Wednesday - 22 April, 2026 4-Dhu al-Qadah-1447

സദൂം പട്ടണം (2)

   ലൂത്വ് നബി(അ)ന്റെ ജനത ആരോഗ്യമുള്ള പുരുഷന്മാരായിരുന്നു. അവർ നഗ്നത പ്രദർശിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തി. യാത്രക്കാരെ ഉപദ്രവിച്ചു. നബിയുടെ വാക്കുകൾ പരിഹസിച്ചു തള്ളി. നബിയുടെ ഭാര്യ ശത്രുക്കളുടെ കൂടെയായിരുന്നു...


 ലൂത്വ് നബിയും പുത്രിമാരും. അവരാണ് മുസ്ലിംകൾ. ഒരൊറ്റ മുസ്ലിം കുടുംബം. ആ കുടുംബത്തെ രക്ഷപ്പെടുത്തുക. മറ്റുള്ളവരെ നശിപ്പിക്കുക. ഭൂമി കീഴ്മേൽ മറിച്ചു നശിപ്പിക്കുക. സ്വവർഗ്ഗഭോഗികൾ  ഉതാത്തമായ ശിക്ഷ അതാണ്. അല്ലാഹുﷻ ന്റെ തീരുമാനമാണത്. അത് നടപ്പാക്കാൻ മലക്കുകൾ പുറപ്പെട്ടുകഴിഞ്ഞു...


 സദൂമിലേക്കാണവർ വരുന്നത്. വരുന്ന വഴിക്ക് ഇബ്റാഹീം(അ)ന്റെ വീട്ടിൽ കയറി. ജ്ഞാനിയായ പുത്രൻ ജനിക്കുമെന്ന സന്തോഷ വാർത്ത നൽകി. മലക്കുകൾ ഇബ്റാഹീം നബി(അ)ന്റെ വീട്ടിൽ നിന്നിറങ്ങിക്കഴിഞ്ഞു. സദൂമിലേക്ക് നീങ്ങി. ഈ രാത്രി. അത് സംഭവിച്ചിരിക്കും...


 സദൂമിന്റെ പതനം. രാജ്യം കീഴ്മേൽ മറിക്കും. നാളെ രാവിലെ അവിടെ പോയി നോക്കിയാൽ? ഇവിടെ മനുഷ്യൻ താമസിച്ചിരുന്നില്ല എന്ന് തോന്നിപ്പോകും. അവർക്കു വേണ്ടി അനുശോചനം നടത്താൻ ഒരാളുമുണ്ടാവില്ല...


 മലക്കുകൾ അവിടെയെത്തി. ഒരൊറ്റ മുസ്ലിം വീട് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആ വീട്ടുകാരോട് ഉടൻ നാട് വിട്ട് പോവാൻ കൽപിച്ചു. ലൂത്വ്(അ) പുത്രിമാരോടൊപ്പം ധൃതിയിൽ നടന്നു. പിന്തിരിഞ്ഞു നോക്കാതെ നടന്നു...


 പുലരുംമുമ്പെ അവർ വളരെ ദൂരെയെത്തി. നാട് തകിടം മറിഞ്ഞു. ചാവുകടൽ രൂപം കൊണ്ടു. എക്കാലത്തെയും സ്വവർഗ്ഗഭോഗികൾക്കുള്ള മുന്നറിയിപ്പാണത്...


 സാറ (റ) ഗർഭിണിയായി. തെണ്ണൂറുകാരിയുടെ ഗർഭധാരണം നാട്ടിൽ അതിശയ വാർത്തയായി. അല്ലാഹുﷻ എല്ലാറ്റിനും കഴിവുള്ളവനാണ്. അവൻ എന്ത് ഉദ്ദേശിക്കുന്നുവോ അത് നടക്കുന്നു. യൗവ്വനത്തിന്റെ പ്രസരിപ്പുകാലത്താണ് വിവാഹിതരായത്. അതിനു ശേഷം പതിറ്റാണ്ടുകൾ എത്ര കടന്നു പോയിരിക്കുന്നു... 


 പ്രാർത്ഥനാനിർഭരമായ പതിറ്റാണ്ടുകൾ. ഒടുവിൽ സൗഭാഗ്യം വന്നണഞ്ഞു.  ഒരു നബിയെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. ഇതിൽ പരം ഒരു സൗഭാഗ്യമുണ്ടോ? നബിയുടെ മാതാവ്. ആ പദവിയാണ് അല്ലാഹുﷻ തനിക്ക് നൽകിയത്. അൽഹംദുലില്ലാഹ്...☝????


 എല്ലാ സ്തുതിയും അല്ലാഹുﷻവിന്നാകുന്നു. സാറ (റ) നിർവൃതിയിൽ ലയിച്ചു. ആരാധനകൾ വർദ്ധിപ്പിച്ചു. എപ്പോഴും പ്രാർത്ഥനയാണ്...