത്യ നിർവ്വഹണത്തിൽ സഹായിച്ചു...


 ലൂത്വ് നബി (അ) പുത്രിമാരോടൊപ്പം സമൂദിൽ നിന്ന് മടങ്ങിയ ശേഷം ഇബ്റാഹീം (അ) ന്റെ കൂടെയാണ് താമസിച്ചിരുന്നത്. പുത്രിമാരെല്ലാം സൽസ്വഭാവികളായിരുന്നു. സദാനേരവും അല്ലാഹുﷻന്റെ ഓർമയിൽ കഴിയുന്ന ഒരു മകൾ. ബുദ്ധിമതിയും സുന്ദരിയുമാണ്...


 വീട്ടുജോലികൾ ഭംഗിയായി നിർവഹിക്കും. ആ മകളെ ഇസ്ഹാഖിനെ കൊണ്ട് വിവാഹം ചെയ്യിക്കാൻ തിരുമാനമായി. ആചാരപ്രകാരം വിവാഹം നടന്നു. സന്താന സൗഭാഗ്യമുണ്ടായി. ഇരട്ട പ്രസവിച്ച പുത്രന്മാരെക്കുറിച്ച് വിവരിച്ചു കാണുന്നു. യോഗ്യരായ രണ്ട് പുത്രന്മാർ ഇരട്ടകൾ. ഒരാൾ ഐസു. മറ്റെയാൾ യഅ്ഖൂബ്...